മനാമ: അറബ് യുവജന ദിനത്തിൽ രാജ്യത്തെ യുവസമൂഹത്തെ ശാക്തീകരിക്കുന്നതിനും ദേശീയ വികസനത്തിൽ അവരുടെ പങ്ക് വർധിപ്പിക്കുന്നതിനുമുള്ള ബഹ്റൈന്റെ പ്രതിബദ്ധത വ്യക്തമാക്കി ബഹ്റൈൻ ഒളിമ്പിക് കമ്മിറ്റി ചെയർമാനും യുവജന, കായിക സുപ്രീംകൗൺസിൽ ഒന്നാം വൈസ് ചെയർമാനുമായ ശൈഖ് ഖാലിദ് ബിൻ ഹമദ് ആൽ ഖലീഫ.
രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുടെ നേതൃത്വത്തിലും കിരീടാവകാശിയും പ്രധാനമന്ത്രിയുമായി പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ മേൽനോട്ടത്തിലും മാനുഷിക കാര്യങ്ങൾക്കും യുവജനകാര്യങ്ങൾക്കുമുള്ള ഹമദ് രാജാവിന്റെ പ്രതിനിധി ശൈഖ് നാസർ ബിൻ ഹമദ് ആൽ ഖലീഫയുടെ പിന്തുണയോടെയും അഭിവൃദ്ധിയോടെയുള്ള ഭാവി കെട്ടിപ്പടുക്കാൻ പാകത്തിലുള്ള ഒരു സമൂഹത്തെ വളർത്തിയെടുക്കാനുള്ള വിശാലമായ കാഴ്ചപ്പാടിന്റെ ഭാഗമായാണ് യുവജനങ്ങളിൽ ശ്രദ്ധകേന്ദ്രീകരിക്കുന്നതെന്ന് അറബ് യൂത്ത് ഡേയുമായി ബന്ധപ്പെട്ട് ശൈഖ് ഖാലിദ് ഇറക്കിയ പ്രസ്താവനയിൽ പറഞ്ഞു.
അറബ് യുവജന ദിനം മേഖലയിലുടനീളമുള്ള യുവജനങ്ങളുടെ ഊർജത്തെയും വാഗ്ദാനങ്ങളെയും അംഗീകരിക്കാനുള്ള അവസരമാണെന്ന് ശൈഖ് ഖാലിദ് പറഞ്ഞു. വികസനം മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള ഏറ്റവും വലിയ മുതൽക്കൂട്ട് അവരാണെന്നും അവരുടെ താൽപര്യങ്ങൾ, സർഗാത്മകത, പ്രതിരോധശേഷി എന്നിവ പ്രതീക്ഷ നൽകുക മാത്രമല്ല, തങ്ങളുടെ രാജ്യങ്ങൾക്ക് കൂടുതൽ സമൃദ്ധമായ ഭാവിക്ക് വഴിയൊരുക്കുകയും ചെയ്യുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ലക്ഷ്യമിട്ട നയങ്ങൾ, നവീകരണ സൗഹൃദ അന്തരീക്ഷം, ദേശീയവും പ്രാദേശികവുമായ വികസനത്തിൽ സജീവമായ പങ്ക് വഹിക്കാൻ അവരെ അനുവദിക്കുന്ന പരിപാടികൾ എന്നിവയിലൂടെ യുവജനങ്ങൾക്ക് വളരാനുള്ള അവസരങ്ങൾ സൃഷ്ടിക്കേണ്ടതിന്റെ പ്രാധാന്യവും ശൈഖ് ഖാലിദ് ഊന്നിപ്പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.