അബൂബക്കർ ഇരിങ്ങണ്ണൂർ
1960കളുടെ രണ്ടാം പകുതിയിൽ യു.എ.ഇ തീരങ്ങളായ ഖോർഫുഖാൻ വഴി ലോഞ്ചുകളിലും കപ്പലുകളിലുമായി ആരംഭിച്ച ഗൾഫ് കുടിയേറ്റം ഇന്ന് ചരിത്രത്തിന്റെ ഭാഗമാണ്. എണ്ണവില വർധന ഗൾഫ് രാജ്യങ്ങളെ സമ്പന്നമാക്കിയപ്പോൾ, നിർമാണമേഖലയിലുണ്ടായ കുതിച്ചുചാട്ടം കേരളത്തിലുള്ളവരെയും മരുഭൂമിയിലേക്ക് ആകർഷിച്ചു. ഇന്ന് രണ്ട് ദശലക്ഷത്തിലധികം മലയാളികൾ വിദേശത്തുണ്ട്. എന്നാൽ, ഈ വലിയ കുടിയേറ്റത്തിന്റെ മറുപുറം ഇപ്പോഴും ചർച്ച ചെയ്യപ്പെടുന്നില്ല.
ചൂഷണത്തിന്റെ ചരക്കായ പ്രവാസി വളരെ കുറഞ്ഞ ശതമാനം ആളുകൾ മാത്രമാണ് ഗൾഫ് ജീവിതം സുരക്ഷിതമാക്കിയത്. ഇന്നത്തെ 90 ശതമാനം പ്രവാസികളും ആരോഗ്യസുരക്ഷാ പദ്ധതികളോ ഏകീകരിച്ച തൊഴിൽ കരാറുകളോ വേതന സംരക്ഷണമോ ഇല്ലാതെ നിരവധി പ്രശ്നങ്ങൾ നേരിടുന്നവരാണ്. മറ്റ് രാജ്യക്കാരേക്കാൾ കൂടുതൽ തൊഴിലിടങ്ങളിലെ പീഡനങ്ങൾ ഏറ്റുവാങ്ങേണ്ടി വരുന്നതും ഇന്ത്യൻ തൊഴിലാളികളാണ്. സ്വന്തം രാജ്യത്തിന്റെ വിദേശനാണ്യ ശേഖരം താങ്ങിനിർത്തുന്ന ഈ ജനത, പലർക്കും ഒരു കയറ്റുമതി ചരക്ക് മാത്രമായി ചുരുങ്ങുന്നു.
സ്വന്തം കുടുംബാംഗങ്ങൾ മുതൽ രാഷ്ടീയനേതാക്കളും കച്ചവടക്കാരും വരെ ലാഭം കൊയ്യുന്ന ഒരു വലിയ ചൂഷണവലയത്തിനുള്ളിലാണ് പ്രവാസി. നാട്ടിലെ രാഷ്ട്രീയ കോമരങ്ങൾക്കൊന്നും ഫണ്ട് സോഴ്സിനും വോട്ട് ബാങ്കിനും അപ്പുറം ഈ ജനതയെക്കുറിച്ച് ചിന്തകളില്ല. ഗൾഫുകാരുടെ അത്തറിന്റെ സുഗന്ധത്തെക്കുറിച്ച് മാത്രമാണ് സമൂഹം സംസാരിക്കുന്നത്, ചുട്ടുപൊള്ളുന്ന മണലിൽ അവർ ഒഴുക്കിയ വിയർപ്പിന്റെ മൂല്യത്തെക്കുറിച്ച് ആരും ഓർക്കുന്നില്ല.
കേരളത്തിന്റെ തൊഴിൽ വിപണി അതിഥി തൊഴിലാളികൾ കീഴടക്കുമ്പോൾ, കേരളത്തെ അവരുടെ 'ഗൾഫായി' കാണുമ്പോൾ, നമ്മുടെ 'മലയാളികൾ' മരുഭൂമിയിൽ രാപകൽ കഷ്ടപ്പെടുന്നത് അധികമാരും ചർച്ച ചെയ്യാതെ പോകുന്നു.
മടങ്ങിവരുന്നവരുടെ ദുരിതം: ആരോഗ്യ പാക്കേജ് അനിവാര്യം
മൂന്നും നാലും പതിറ്റാണ്ടുകൾ പൂർത്തിയാക്കി നാട്ടിലേക്ക് തിരികെ വരുന്ന പ്രവാസികളിൽ 60 ശതമാനത്തിലധികം പേരും വലിയ രോഗങ്ങൾക്ക് അടിമപ്പെട്ടവരും വരുമാനമാർഗമില്ലാത്തവരുമാണ്. നാട്ടിലെത്തിയാൽ കുടുംബത്തെ പോറ്റാൻ മറ്റൊരു ജോലിക്കും പോകാൻ സാധിക്കാത്ത അവസ്ഥയിലാണവർ.
ചികിത്സക്കാവശ്യമായ ഭീമമായ തുക താങ്ങാൻ അവർക്ക് സാധിക്കുന്നില്ല. നമ്മുടെ നാട്ടിലെ ആരോഗ്യകേന്ദ്രങ്ങൾ ചൂഷണത്തിന്റെ വൻ മാർക്കറ്റുകളായി മാറുമ്പോൾ, പ്രവാസിയുടെ കൈയിൽ സമാശ്വാസമായി നൽകാൻ ഒരു ആരോഗ്യ ചികിത്സാ പാക്കേജ് കാർഡ് പോലും സർക്കാറുകൾക്ക് ആസൂത്രണം ചെയ്യാൻ സാധിക്കുന്നില്ല എന്നത് ദുഃഖകരമാണ്.
