ലോകത്തെമ്പാടുമുള്ള ഇസ്‌ലാം മതവിശ്വാസികൾ ഇന്ന് ബലിപെരുന്നാൾ ആഘോഷിക്കുകയാണ്. ഇത് കേവലമായൊരു ആഘോഷമോ ഉത്സവമോ അല്ല. സഹനത്തിന്റെയും ആത്മസമർപ്പണത്തിന്റെയും ത്യാഗോജ്വലമായ നിരവധി പാഠങ്ങൾ ഈ പെരുന്നാൾ നമുക്ക് പകർന്നു നൽകുന്നുണ്ട്. മുസ്‌ലിംകളും കൃസ്ത്യാനികളും ജൂതന്മാരും ഒരുപോലെ ഏറെ പ്രാധാന്യം കല്പിക്കുന്ന പ്രവാചകനാണ് ഇബ്രാഹിം നബി. അദ്ദേഹത്തിന്റെയും കുടുംബത്തിന്റെയും സംഭവബഹുലമായ ജീവിതം ലോകാവസാനം വരെയുള്ള മനുഷ്യർക്ക് വലിയ മാതൃകകൾ സമ്മാനിക്കുന്നു. ദൈവാനുസരണത്തിന്റെയും ആത്മത്യാഗത്തിന്റെയും സാക്ഷാൽക്കാരമായിരുന്നു ഇവരുടെ ജീവിതം. അതിക്രമകാരികളായ അധികാരിവർഗത്തോട് നിർഭയം ഇബ്രാഹിം യുദ്ധം പ്രഖ്യാപിച്ചു. പൗരോഹിത്യത്തിന്റെ കാപട്യവും ചൂഷണവും തിരിച്ചറിയുകയും അതിന്റെ പൊള്ളത്തരങ്ങൾ ജനസമക്ഷം തുറന്നു കാണിക്കുകയും ചെയ്തു. പൗരസമൂഹത്തെ തങ്ങളുടെ ചൊൽപ്പടിക്ക് നിർത്താൻ അധികാരികൾ എല്ലാ കാലത്തും പൗരോഹിത്യത്തെയാണ് കൂട്ടുപിടിക്കാറുള്ളത്. ഈ അവിശുദ്ധ ബന്ധത്തെയാണ് അദ്ദേഹം ഒറ്റക്ക് സമരം ചെയ്ത് തോൽപ്പിക്കുന്നത്.
ബലിപെരുന്നാളും ഹജ്ജും പരസ്പരപൂരകങ്ങളാണ്. ഹജ്ജിലൂടെയും ഈ പെരുന്നാളിലൂടെയും ഇബ്റാഹീമീ കുടുംബത്തിലെ അംഗങ്ങളായി ഓരോ വിശ്വാസിയും പരകായപ്രവേശം നടത്തുകയാണ്. ദുൽഹിജ്ജ എട്ടിന് ഹജ്ജ് ആരംഭിക്കുന്നതോടെ മക്കയിൽ ഹാജിമാരുടെ തൽബിയത്തും അതിന്റെ ഉച്ചസ്ഥായിയിൽ എത്തും. തൽബിയത്തും തക്‌ബീറും വലിയൊരു പ്രഖ്യാപനമാണ്. ദൈവത്തിന്റെ ഏകത്വവും സർവാധികാരവും പ്രഘോഷണം ചെയ്യുന്ന വിശുദ്ധവാക്യം. സ്വേച്ഛാപ്രമത്തരായ അധികാരിവർഗ്ഗത്തിന്റെ കോട്ടകൊത്തളങ്ങളെ വിറപ്പിക്കാൻ കെൽപ്പുള്ള ഉജ്വലമായ സമരപ്രഖ്യാപനം.
ഇന്ന് ജാതിയുടെയും മതത്തിന്റെയും നിറത്തിന്റെയും ഭാഷയുടെയും പേരിൽ മനുഷ്യർ പരസ്പരം കലഹിച്ചു കൊണ്ടിരിക്കുകയാണ്. വെട്ടിപിടിക്കലിന്റെയും യുദ്ധത്തിന്റെയും അടിസ്ഥാനകാരണങ്ങൾ ഇതിൽ പലതുമാണ്. എന്നാൽ തക്ബീറും തൽബിയത്തും മനുഷ്യർക്ക് പകർന്നു നൽകുന്നത് സാർവലൗകിക സാഹോദര്യവും അതിരുകളില്ലാത്ത സമത്വവീക്ഷണവുമാണ്. എല്ലാ മനുഷ്യരും ഒരു ചീർപ്പിന്റെ പല്ലു പോലെ സമന്മാരാണെന്നുള്ള വലിയ പാഠം. കറുത്തവനും വെളുത്തവനും രാജാവും പ്രജയും പണമുള്ളവനും ഇല്ലാത്തവനും ഒരേ ദൈവത്തിന്റെ സൃഷ്ടികളാണെന്നും അവർക്കിടയിൽ യാതൊരു വേര്തിരിവുമില്ലായെന്നുമുള്ള മഹാവിളംബരമാണ് ഇതിലൂടെ സംഭവിക്കുന്നത്.
