മനാമ: ബഹ്റൈൻ അധ്യക്ഷത വഹിക്കുന്ന 46ാമത് ജി.സി.സി ഉച്ചകോടിക്ക് ഇന്ന് മനാമയിൽ തുടക്കമാകും. ജി.സി.സി രാജ്യങ്ങൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വിവിധ പദ്ധതികളിൽ ഊന്നിയായിരിക്കും ഉച്ചകോടി നടക്കുക.
രാഷ്ട്രീയ, സാമ്പത്തിക, സുരക്ഷ മേഖലകളിലെ സംയുക്ത ഗൾഫ് സഹകരണത്തിന്റെ പുരോഗതി ഉച്ചകോടി പ്രധാനമായും വിലയിരുത്തും. പ്രാദേശിക, അന്തർദേശീയ സംഭവവികാസങ്ങൾ, മേഖലയുടെ സുരക്ഷ, സ്ഥിരത എന്നിവയിൽ ഇവയുടെ സ്വാധീനം എന്നിവയും ചർച്ചയാകും. ഉച്ചകോടിയിൽ ഏറ്റവും പ്രാധാന്യം നേടുന്ന വിഷയങ്ങളിലൊന്നാണ് ആറ് അംഗരാജ്യങ്ങളെയും ബന്ധിപ്പിക്കുന്ന ഗൾഫ് റെയിൽവേ പദ്ധതിയുടെ സുപ്രധാന ഉടമ്പടി ഒപ്പുവെക്കുന്നത്.
ദശാബ്ദങ്ങളായുള്ള പദ്ധതി ആസൂത്രണവും കാഴ്ചപ്പാടുകളും യാഥാർഥ്യമാക്കുന്നതിൽ ഈ കരാർ നിർണായക നാഴികക്കല്ലായി മാറും. 2030ഓടെ പദ്ധതി പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. ഗൾഫ് മേഖലയിലെ വിനോദസഞ്ചാര-സാമ്പത്തിക മേഖലക്ക് വലിയ ഉത്തേജനം നൽകുമെന്ന് പ്രതീക്ഷിക്കുന്ന ഷെങ്കൺ മാതൃകയിൽ തയാറാക്കുന്ന പൊതു ടൂറിസ്റ്റ് വിസ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട സാങ്കേതിക, നിയമപരമായ ഒരുക്കങ്ങളും ഉച്ചകോടി ചർച്ച ചെയ്യും.
ഗൾഫ് സമ്പദ്വ്യവസ്ഥകൾ 2027ഓടെ 4.3 ശതമാനമായി വർധിപ്പിക്കാനുള്ള ലക്ഷ്യത്തോടെയും ചില ചർച്ചകളും നടക്കും. കൂടാതെ എണ്ണയെ ആശ്രയിക്കുന്നത് കുറക്കുന്നതിന്റെ ഭാഗമായി, പാരമ്പര്യ ഊർജ മേഖലകളിലും, ഹരിത ഹൈഡ്രജൻ ഉൾപ്പെടെയുള്ള പുനരുപയോഗ ഊർജ മേഖലകളിലും കൂടുതൽ സഹകരണത്തിന് ഉച്ചകോടി ഊന്നൽ നൽകും. ഒമാൻ, സൗദി അറേബ്യ, യു.എ.ഇ, ഖത്തർ, കുവൈത്ത് എന്നീ ജി.സി.സി രാജ്യങ്ങളിലെ ഭരണാധികാരികൾ ഉച്ചകോടിയിൽ പങ്കെടുക്കാനെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.