മനാമ: രാജ്യത്ത് അതിവേഗം വളർന്നുകൊണ്ടിരിക്കുന്ന ഡെലിവറി ഡ്രൈവർമാരുടെ എണ്ണത്തെക്കുറിച്ച് സമഗ്രമായ പഠനം നടത്തണമെന്നാവശ്യപ്പെട്ട് ബഹ്‌റൈൻ പാർലമെന്റിൽ അടിയന്തര പ്രമേയം വരുന്നു. സ്ട്രാറ്റജിക് തിങ്കിംഗ് ബ്ലോക്ക് വക്താവ് ഖാലിദ് സാലിഹ് ബു അനക് ഉൾപ്പെടെ അഞ്ച് എം.പിമാരാണ് പ്രമേയം സമർപ്പിച്ചത്. നാളത്തെ പാർലമെന്റ് സമ്മേളനത്തിൽ ഇത് ചർച്ച ചെയ്യും.
ഡെലിവറി മേഖലയിലെ നിലവിലെ സാഹചര്യം വിലയിരുത്താനും ആവശ്യമായ നിയന്ത്രണങ്ങൾ കൊണ്ടുവരാനും സർക്കാരിനോട് പ്രമേയം ആവശ്യപ്പെടുന്നു. ഇ-കൊമേഴ്‌സ് മേഖലയുടെയും മൊബൈൽ ആപ്ലിക്കേഷനുകളുടെയും വളർച്ചയോടെ ഈ രംഗത്ത് വലിയ കുതിച്ചുചാട്ടമാണ് ഉണ്ടായത്. എന്നാൽ, മാർക്കറ്റിലെ യഥാർത്ഥ ആവശ്യത്തേക്കാൾ കൂടുതൽ ഡ്രൈവർമാർ ഇപ്പോൾ ഈ മേഖലയിലുണ്ടോ എന്ന് പരിശോധിക്കേണ്ടതുണ്ടെന്ന് എം.പിമാർ ചൂണ്ടിക്കാട്ടുന്നു.
ഡെലിവറി മേഖലയിൽ കൃത്യമായി എത്ര ഡ്രൈവർമാരെയാണ് രാജ്യത്തിന് ആവശ്യമെന്ന് ആധുനിക സൂചികകൾ ഉപയോഗിച്ച് ശാസ്ത്രീയമായി പഠിക്കുക, ലൈസൻസിംഗ് രീതികൾ പുനഃപരിശോധിക്കുക, നിലവിലെ പ്രവർത്തന രീതികൾ വിലയിരുത്തുക എന്നിവയാണ് പ്രധാന ആവശ്യങ്ങൾ. ഡ്രൈവർമാരുടെ എണ്ണത്തിലുണ്ടായ വർദ്ധനവ് സാമ്പത്തികവും ഭരണപരവുമായ വെല്ലുവിളികൾ ഉയർത്തുന്നതായി എം.പിമാർ മുന്നറിയിപ്പ് നൽകി. വിപണിയിലെ യഥാർത്ഥ ആവശ്യം തിരിച്ചറിഞ്ഞ് ഈ മേഖലയെ കൂടുതൽ ക്രമീകൃതമാക്കാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.