മനുഷ്യർ തന്നിലേക്ക് വല്ലാതെ ചുരുങ്ങുന്ന ഒരു കാലവും കൂടിയാണിത്. ഇവിടെ മറ്റുള്ളവരെ ചേർത്ത് പിടിക്കാനും തന്നെക്കാൾ ഇതരർക്ക് പ്രാമുഖ്യം കൊടുക്കാനും പെരുന്നാൾ നമ്മെ ഓർമ്മിപ്പിക്കുന്നു. എല്ലാം എനിക്ക് വെട്ടിപിടിക്കണം എല്ലാം എനിക്ക് മാത്രം ആസ്വദിക്കണം എന്ന ഉപഭോഗസംസ്കാരത്തിന്റെ അടിമകളാണ് ആധുനിക മനുഷ്യർ. സ്വാർത്ഥതയും ആർഭാടവും എല്ലാ അതിരുകളും ഭേദിച്ച് മുന്നേറുന്ന ഈ വർത്തമാനകാല സാഹചര്യത്തിൽ പെരുന്നാളിന്റെ കൂടെയുള്ള "ബലി" എന്ന വാക്ക് തന്നെ ഏറെ പ്രസക്തമാണ്. എന്റെ ഇഷ്ടങ്ങളെയും അഭിലാഷങ്ങളെയും അപരർക്ക് വേണ്ടി ഒഴിവാക്കുക എന്നത് ഉദാത്തമായ ഒരു ലക്ഷ്യത്തിലേക്കുള്ള ഉയർന്നു നിൽക്കലാണ്. പുതിയ കാലത്ത് പെരുന്നാൾ ആഘോഷങ്ങൾ പലയിടങ്ങളിലും വസ്ത്രത്തിന്റെയും ഭക്ഷണത്തിന്റെയും ആർഭാടങ്ങളിലേക്ക് ഒതുങ്ങിപ്പോകുന്നുണ്ട്.
ഒരു കുഞ്ഞിന് വേണ്ടിയുള്ള എല്ലാ പ്രതീക്ഷകളും അസ്തമിച്ച തന്റെ വാർധക്യത്തിലാണ് ഒരു കുഞ്ഞിക്കാൽ കാണാനുള്ള ഭാഗ്യം ഇബ്രാഹിമിനും ഹാജറക്കും ലഭിക്കുന്നത്. കൊഞ്ചിച്ച് കൊതിതീരാത്ത ആ ഇളംപൈതലിനെ ദൈവത്തിന് സമർപ്പിക്കാൻ തയ്യാറായ ഇബ്രാഹിമിന്റെ ത്യാഗം സമാനതകളില്ലാത്തതാണ്. ബലിമൃഗത്തിന്റെ മാംസം പങ്ക് വെക്കുന്നതിലൂടെ സമസൃഷിടികളോടുള്ള കാരുണ്യവും സ്നേഹവും പരന്നൊഴുകുന്നു. പങ്ക്‌വെക്കലിന്റെ സുന്ദരമായ ആവിഷ്കാരമാണ് ബലി.
ലോകത്തിന്റെ എല്ലാ മുക്കുമൂലകളിൽ നിന്നുമെത്തിയ ദശലക്ഷക്കണക്കിന് ഹാജിമാർ കഴിഞ്ഞ ദിവസം അറഫയിൽ സംഗമിക്കുകയുണ്ടായി. ഒരേ മനസോടെ ഒരേ വേഷത്തിൽ ഒരേ മന്ത്രമുരിയാടി കൊണ്ട് ഒരേ ലക്ഷ്യത്തിലേക്ക് ഒഴുകിയെത്തുന്നവരുടെ മഹാസംഗമവേദിയാണ് അറഫ. നൂറ്റാണ്ടുകൾക്ക് മുമ്പ് പ്രവാചകൻ മുഹമ്മദ് നബി അറഫയിൽ ലക്ഷകണക്കിന് ഹാജിമാരെ സാക്ഷിനിർത്തി നടത്തിയ അദ്ദേഹത്തിന്റെ വിടവാങ്ങൽ പ്രസംഗമാണ് ലോകത്ത് ഇത് വരെ ഈ മേഖലയിൽ ഉണ്ടായിട്ടുള്ള എല്ലാ മുന്നേറ്റങ്ങളുടെയും അടിസ്ഥാനം.
