മനാമ: മുൻ മുഖ്യമന്ത്രിയും നിലവിൽ പ്രതിപക്ഷ നേതാവുമായ പിണറായി വിജയനെതിരെ രാഷ്ട്രീയ പ്രേരിതമായി നടത്തിയ ഇ.ഡി റെയ്ഡിൽ ബഹ്റൈൻ ഇടതുപക്ഷ സഖ്യം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. റെയ്ഡിന് ശേഷം വെറുംകൈയോടെ മടങ്ങേണ്ടിവന്ന ഇ.ഡി നടപടിയിലൂടെ ഈ നീക്കം വെറുമൊരു രാഷ്ട്രീയ നാടകമാണെന്ന് പൊതുജനങ്ങൾക്ക് ബോധ്യപ്പെട്ടിരിക്കുകയാണെന്ന് നേതാക്കൾ പത്രക്കുറിപ്പിൽ അറിയിച്ചു.
സകല ജനാധിപത്യ സംവിധാനങ്ങളെയും ഭരണഘടനാ മൂല്യങ്ങളെയും വെല്ലുവിളിക്കുന്ന തരത്തിൽ കേരളം പോലുള്ള ഒരു ഉത്ബുദ്ധ സംസ്ഥാനത്തിലെ ഏറ്റവുംമുതിര്‍ന്ന രാഷ്ട്രീയ നേതാവിനെതിരെയുള്ള അന്യായമായ ഇ.ഡി റെയ്ഡും കേന്ദ്ര ഏജൻസികളുടെ രാഷ്ട്രീയപ്രേരിത നടപടികളും കേരള ജനത ശക്തമായി തന്നെ എതിര്‍ത്ത് തോല്‍പിക്കുമെന്നും ബഹ്റൈൻ ഇടതുപക്ഷ സഖ്യവും സംയുക്ത പ്രസ്താവനയിൽ അറിയിച്ചു.
പല സംസ്ഥാനങ്ങളിലും ജനവിധിയിലൂടെ തെരഞ്ഞെടുക്കപ്പെട്ട സംസ്ഥാന സർക്കാരിനെയും അതിന്റെ നേതൃത്വത്തെയും പല രാഷ്ട്രീയ നാടകങ്ങളും നടത്തി അധികാരത്തില്‍ നിന്ന് പുറത്താക്കിയ ശേഷം അപകീർത്തിപ്പെടുത്താനുള്ള ശ്രമങ്ങളാണ് കേന്ദ്ര സർക്കാർ വിവിധ അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് എപ്പോഴും നടത്തുന്നതെന്ന് നേതാക്കൾ ആരോപിച്ചു. രാഷ്ട്രീയ വൈരാഗ്യത്തിന്റെ അടിസ്ഥാനത്തിൽ എതിർ സ്വരങ്ങളെ അടിച്ചമർത്താനുള്ള ഇത്തരം നീക്കങ്ങൾ ജനാധിപത്യത്തിന് തന്നെ ഭീഷണിയാണെന്നും പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.
കേരളത്തില്‍ ഇത് വരെ നടന്ന വികസന പ്രവർത്തനങ്ങളെയും ജനക്ഷേമ പദ്ധതികളെയും കരിവാരി തേച്ച് കാട്ടാനുള്ള കേന്ദ്ര സർക്കാരിന്റെ രാഷ്ട്രീയ അജണ്ടയുടെ ഭാഗമായാണ് ഇത്തരം നടപടികളെ കാണുന്നതെന്ന് നേതാക്കൾ വ്യക്തമാക്കി. ജനാധിപത്യ വിശ്വാസികളും മതനിരപേക്ഷതയിൽ വിശ്വസിക്കുന്ന മുഴുവൻ ജനങ്ങളും ഇത്തരം കേന്ദ്ര ഇടപെടലുകൾക്കെതിരെ ശക്തമായി പ്രതികരിക്കണമെന്നും അവർ ആഹ്വാനം ചെയ്തു.
ബഹ്റൈൻ ഇടതുപക്ഷ സഖ്യം കേരളത്തിലെ ഇടതുപക്ഷ മുന്നണിക്കും കേരള ജനതക്കും മുന്‍ മുഖ്യമന്ത്രി പിണറായി വിജയനും പൂർണ്ണ ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതായും പ്രസ്താവനയിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.