2027 ആഗസ്റ്റ് 2ലെ സമ്പൂർണ്ണ സൂര്യഗ്രഹണം ഒരു വർഷം മാത്രം അകലെ; ബഹ്റൈനിൽ ഭാഗിക ഗ്രഹണം ദൃശ്യമാകും

മനാമ: വരാനിരിക്കുന്ന വർഷങ്ങളിലെ ഏറ്റവും പ്രധാനപ്പെട്ട ജ്യോതിശാസ്ത്ര വിസ്മയങ്ങളിലൊന്നിന് ലോകം സാക്ഷ്യം വഹിക്കാൻ ഇനി കൃത്യം ഒരു വർഷം കൂടി ബാക്കി. 2027 ആഗസ്റ്റ് 2-ന് നടക്കുന്ന സമ്പൂർണ സൂര്യഗ്രഹണം നിരവധി അറബ് രാജ്യങ്ങളിൽ വ്യക്തമായി ദൃശ്യമാകുമെന്ന് ബഹ്റൈനി ജ്യോതിശാസ്ത്രജ്ഞനും ഗവേഷകനുമായ മുഹമ്മദ് റെദ അൽ അസ്ഫൂർ വ്യക്തമാക്കി.

2027 ആഗസ്റ്റ് 2-ലെ ഗ്രഹണം ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ഏറ്റവും ശ്രദ്ധേയമായ ജ്യോതിശാസ്ത്ര സംഭവങ്ങളിലൊന്നായാണ് വിലയിരുത്തപ്പെടുന്നത്. സൂര്യന്റെ പൂർണ്ണമറവ് നീണ്ടുനിൽക്കുന്ന ഉയർന്ന ദൈർഘ്യം, വലുതും വ്യക്തവുമായ ദൃശ്യപാത എന്നിവ ഇതിന്റെ പ്രധാന പ്രത്യേകതകളാണ്. കൂടാതെ, പ്രധാന നഗരങ്ങളിലൂടെയും ജനസാന്ദ്രതയേറിയ പ്രദേശങ്ങളിലും ഇത് ദൃശ്യമാകും എന്നത് ലക്ഷക്കണക്കിന് ആളുകൾക്ക് ഈ പ്രതിഭാസം നേരിട്ട് കാണാൻ അവസരമൊരുക്കും.

അറ്റ്ലാൻറിക് സമുദ്രത്തിന് മുകളിൽ തുടങ്ങി സ്പെയിൻ, മൊറോക്കോ, അൾജീരിയ, തുനീഷ്യ, ലിബിയ, ഈജിപ്ത്, സൗദി അറേബ്യ, യെമൻ, സോമാലിയ എന്നീ രാജ്യങ്ങളുടെ ഭാഗങ്ങളിലൂടെ കടന്നുപോയി ഇന്ത്യൻ മഹാസമുദ്രത്തിലേക്ക് നീങ്ങുന്ന രീതിയിലാണ് ഈ സമ്പൂർണ്ണ ഗ്രഹണത്തിന്റെ പാത ക്രമീകരിച്ചിരിക്കുന്നത്.

ബഹ്‌റൈൻ സമ്പൂർണ്ണ ഗ്രഹണ പാതയ്ക്ക് പുറത്താണെങ്കിലും രാജ്യത്ത് ഭാഗിക സൂര്യഗ്രഹണം വളരെ വ്യക്തമായി അനുഭവപ്പെടും. ഗ്രഹണത്തിന്റെ ഉച്ചസ്ഥായിയിൽ ബഹ്‌റൈനിൽ നിന്നുള്ള കാഴ്ചയിൽ ചന്ദ്രൻ സൂര്യന്റെ ഏകദേശം 61.7 ശതമാനവും മറയ്ക്കും. ജ്യോതിശാസ്ത്ര പ്രേമികൾ 2027 ആഗസ്റ്റ് 2 തീയതി കലണ്ടറിൽ കുറിച്ച് വെക്കാനും മുൻകൂട്ടി യാത്രാ പ്ലാനുകൾ തയ്യാറാക്കാനും അദ്ദേഹം ആഹ്വാനം ചെയ്തു.

Tags:    
News Summary - Total solar eclipse. Partial eclipse will be visible in Bahrain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.