അറഫയിൽ വെച്ച് അദ്ദേഹം പ്രഖ്യാപിച്ചു. " അല്ലയോ മനുഷ്യരെ, തീർച്ചയായും നിങ്ങളുടെ നാഥൻ ഒന്നാണ്. നിങ്ങളുടെ പിതാവും ഒന്നാണ്. ഓർക്കുക; ഒരു അറബിക്ക് അനറബിയേക്കാളോ, അനറബിക്ക് അറബിയേക്കാളോ യാതൊരു ശ്രേഷ്ഠതയുമില്ല. വെളുത്തവന് കറുത്തവനെക്കാളോ, കറുത്തവന് വെളുത്തവനെക്കാളോ ദൈവഭയത്തിന്റെ അടിസ്ഥാനത്തിലല്ലാതെ യാതൊരു ശ്രേഷ്ഠതയുമില്ല." " വംശീയക്കെതിരെയുള്ള പ്രഖ്യാപനം, സമത്വസങ്കല്പം, ജീവനും സ്വത്തിനും മാനത്തിനുമുള്ള സംരക്ഷണം, സ്ത്രീകളുടെ അവകാശങ്ങൾ, സാമ്പത്തിക ചൂഷണങ്ങൾക്കെതിരെയുള്ള പോരാട്ടം, അടിമത്ത നിർമാർജനം, സമൂഹത്തിലെ ദുർബലരുടെ അവകാശ സംരക്ഷണം തുടങ്ങി ആഗോള മനുഷ്യാവകാശങ്ങളുടെയും സമത്വസങ്കലപ്പത്തിന്റെയും കൃത്യമായ ഒരു ചട്ടക്കൂടാണ് അദ്ദേഹം തന്റെ പ്രസംഗത്തിലൂടെ അന്ന് അവിടെ വരച്ചു കാണിച്ചത്.
നവലിബറലിസം നമ്മുടെ കുടുംബങ്ങളിൽ വലിയ പ്രശ്നങ്ങൾ സൃഷ്ടിച്ചു കൊണ്ടിരിക്കുന്ന ഒരു കാലം കൂടിയാണിത്. മനുഷ്യബന്ധങ്ങൾക്ക് വില ഏറെ കുറഞ്ഞു കൊണ്ടിരിക്കുന്നു. ധാർമ്മികതക്കും സദാചാരത്തിനും പുതിയ നിർവചനങ്ങൾ നൽകുകയും ആഭാസങ്ങൾക്ക് വീരപരിവേഷങ്ങൾ നല്കപ്പെട്ടുകൊണ്ടിരിക്കുകയും ചെയ്യുന്നു. ഭാര്യാഭർതൃ ബന്ധങ്ങൾ അധികാരം ഉറപ്പിക്കാനുള്ള വിളനിലങ്ങളായി മാറി. അവരുടെ കിടപ്പറകൾ ഈഗോപ്രൊമോഷന്റെ ഇടങ്ങളുമാണ്. ഇവിടെയാണ് ഒരു മാതൃകാ കുടുംബം എങ്ങനെയായിരിക്കണമെന്ന് ഇബ്രാഹിം കുടുംബം ലോകത്തിന് മുന്നിൽ അനാവൃതമാക്കുന്നത്. പുതിയ കാലത്തെ കുടുംബങ്ങൾക്ക് ഏറെ പഠിക്കാനും ഉൾക്കൊള്ളാനുമുണ്ട് ആ കുടുംബത്തിൽ നിന്നും. അദ്ദേഹവും കുടുംബവും കാണിച്ചു തന്ന ആ പാതയിലൂടെ നമുക്കും ഏറെ ദൂരം സഞ്ചരിക്കാം. നടക്കുന്ന വഴികളിൽ നന്മയുടെ ആയിരം സുനങ്ങൾ വിരിയിച്ചു കൊണ്ട് നറുമണം വിരിയുന്ന ഒരു നവലോക സൃഷ്ടിക്കായി ഒരുമിച്ചു മുന്നേറാൻ ഈ പെരുന്നാൾ പ്രചോദനമായാവട്ടെ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.