മാനദണ്ഡങ്ങൾ പാലിക്കാത്ത ഷെയറിങ് റൂമുകൾ; മുഹറഖിൽ എഴുപതിലേറെ കെട്ടിടങ്ങൾക്ക് നോട്ടീസ്

മനാമ: ആവശ്യമായ മാനദണ്ഡങ്ങളും സുരക്ഷാ നിബന്ധനകളും പാലിക്കാതെ കൂട്ടായ താമസകേന്ദ്രങ്ങളായി പ്രവർത്തിച്ചുവന്ന എഴുപതിലേറെ കെട്ടിടങ്ങൾക്ക് മുഹറഖ് നഗരസഭ നോട്ടീസ് അയച്ചു. ഈ വർഷം നടത്തിയ പരിശോധനകളെ തുടർന്നാണ് ഈ നടപടി.

കെട്ടിടങ്ങൾ കൂട്ടായ താമസത്തിനായി ഉപയോഗിക്കുന്നതിന് മുൻപ് കെട്ടിട ഉടമകൾ ആരോഗ്യം, സുരക്ഷ, സാങ്കേതിക നിബന്ധനകൾ എന്നിവ പാലിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് മുഹറഖ് മുനിസിപ്പാലിറ്റി ഡയറക്ടർ ജനറൽ ഖാലിദ് അൽ ഖല്ലാഫ് വ്യക്തമാക്കി. ഇതിനായി പരിശോധനകൾ തുടർന്നു വരികയാണ്.

ഇത്തരം താമസകേന്ദ്രങ്ങൾ രജിസ്റ്റർ ചെയ്യുന്നതിന് കെട്ടിട ഉടമകളുടെയും വാടകക്കാരുടെയും രേഖകൾ സമർപ്പിക്കേണ്ടതുണ്ട്. കൂടാതെ ആരോഗ്യ മന്ത്രാലയം, സിവിൽ ഡിഫൻസ് ജനറൽ ഡയറക്ടറേറ്റ്, എലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി എന്നിവരുൾപ്പെടെയുള്ള ബന്ധപ്പെട്ട ഭരണകൂട സ്ഥാപനങ്ങളുടെ മുൻകൂട്ടിയുള്ള അനുമതിയും നഗരസഭയുമായുള്ള ഏകോപനവും നിർബന്ധമാണ്.

നിയമലംഘനം നടത്തുന്ന കെട്ടിടങ്ങൾക്കെതിരെ നിയമനടപടി സ്വീകരിക്കാൻ നഗരസഭയ്ക്ക് അധികാരമുണ്ട്. രജിസ്റ്റർ ചെയ്യാത്തതും മാനദണ്ഡങ്ങൾ പാലിക്കാത്തതുമായ കെട്ടിടങ്ങളിലേക്ക് നൽകിയിട്ടുള്ള വൈദ്യുതി, കുടിവെള്ള ബന്ധങ്ങൾ വിച്ഛേദിക്കാൻ ‘ഇവ’യോട് നഗരസഭയ്ക്ക് ആവശ്യപ്പെടാവുന്നതാണ്. റസിഡൻഷ്യൽ മേഖലകളിൽ മറ്റ് ഉദ്യോഗസ്ഥരുമായി ചേർന്ന് തങ്ങൾ നടത്തുന്ന പരിശോധനകൾ തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    
News Summary - Substandard sharing rooms: Notice issued to over 70 buildings in Muharraq

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.