മനാമ: രാജ്യത്തെ ജലസംരക്ഷണത്തിനായി യു.എൻ ഹാബിറ്റാറ്റ് ഓഫീസും പ്രാദേശിക സ്ഥാപനങ്ങളും ചേർന്ന് മൂന്ന് പുതിയ പദ്ധതികൾക്ക് തുടക്കമിട്ടു. 2,50,000 ഘനമീറ്ററിലധികം വെള്ളം ലാഭിക്കുകയാണ് ഇതിന്റെ ലക്ഷ്യം. 250 വീടുകളിലെ ചോർച്ചകൾ പരിഹരിക്കുക, ജീവകാരുണ്യ സംഘടനകൾ വഴി കാര്യക്ഷമമായ ജല ഉത്പന്നങ്ങൾ വിതരണം ചെയ്യുക, 50 പള്ളികളിൽ ഗ്രേവാട്ടർ റീസൈക്ലിങ് സംവിധാനം സ്ഥാപിക്കുക എന്നിവയാണ് പ്രധാന പദ്ധതികൾ.
ഈ പദ്ധതി ബഹ്‌റൈനിലെ ജലസംരക്ഷണത്തിനായുള്ള വലിയൊരു സംരംഭത്തിന്റെ ഭാഗമാണെന്ന് യു.എൻ-ഹാബിറ്റാറ്റ് ബഹ്‌റൈനിലെ അസോസിയേറ്റ് പ്രോഗ്രാം ഓഫീസർ മുഹമ്മദ് ദാദാഭായി പറഞ്ഞു. 2,50,000 ഘനമീറ്റർ വെള്ളം ലാഭിക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യമെന്നും മൂന്ന് വഴികളിലൂടെയാണ് ഇത് സാധ്യമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പദ്ധതിയുടെ പ്രാഥമിക ഘട്ടമെന്നോണം ബഹ്‌റൈനിലെ 250 വീടുകളിലെ ജല ചോർച്ചകൾ പരിഹരിക്കും. രണ്ടാമതായി, ഷവർ ഹെഡുകൾ പോലുള്ള 200 ജല ഉത്പന്നങ്ങൾ വാങ്ങി അത് വിവിധ വീടുകളിലേക്ക് വിതരണം ചെയ്യാൻ ജീവകാരുണ്യ സംഘടനകൾക്ക് കൈമാറും. ശേഷം 50 പള്ളികളിൽ ഗ്രേവാട്ടർ സംവിധാനങ്ങൾ സ്ഥാപിക്കും. ഈ സംവിധാനം വഴി അംഗശുദ്ധിവരുത്തുന്ന വെള്ളം പുനരുപയോഗിച്ച് പള്ളിയോട് ചേർന്നുള്ള ശ്മശാനങ്ങളിലും പുൽമേടുകളിലും ഉപയോഗിക്കും. ഈ ഗ്രേവാട്ടർ സംവിധാനത്തിന്റെ രൂപകല്പനയും നിർവഹണവും ഒരു പ്രാദേശിക കൺസൾട്ടന്റ് വഴി നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രാദേശിക ബിസിനസ്സുകളെ പദ്ധതിയിലേക്ക് കൊണ്ടുവരുന്നതിനായി ബഹ്‌റൈൻ ചേമ്പറിൽ നടത്തിയ ഇൻഫർമേഷൻ സെഷനിൽ സംസാരിക്കുകയായിരുന്നു മുഹമ്മദ് ദാദാഭായി. നെസ്‌ലെ, ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി (ഇവ) എന്നിവരുമായി സഹകരിച്ചാണ് പദ്ധതിയുടെ രൂപകൽപ്പനയും നടപ്പാക്കലും. ഇവക്ക് സ്വന്തമായി നിരീക്ഷണ സംവിധാനവും പരാതി പരിഹാര ഹോട്ട്‌ലൈനും ഉണ്ട്. ചോർച്ച ഉണ്ടാകാൻ സാധ്യതയുള്ള വീടുകളുടെ വിവരങ്ങൾ അവർ നൽകും. ഈ സംരംഭം ബഹ്‌റൈനിലെ എല്ലാ മുനിസിപ്പാലിറ്റികളിലുമുള്ള സ്വദേശികൾക്കും വിദേശികൾക്കും ഒരുപോലെ പ്രയോജനകരമാകും.
