ട്രെയിൻ വരുന്നതിന് മുമ്പ് റെയിൽവേ സുരക്ഷാ നിയമം; ‘റെയിൽവേ റെഗുലേഷൻ ലോ’ പുറപ്പെടുവിക്കാനൊരുങ്ങി ബഹ്റൈൻ

മനാമ: രാജ്യത്ത് നിർമ്മാണം ആരംഭിക്കാനിരിക്കുന്ന റെയിൽവേ ശൃംഖലയുടെ നിർമ്മാണം, ഭരണനിർവ്വഹണം, സുരക്ഷ, പരിപാലനം എന്നിവ മുൻനിർത്തി പുതിയ ഭേദഗതികളോടെ ‘റെയിൽവേ റെഗുലേഷൻ ലോ’ പുറപ്പെടുവിക്കാനൊരുങ്ങി ബഹ്റൈൻ. ഹമദ് രാജാവ് പുറപ്പെടുവിച്ച ഈ ഓർഡിനൻസ് വരാനിരിക്കുന്ന ശൂറ കൗൺസിൽ യോഗത്തിൽ അവതരിപ്പിക്കും.

2030 ഡിസംബറോടെ പൂർത്തിയാക്കാൻ ലക്ഷ്യമിടുന്ന ജി.സി.സി റെയിൽവേ പദ്ധതിയുടെയും പ്രാദേശികമായി കണക്ട് ചെയ്യാൻ ഉദ്ദേശിക്കുന്ന റെയിൽവേ പദ്ധതികളുടെയും ഭാഗമായാണ് സമഗ്രമായ ഈ നിയമ നിർമ്മാണം. സൗദി അറേബ്യയുമായി ബന്ധിപ്പിക്കുന്ന 57 കിലോമീറ്റർ ദൈർഘ്യമുള്ള കിങ് ഹമദ് കോസ്‌വേ പ്രൊജക്ടിൽ 2 റെയിൽവേ ട്രാക്കുകളും ഉൾപ്പെടുന്നുണ്ട്.

നിയമ നിർമാണ നിർദേശ പ്രകാരം ട്രെയിനുകളോ റെയിൽവേ അടിസ്ഥാന സൗകര്യങ്ങളോ ആക്രമിക്കുകയും അതിലൂടെ ആളപായം സംഭവിക്കുകയും ചെയ്താൽ പ്രതികൾക്ക് വധശിക്ഷയോ ജീവപര്യന്തം തടവോ വിധിക്കാൻ നിയമം വ്യവസ്ഥ ചെയ്യുന്നു. ആക്രമണത്തിൽ റെയിൽവേ ആസ്തികൾ പൂർണ്ണമായി നശിച്ചാൽ ജീവപര്യന്തം തടവ് ശിക്ഷ ലഭിക്കും. ട്രെയിൻ പിടിച്ചെടുക്കാനോ ആളുകളെ ഉപദ്രവിക്കാനോ റൂട്ട് മാറ്റാനോ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങൾക്ക് 5 മുതൽ 10 വർഷം വരെയാണ് തടവ്.

ബോധപൂർവ്വം ട്രെയിൻ സർവീസുകൾ തടസ്സപ്പെടുത്തുകയോ യാത്രക്കാരെ അപകടത്തിലാക്കുകയോ ചെയ്താൽ കുറഞ്ഞത് 6 മാസം തടവും 1,000 മുതൽ 10,000 ദിനാർ വരെ പിഴയും ഈടാക്കും. അപകടത്തിൽ ആളപായമുണ്ടായാൽ ജീവപര്യന്തം വരെ തടവ് വർദ്ധിക്കാം. അശ്രദ്ധ മൂലമുണ്ടാകുന്ന അപകടങ്ങൾക്ക് 2 വർഷം വരെ തടവും 500 മുതൽ 5,000 ദിനാർ വരെ പിഴയും ലഭിക്കും.

അനുമതിയില്ലാത്ത സ്ഥലങ്ങളിലൂടെ റെയിൽവേ ട്രാക്ക് മുറിച്ചുകടന്നാൽ 3 മാസം വരെ തടവും 100 മുതൽ 1,000 ദിനാർ വരെ പിഴയും ലഭിക്കും. ഇത് അപകടങ്ങൾക്ക് കാരണമായാൽ ശിക്ഷ 1 മുതൽ 3 വർഷം വരെ തടവും 3,000 ദിനാർ വരെ പിഴയുമായി ഉയരും. റെയിൽവേ സ്വത്തുക്കൾ നശിപ്പിക്കുകയോ തടസ്സം സൃഷ്ടിക്കുകയോ ചെയ്താൽ 5 മുതൽ 10 വർഷം വരെ തടവും 3,000 മുതൽ 1,00,000 ബഹ്‌റൈനി ദിനാർ വരെ പിഴയും ഈടാക്കും. തകരാറിലായ സ്വത്തുക്കൾ സ്വന്തം ചെലവിൽ പൂർവ്വസ്ഥിതിയിലാക്കുകയും വേണം.

യാത്രക്കാർക്ക് സുരക്ഷിതവും കൃത്യതയുള്ളതുമായ സേവനം ഉറപ്പാക്കാൻ കമ്പനികൾ ബാധ്യസ്ഥരാണ്. ഭിന്നശേഷിക്കാർക്കും മുതിർന്ന പൗരന്മാർക്കും പ്രത്യേക സൗകര്യങ്ങൾ ഒരുക്കണം. ട്രെയിൻ സർവീസുകൾ വൈകുകയോ റദ്ദാക്കുകയോ ചെയ്താൽ യാത്രക്കാർക്ക് നഷ്ടപരിഹാരത്തിന് അർഹതയുണ്ടായിരിക്കും. മുൻകൂർ അനുമതിയില്ലാതെ സർവീസുകൾ നിർത്തിവെക്കാൻ ഓപ്പറേറ്റർമാർക്ക് അനുവാദമില്ല. നിർദേശം ശൂറ കൗൺസിൽ അംഗീകരിക്കുന്ന മുറക്ക് തുടർ നടപടികളിലേക്ക് പോകും.

Tags:    
News Summary - bahrain to impliment Railway Regulation Law

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.