പ്രവാസിയുടെ വിയർപ്പിൽ രാജ്യത്തിന്റെ അഷ്ടദിക്കുകളിലും പടുത്തുയർത്തപ്പെട്ട ചെറുതും വലുതുമായ സ്ഥാപനങ്ങളും കലാലയങ്ങളും ഭരണസിരാകേന്ദ്രങ്ങളും നമുക്ക് കാണാം. എന്നിട്ടും, ആകുലതകളോടെ തിരിച്ചുവരുന്നവർക്ക് ആശ്വാസം നൽകാൻ ഒരു ചികിത്സാ പാക്കേജിനെക്കുറിച്ചോ ആരോഗ്യ കേന്ദ്രത്തെക്കുറിച്ചോ ഉള്ള ചർച്ചകൾ പോലും ഉണ്ടാകുന്നില്ല. ഒരു നിശ്ചിത തുകക്കുള്ള ആരോഗ്യ പാക്കേജ് കാർഡ് എങ്കിലും തിരികെ വരുന്ന പ്രവാസികൾക്ക് നൽകാനുള്ള സാധ്യതകൾക്ക് ഇനിയെങ്കിലും തുടക്കമിടേണ്ടതുണ്ട്.
ചുവന്ന പരവതാനിയും രണ്ട് തരം നീതിയും
കോർപറേറ്റ് വ്യവസായികളെയും ഗൾഫ് സമ്പന്നരെയും ആദരിക്കാനും അവരുടെ താൽപര്യങ്ങൾ സംരക്ഷിക്കാനും 'പ്രവാസി ദിവസ്' പോലുള്ള മാമാങ്കങ്ങൾ സംഘടിപ്പിക്കുമ്പോൾ, സാധാരണ പ്രവാസികൾ ആ വേദികളിൽ അധികം ഉണ്ടാവാറില്ല.
ചുവന്ന പരവതാനി വിരിച്ച് ആദരിക്കപ്പെടുന്ന സമ്പന്നർക്ക് നികുതിയിളവുകളും നിയമപരിരക്ഷയും നൽകുമ്പോൾ, താഴ്ന്ന വരുമാനക്കാർ അയക്കുന്ന ചെറിയ തുകകൾക്ക് പോലും വൻ സർചാർജ്ജ് ഈടാക്കുന്നത് രാജ്യത്തെ പൗരന്മാരോടുള്ള രണ്ടു തരം നീതിയാണ്.
അതിജീവനത്തിന് വേണ്ടി നാട് വിട്ടവർ വരച്ചിട്ട പ്രവാസ ജീവിതചരിത്രം ഇനിയും വായിക്കപ്പെടാതെ പോയാൽ, കർഷക ആത്മഹത്യകൾ പോലെ പ്രവാസി ആത്മഹത്യകളും നാം കേൾക്കേണ്ടി വരും. പ്രവാസിയുടെ അങ്ങാടി നിലവാരം തറയിൽ എത്തിയിരിക്കുന്നു എന്ന സത്യം ഇനിയെങ്കിലും രാഷ്ട്രീയ-മത-സാമൂഹിക നേതൃത്വം തിരിച്ചറിയണം. ഗൗരവമേറിയ ഈ വിഷയം അവരുടെ ചിന്താമണ്ഡലത്തിലേക്ക് കടന്നുവരേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.കൂടാതെ പ്രവാസികൾക്ക് മാത്രം അവകാശപ്പെട്ട ഇന്ത്യൻ കമ്യൂണിറ്റി വെൽഫെയർ ഫണ്ട് (ഐ.സി.ഡബ്ല്യു.എഫ്) രാജ്യത്തെ കോടതികൾ ഇടപെട്ടിട്ടും നൽകാതെ തടഞ്ഞുവെക്കുന്നത് എന്തിന്റെ പേരിലാണെന്ന അവ്യക്തത ഇപ്പോഴുമുണ്ട്. ശക്തമായ പ്രതിഷേധങ്ങളിലൂടെ നമുക്കത് തിരിച്ചുപിടിക്കേണ്ടതുണ്ട്.
രാഷ്ടീയ പാർട്ടികൾ നമുക്ക് തണലായും കാവൽക്കാരായും നമ്മോടൊപ്പമുണ്ടെന്ന തെറ്റിദ്ധാരണയിൽ പ്രവാസികൾ അകപ്പെട്ടു പോയെന്നത് വസ്തുതയാണ്. പ്രവാസത്തിൽ കഷ്ടനഷ്ടം സഹിക്കാനും പ്രതികരിക്കാനും പ്രവാസിക്ക് പ്രവാസി മാത്രം എന്ന തിരിച്ചറിയലുകൾ പകൽ പോലെ ബോധ്യപ്പെടുകയാണ്. രാഷ്ടീയ താൽപര്യങ്ങൾ ഒക്കെയും മാറ്റിവെച്ച് പ്രവാസികൾ വിവേചനങ്ങൾക്കെതിരെ സംഘടിച്ചാൽ അർഹമായത് നേടാനും തടഞ്ഞുവെച്ചത് ഒക്കെയും തിരികെ തരാനും ഭരണകൂടം തയാറാകുകയും ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.