ബഹ്റൈനിലെ സ്വകാര്യ ആശുപത്രികളിലും ക്ലിനിക്കുകളിലും 50 ശതമാനം സ്വദേശിവത്കരണം വേണം

മനാമ: രാജ്യത്തെ സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങളിൽ മെഡിക്കൽ, ടെക്നിക്കൽ, നഴ്സിങ് ജീവനക്കാരിൽ കുറഞ്ഞത് 50 ശതമാനമെങ്കിലും ബഹ്റൈൻ പൗരന്മാർ ആയിരിക്കണമെന്ന് വ്യവസ്ഥ ചെയ്യുന്ന പുതിയ നിയമനിർമ്മാണം പാർലമെന്റിന്റെ വോട്ടെടുപ്പിനായി വരുന്നു. സർക്കാർ എതിർപ്പ് പ്രകടിപ്പിച്ചിട്ടുണ്ടെങ്കിലും, പ്രാദേശിക ബിരുദധാരികൾക്കും തൊഴിലന്വേഷകർക്കും സ്വകാര്യ ആശുപത്രികളിൽ അർഹമായ തൊഴിൽ അവസരങ്ങൾ ഉറപ്പാക്കാനാണ് എം.പിമാർ ഈ ബില്ലിലൂടെ ലക്ഷ്യമിടുന്നത്.

കർശനമായ തൊഴിലാളി നിബന്ധനകൾ ആരോഗ്യ സേവനങ്ങളെ പ്രതികൂലമായി ബാധിക്കുമെന്നും റിക്രൂട്ട്മെന്റ് സങ്കീർണ്ണമാക്കുമെന്നും സ്വകാര്യ മെഡിക്കൽ മേഖലയിലെ നിക്ഷേപത്തെ ഇത് നിരുത്സാഹപ്പെടുത്തുമെന്നും സർക്കാർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ശൂറ കൗൺസിൽ വരുത്തിയ ഭേദഗതികൾ തള്ളിക്കൊണ്ട്, 50 ശതമാനം സ്വദേശിവത്കരണമെന്ന തങ്ങളുടെ ആദ്യ തീരുമാനത്തിൽ തന്നെ ഉറച്ചുനിൽക്കാനാണ് പാർലമെന്റിന്റെ സർവീസസ് കമ്മിറ്റി എം.പിമാരോട് ശുപാർശ ചെയ്തിരിക്കുന്നത്.

യോഗ്യരായ ഉദ്യോഗാർത്ഥികൾ ലഭ്യമാകുന്ന മുറക്ക് സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങളിൽ ബഹ്റൈനികൾക്ക് കുറഞ്ഞത് 50 ശതമാനം പ്രാതിനിധ്യം ഉറപ്പാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് കമ്മിറ്റി ചെയർമാൻ എം.പി മുഹമ്മദ് അൽ ഒലൈവി വ്യക്തമാക്കി. തദ്ദേശീയമായി ലഭ്യമല്ലാത്ത അപൂർവ്വ സ്പെഷ്യലിസ്റ്റ് വൈദഗ്ദ്ധ്യം ആവശ്യമുള്ള തസ്തികകളെ ഈ ക്വാട്ടയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. നിലവിലുള്ള വിദേശ ഡോക്ടർമാരുടെയും നഴ്സുമാരുടെയും കരാറുകൾ അവസാനിച്ച ശേഷം പുതിയ നിയമങ്ങൾ നടപ്പിലാക്കണമെന്നാണ് നിർദ്ദേശത്തിലുള്ളത്.

എന്നാൽ, ബഹ്റൈനിൽ ആവശ്യത്തിന് യോഗ്യരായ പ്രൊഫഷണലുകളില്ലാത്ത ചില സ്പെഷ്യലൈസ്ഡ് രംഗങ്ങളിൽ ഈ നിർദ്ദിഷ്ട ക്വാട്ട പ്രായോഗിക ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുമെന്ന് സുപ്രീം കൗൺസിൽ ഓഫ് ഹെൽത്ത് ആശങ്ക പ്രകടിപ്പിച്ചു. തൊഴിൽ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം 2023 അവസാനം വരെ ആരോഗ്യ രംഗത്ത് 970 രജിസ്റ്റർ ചെയ്ത തൊഴിലന്വേഷകർ ഉണ്ടെന്നാണ് റിപ്പോർട്ട് ചെയ്യുന്നത്. നാഷണൽ ഹെൽത്ത് റെഗുലേറ്ററി അതോറിറ്റിയുടെ കണക്കുകൾ പ്രകാരം മെഡിക്കൽ, ഡെന്റൽ, നഴ്സിങ്, ഫാർമസി മേഖലകളിലായി ആകെ 22,060 ലൈസൻസുള്ള പ്രൊഫഷണലുകളാണുള്ളത്. ഈ സുപ്രധാന ബിൽ ചൊവ്വാഴ്ച പാർലമെന്റ് വോട്ടെടുപ്പിനായി പരിഗണിക്കും.

Tags:    
News Summary - 50 Percent Bahrainization Demanded in Private Hospitals and Clinics in Bahrain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.