ഐ.എൽ.എ സംഘടിപ്പിച്ച വാർത്താസമ്മേളനത്തിൽനിന്ന്
70ാം വാർഷിക നിറവിൽ ഇന്ത്യൻ ലേഡീസ് അസോസിയേഷൻ
മനാമ: ഏഴ് പതിറ്റാണ്ട് നീണ്ട സേവന പാരമ്പര്യത്തിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾ സംഘടിപ്പാക്കൊനൊരുങ്ങി ബഹ്‌റൈനിലെ പ്രമുഖ വനിതാ കൂട്ടായ്മയായ ഇന്ത്യൻ ലേഡീസ് അസോസിയേഷൻ (ഐ.എൽ.എ). വിപുലമായ ആഘോഷങ്ങളോടൊപ്പം സി.എസ്.ആർ എക്സലൻസ് അവാർഡുകളും വിതരണം ചെയ്യും. ഇൻജാസ് ബഹ്‌റൈൻ ചെയർപേഴ്സനും സുപ്രീം കൗൺസിൽ ഫോർ വുമൺ അംഗവുമായ ശൈഖ ഹെസ്സ ബിൻത് ഖലീഫ ആൽ ഖലീഫയുടെ രക്ഷാകർതൃത്ത്വത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.
2026 ഡിസംബർ 10 വ്യാഴാഴ്ച ഗൾഫ് ഹോട്ടലിലെ ഗൾഫ് കൺവെൻഷൻ സെന്ററിലാണ് പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾ നടക്കുന്നത്. ഐ.എൽ.എയുടെ 70 വർഷങ്ങൾ ബഹ്‌റൈനിലെ സൗഹൃദത്തിന്റെയും സേവനത്തിന്റെയും സാംസ്‌കാരിക കൂട്ടായ്മയുടെയും പാരമ്പര്യത്തെയാണ് പ്രതിനിധീകരിക്കുന്നതെന്ന് വാർത്താ സമ്മേളനത്തിൽ പ്രസിഡന്റ് സ്മിത ജെൻസൺ പറഞ്ഞു. പ്ലാറ്റിനം ജൂബിലി കോ-ചെയർമാരായ ശാരദ അജിത്, മീര രവി, സി.എസ്.ആർ അവാർഡ് കമ്മിറ്റി ലീഡ് രേഖ ഉത്തം, കമ്മിറ്റി അംഗം കവിതശ്രീ, നോളജ് പാർട്ണറായ കെ.പി.എം.ജി-ഫക്രോ പ്രതിനിധികൾ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
സംഗീത കലാപരിപാടികളോടെയുള്ള പ്ലാറ്റിനം ജൂബിലി ഗാല ആഘോഷം, മികച്ച കോർപ്പറേറ്റ് സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും സാമൂഹിക പ്രതിബദ്ധത മുൻനിർത്തി നൽകുന്ന സി.എസ്.ആർ എക്സലൻസ് അവാർഡ് വിതരണം, ചരിത്ര സ്മരണികയുടെ പ്രകാശനം എന്നിവയാണ് ചടങ്ങിലെ പ്രധാന ആകർഷണങ്ങൾ. വനിതാ ശാക്തീകരണം, സുസ്ഥിര പരിസ്ഥിതി പ്രവർത്തനം, മികച്ച സി.എസ്.ആർ കമ്പനി, ലൈഫ് ടൈം അച്ചീവ്‌മെന്റ് എന്നീ വിഭാഗങ്ങളിലാണ് അവാർഡുകൾ നൽകുന്നത്. ബുക്കിംഗ് നിരക്കുകൾ വൈകാതെ പ്രഖ്യാപിക്കുമെന്നും കോർപ്പറേറ്റ് പാക്കേജുകളും ടിക്കറ്റുകളും ഉടൻ വിൽപ്പനയ്ക്കെത്തുമെന്നും ഐ.എൽ.എ ഭാരവാഹികൾ പറഞ്ഞു.
ബഹ്‌റൈനിൽ സി.ആർ ഉള്ള കമ്പനികൾക്കും താമസക്കാരായ വ്യക്തികൾക്കും സി.എസ്.ആർ അവാർഡുകൾക്കായി അപേക്ഷിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.