നസീറ ഉബൈദ്
നസീറ ഉബൈദ്, മനാമ
പഹൽഗാം, അതെ... പ്രപഞ്ചസൗന്ദര്യത്തിന്റെ എല്ലാ മനോഹാരിതയും ഒത്തിണങ്ങിയ ഒരു സ്വപ്ന സുന്ദരഭൂമി. രാജ്യത്തിന്റെ അഭിമാനമായ നമ്മുടെ കശ്മീരിന്റെ സുന്ദര തീരം. ഇന്നിതാ ഒരു നൂറു സ്വപ്നങ്ങളുമായി മധുവിധു ആഘോഷിക്കാൻ എത്തിയ ഹിമാൻഷിയുടെ ചിറകൊടിഞ്ഞു വീണിടം. തന്റെ പ്രാണനോട് പറഞ്ഞതും പറയാൻ ബാക്കിവെച്ചതും ഒരുമിച്ച് കണ്ട സ്വപ്നങ്ങളൊക്കെയും മൈലാഞ്ചി ചുവപ്പ് മായും മുമ്പ് തീവ്രവാദത്തിന്റെ ലഹരി നിറഞ്ഞ രാക്ഷസന്മാർ ഒരു നിമിഷംകൊണ്ട് തന്റെ പ്രാണന്റെ ജീവനെടുത്തിടം കണ്ടിട്ടുണ്ടാവില്ലേ.
ഹിമകണം പെയ്തിറങ്ങിയ ആ ഹരിതമയമാര്ന്ന ഭൂമിയിൽ പൈൻ മരങ്ങൾ സാക്ഷിയാക്കി ഒരു നൂറു സ്വപ്നങ്ങൾ നെയ്തവരായിരുന്നവർ. പ്രാണന്റെ ഉയിരെടുത്ത മണ്ണിൽനിന്ന് തനിയെ തിരികെ പോരുമ്പോൾ ഒരുമിച്ചിരുന്ന ആ സ്വപ്നഭൂമി ഒരു രക്തപ്പുഴയായി മാറിയിരുന്നു.
കൊടും ഭീകരവാദികൾ ആതിരയുടെ അച്ഛന്റെ ജീവനെടുത്തപ്പോഴും രക്തം ധാരധാരയായി ഒഴുകിയ നിമിഷത്തിലും അവൾ കണ്ടത് ധീരയായി വളർത്തിയ അച്ഛന്റെ മുഖമായിരുന്നു. പ്രാണൻ ദേഹം വിടുന്ന സമയം വേദനകൊണ്ട് പുളഞ്ഞപ്പോഴും അച്ഛന്റെ ആത്മാവ് അഭിമാനംകൊണ്ടത് തന്റെ ഭാരതത്തിന് ഒരു വീരപുത്രിയെ സമ്മാനിച്ച തിലായിരുന്നു. ഹേ! കൊടും ഭീകരവാദമേ തളർത്താനാവില്ല നിങ്ങൾക്ക് ഹിമാൻഷിയെ പോലെ, ആതിരയെ പോലെ പിറവിയെടുത്ത ഈ ഭാരതമണ്ണിനെ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.