ലോകത്ത് ജല ദൗർലഭ്യം നേരിടുന്ന രാജ്യങ്ങളിൽ ഒന്നാണ് ബഹ്‌റൈൻ. ഹമദ് രാജാവിന്റെയും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെയും കാഴ്ചപ്പാടുകൾക്ക് അനുസൃതമായി നിരവധി ദേശീയ സംരംഭങ്ങൾ ഇതിനോടകം ഞങ്ങൾ ആരംഭിച്ചിട്ടുണ്ടെന്നും ദാദാഭായി പറഞ്ഞു.
വെള്ളം ആവശ്യമുള്ള വീടുകളിൽ ഷവർ ഹെഡുകൾ പോലുള്ള ഉത്പന്നങ്ങൾ എത്തിക്കാൻ യു.എൻ ഹാബിറ്റാറ്റ് ഓഫീസ് ഇസാ ടൗൺ ചാരിറ്റിയുമായി ഒരു പൈലറ്റ് പദ്ധതിക്ക് തുടക്കമിട്ടിട്ടുണ്ട്. അസാധാരണമായി ഉയർന്ന ഇവ ബില്ലുകൾ വരുന്ന വീടുകൾക്ക് ഇത് പ്രയോജനപ്പെടും. കൂടാതെ, രാജ്യത്തുടനീളമുള്ള 50 പള്ളികളിൽ ഗ്രേവാട്ടർ സംവിധാനം സ്ഥാപിക്കുന്നതിനായി സുപ്രധാന ഡയറക്ടറേറ്റുകളായ സുന്നി എൻഡോവ്മെന്റ്സ് ഡയറക്ടറേറ്റ്, ജാഫരി വഖഫ് ഡയറക്ടറേറ്റ് എന്നിവയുമായും യുഎൻ ഓഫീസ് സഹകരിക്കുന്നുണ്ട്.
ഷവറുകൾ, സിങ്കുകൾ, അഥവാ ബഹ്‌റൈന്റെ കാര്യത്തിൽ അംഗശുദ്ധി വരുത്തുന്ന സ്ഥലങ്ങൾ എന്നിവിടങ്ങളിൽ നിന്നുള്ള മലിനജലം ശേഖരിച്ച്, കുടിക്കാൻ ഉപയോഗിക്കാത്ത ആവശ്യങ്ങൾക്ക്, പ്രത്യേകിച്ച് ജലസേചനത്തിന്, വീണ്ടും ഉപയോഗിക്കുന്നതിനുള്ള ഓൺ-സൈറ്റ് മലിനജല ശുദ്ധീകരണ സംവിധാനമാണ് ഗ്രേവാട്ടർ സംവിധാനം. ഇത് ജല ഉപയോഗം കുറയ്ക്കാനും, ജല ബിൽ കുറയ്ക്കാനും, മലിനജല ശുദ്ധീകരണ പ്ലാന്റുകളിലെയും സെപ്റ്റിക് സംവിധാനങ്ങളിലെയും ഭാരം കുറയ്ക്കാനും സഹായിക്കുന്നു. പൊതുജനങ്ങളിൽ ജലസംരക്ഷണത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനുള്ള പ്രചാരണവും പദ്ധതിയുടെ മറ്റൊരു പ്രധാന ഭാഗമാണ്. ഇതിനായി സുപ്രീം കൗൺസിൽ ഫോർ എൻവയോൺമെന്റ്, സസ്റ്റൈനബിൾ ഡെവലപ്‌മെന്റ് മന്ത്രാലയം എന്നിവരെ ക്ഷണിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.