ഹൂതി ആക്രമണങ്ങൾ അപലപിച്ചുള്ള യു.എൻ രക്ഷാസമിതി പ്രസ്താവന സ്വാഗതം ചെയ്ത് ബഹ്റൈൻ; സൗദിക്ക് പൂർണ പിന്തുണ
മനാമ: സൗദി അറേബ്യക്ക് നേരെ ഹൂതികൾ നടത്തുന്ന ഭീകരാക്രമണങ്ങളെ അപലപിച്ചുകൊണ്ട് ഐക്യരാഷ്ട്രസഭ രക്ഷാസമിതി പ്രസിഡൻഷ്യൽ പ്രസ്താവന അംഗീകരിച്ചതിനെ ബഹ്റൈൻ വിദേശകാര്യ മന്ത്രാലയം സ്വാഗതം ചെയ്തു. രക്ഷാസമിതി അംഗമെന്ന നിലയിൽ ബഹ്റൈന്റെ പങ്കാളിത്തത്തോടെയാണ് ഈ പ്രസ്താവന അംഗീകരിച്ചത്.
സൗദിയിലെ സിവിൽ ഏവിയേഷനെയും ഊർജ്ജ മേഖലകളെയും ലക്ഷ്യമിട്ടുള്ള ഹൂതികളുടെ ആക്രമണങ്ങൾ അന്താരാഷ്ട്ര നിയമങ്ങളുടെയും യു.എൻ ചാർട്ടറിന്റെയും ലംഘനമാണെന്ന് മന്ത്രാലയം വ്യക്തമാക്കി. കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളം, മറ്റ് വിമാനത്താവളങ്ങൾ, പ്രമുഖ ഊർജ്ജ കമ്പനിയായ അരാംകോയുടെ കേന്ദ്രങ്ങൾ എന്നിവയ്ക്ക് നേരെയുണ്ടായ ആക്രമണങ്ങളെയും ചെങ്കടലിലും ബാബ് അൽ മന്ദബ് കടലിടുക്കിലും വാണിജ്യ കപ്പലുകളുടെ സുരക്ഷയ്ക്ക് ഹൂതികൾ സൃഷ്ടിക്കുന്ന ഭീഷണികളെയും രക്ഷാസമിതി പ്രസ്താവന അപലപിക്കുന്നുണ്ട്.
പരിക്കേറ്റവർക്ക് വേഗത്തിൽ സൗഖ്യമുണ്ടാകട്ടെയെന്ന് ആശംസിച്ച ബഹ്റൈൻ, സൗദി സർക്കാരിനും ജനങ്ങൾക്കും ആക്രമണങ്ങളിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്കും അനുശോചനം രേഖപ്പെടുത്തി. സൗദി അറേബ്യയുടെ പരമാധികാരവും സുരക്ഷയും അതിർത്തികളും സംരക്ഷിക്കുന്നതിനായി രാജ്യം സ്വീകരിക്കുന്ന എല്ലാ നടപടികൾക്കും ബഹ്റൈൻ മന്ത്രാലയം പൂർണ്ണ പിന്തുണ ആവർത്തിച്ചു. സൗദിയുടെ സുരക്ഷയും സ്ഥിരതയും ബഹ്റൈന്റെയും ജി.സി.സി രാജ്യങ്ങളുടെയും സുരക്ഷയുടെ അവിഭാജ്യ ഘടകമാണെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഹൂതികൾക്ക് ആയുധങ്ങളും സാമ്പത്തിക സഹായവും സാങ്കേതിക പിന്തുണയും ലഭിക്കുന്നത് തടയാൻ രക്ഷാസമിതി പ്രമേയം 2216 (2015) പൂർണ്ണമായും നടപ്പിലാക്കണമെന്നും ആയുധ ഉപരോധം ഉറപ്പാക്കണമെന്നും പ്രസ്താവന ആവശ്യപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.