സുപ്രീം കൗൺസിൽ ഓഫ് ഹെൽത്ത് ചെയർമാന്റെ നേതൃത്വത്തിൽ ചേർന്ന അവലോകന യോഗത്തിൽ പങ്കെടുത്തവർ
പ്രവാസികൾക്കുള്ള ആരോഗ്യ ഇൻഷുറൻസ് പദ്ധതി: ഒക്ടോബർ 31 മുതൽ ഘട്ടംഘട്ടമായി നടപ്പിലാക്കും
മനാമ: പ്രവാസികൾക്കായുള്ള ദേശീയ ആരോഗ്യ ഇൻഷുറൻസ് പദ്ധതി ഒക്ടോബർ 31 മുതൽ ഘട്ടംഘട്ടമായി നടപ്പിലാക്കും. ഇതിന് മുന്നോടിയായി സുപ്രീം കൗൺസിൽ ഓഫ് ഹെൽത്ത് ചെയർമാൻ ലെഫ്റ്റനന്റ് ജനറൽ ഡോ. ശൈഖ് മുഹമ്മദ് ബിൻ അബ്ദുല്ല ആൽ ഖലീഫ ബഹ്റൈൻ ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി ബോർഡ് അംഗങ്ങളുമായി അവലോകന യോഗം ചേർന്നു. വ്യവസായ-വാണിജ്യ മന്ത്രി അബ്ദുല്ല ബിൻ ആദിൽ ഫഖ്റൂ, ബി.സി.സി.ഐ ഫസ്റ്റ് വൈസ് ചെയർമാൻ യൂസഫ് സലാഹുദ്ദീൻ എന്നിവർ യോഗത്തിൽ സംബന്ധിച്ചു. പദ്ധതിയുടെ സുഗമമായ നടപ്പിലാക്കൽ ഉറപ്പാക്കുന്നതിൽ സ്വകാര്യ മേഖലയുമായുള്ള ഏകോപനത്തിന്റെ പ്രാധാന്യം ശൈഖ് മുഹമ്മദ് ബിൻ അബ്ദുല്ല ഊന്നിപ്പറയുകയും, പദ്ധതിയുടെ ആവശ്യകതകളെക്കുറിച്ച് തൊഴിലുടമകളെ അറിയിക്കുന്നതിൽ ബി.സി.സി.ഐയുടെ പങ്ക് എടുത്തുപറയുകയും ചെയ്തു.
അംഗീകൃത ഇൻഷുറൻസ് കമ്പനികൾ വഴി പ്രാഥമിക, സെക്കൻഡറി, സ്പെഷ്യലിസ്റ്റ്, എമർജൻസി ആരോഗ്യ സേവനങ്ങൾ ഉൾക്കൊള്ളുന്ന നിർബന്ധിത അടിസ്ഥാന ആരോഗ്യ ഇൻഷുറൻസ് പദ്ധതിയാണ് ഇതുവഴി നടപ്പിലാക്കുന്നത്. അധിക പരിരക്ഷയ്ക്കായി ഓപ്ഷണൽ പാക്കേജുകളും ലഭ്യമായിരിക്കും. തൊഴിൽ അല്ലെങ്കിൽ താമസാനുമതി നൽകുന്നതിനോ പുതുക്കുന്നതിനോ ഒപ്പം ഒക്ടോബർ 31 മുതൽ പദ്ധതി ഘട്ടംഘട്ടമായി ആരംഭിക്കും.
നടപ്പിലാക്കുമ്പോൾ ബിസിനസ്സ് ആവശ്യങ്ങൾ പരിഗണിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് വ്യവസായ-വാണിജ്യ മന്ത്രി സംസാരിക്കുകയും, പ്രസക്തമായ അധികാരികളുമായി നിരന്തരമായ കൂടിയാലോചനകൾ നടത്തേണ്ടതിന്റെ ആവശ്യകത ബി.സി.സി.ഐ പ്രതിനിധികൾ ഉന്നയിക്കുകയും ചെയ്തു. ബഹ്റൈൻ പൗരന്മാർ, ഗാർഹിക തൊഴിലാളികൾ, സർക്കാർ മേഖലയിൽ ജോലി ചെയ്യുന്ന പ്രവാസികൾ, അവരുടെ ആശ്രിതർ എന്നിവർക്ക് നിലവിൽ ലഭിച്ചുകൊണ്ടിരിക്കുന്ന ആരോഗ്യ സേവനങ്ങളിൽ യാതൊരു മാറ്റവും ഉണ്ടാകില്ലെന്ന് അധികൃതർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.