കെ.പി.എ പ്രവാസി ശ്രീ സംഘടിപ്പിച്ച യാത്രയിലെ അംഗങ്ങൾ
ബഹ്റൈൻ: ദേശീയ ദിനത്തോട് അനുബന്ധിച്ച് കൊല്ലം പ്രവാസി അസോസിയേഷന്റെ വനിതാ വിഭാഗമായ പ്രവാസി ശ്രീ സ്ത്രീകൾക്കായി സംഘടിപ്പിച്ച ഏകദിന വിനോദയാത്ര ഹൃദ്യമായ അനുഭവമായി. ഡിസംബർ 17ന് സംഘടിപ്പിച്ച യാത്രയിൽ 50 ഓളം പ്രവാസി ശ്രീ അംഗങ്ങളും കുട്ടികളും പങ്കെടുത്തു. പ്രവാസ ജീവിതത്തിലെ തിരക്കുകൾക്കിടയിൽ അംഗങ്ങൾക്കിടയിൽ സൗഹൃദം പുതുക്കുന്നതിനും മാനസിക ഉല്ലാസത്തിനുമായാണ് യാത്ര സംഘടിപ്പിച്ചത്. രാവിലെ 9:30ന് അൻഡലൂസ് ഗാർഡൻസിന് സമീപത്തുനിന്ന് പ്രവാസി ശ്രീ കോഓഡിനേറ്ററും സെൻട്രൽ കമ്മിറ്റി അംഗവുമായ രഞ്ജിത് ആർ. പിള്ള, കെ.പി.എ സെക്രട്ടേറിയറ്റ് അംഗങ്ങളായ വൈസ് പ്രസിഡന്റ് കോയിവിള മുഹമ്മദ് കുഞ്ഞ്, സെക്രട്ടറി അനിൽകുമാർ, സെൻട്രൽ കമ്മിറ്റി അംഗങ്ങൾ എന്നിവരുടെ സാന്നിധ്യത്തിൽ കെ.പി.എ പ്രസിഡന്റ് അനോജ് മാസ്റ്റർ ഫ്ലാഗ് ഓഫ് ചെയ്തു ആരംഭിച്ച യാത്ര ചരിത്രപ്രസിദ്ധമായ അൽ ഫത്തേഹ് ഗ്രാൻഡ് മോസ്ക് സന്ദർശനത്തോടെയാണ് തുടങ്ങിയത്. തുടർന്ന് കിങ് ഫഹദ് കോസ്വേയുടെ മനോഹാരിത ആസ്വദിച്ച സംഘം, ഉച്ചഭക്ഷണത്തിനുശേഷം പൈതൃക സ്മരണകൾ ഉണർത്തുന്ന അൽ ജസ്റ ഫാം ഹൗസ് ഉം ഷെയ്ഖ് ഇസ ഓൾഡ് പാലസും സന്ദർശിച്ചു.
ബഹ്റൈൻ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി അൽ ജസ്റ ഫാം ഹൗസിൽവെച്ച് അംഗങ്ങൾക്കൊപ്പം പ്രവാസി ശ്രീ ചെയർപേഴ്സൺ ദീപ അരവിന്ദ്, വൈസ് ചെയർപേഴ്സൻമാരായ ഷാമിലി ഇസ്മയിൽ അഞ്ജലി രാജ് എന്നിവർ കേക്ക് മുറിച്ച് സന്തോഷം പങ്കിട്ടു.തുടർന്ന് സന്ദർശിച്ച മത്സ്യകൃഷി കേന്ദ്രം (ഫിഷ് ഫാം) കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ വിജ്ഞാനപ്രദമായി. വിവിധയിനം മത്സ്യങ്ങളെ കാണുന്നതിനൊപ്പം കളിമണ്ണിൽ (ക്ലേ ) നിർമിച്ച കരകൗശല വസ്തുക്കളുടെ പ്രദർശനവും അംഗങ്ങൾ കൗതുകത്തോടെ കണ്ടു.
യാത്രയുടെ അവസാന സന്ദർശന സ്ഥലമായ മാൽകിയ ബീച്ചിലെ സായാഹ്നം യാത്രയുടെ മാറ്റുകൂട്ടി. വൈകുന്നേരം 6 മണിയോടെ ട്യൂബ്ലിയിലെ കെ.പി.എ ഓഫിസിൽ യാത്ര സമാപിച്ചു. പ്രവാസി ശ്രീ യൂനിറ്റ് ഹെഡ്മാരായ രമ്യ ഗിരീഷ് , ബ്ലൈസി, നാസിമ ഷഫീക് എന്നിവർ വിനോദ യാത്ര
നിയന്ത്രിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.