15 കാരിയെ ഓൺലൈൻ ബ്ലാക്ക് മെയിലിങ്ങിന് ഇരയാക്കിയ യുവാവ് പിടിയിൽ
മനാമ: സോഷ്യൽ മീഡിയ വഴി വിദേശത്തുള്ള 15 കാരിയെ വലയിലാക്കി ഓൺലൈൻ ബ്ലാക്ക് മെയിലിംഗിന് ഇരയാക്കിയ 20 കാരനായ യുവാവിനെ ബഹ്റൈൻ ജനറൽ ഡയറക്ടറേറ്റ് ഓഫ് ആന്റി കറപ്ഷൻ ആൻഡ് ഇക്കണോമിക് ആൻഡ് ഇലക്ട്രോണിക് സെക്യൂരിറ്റിക്ക് കീഴിലുള്ള 'സൈബർ സ്പേസ് ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റ്' അറസ്റ്റ് ചെയ്തു.
പരാതി ലഭിച്ച് 24 മണിക്കൂറിനകം അന്വേഷണ സംഘം കൃത്യമായ വിവരശേഖരണത്തിലൂടെയും തെളിവുകളിലൂടെയും പ്രതിയെ തിരിച്ചറിഞ്ഞ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. കേസ് തുടർനടപടികൾക്കായി പബ്ലിക് പ്രൊസിക്യൂഷന് കൈമാറുന്നതിനുള്ള നിയമനടപടികൾ ആരംഭിച്ചിട്ടുണ്ട്.
സോഷ്യൽ മീഡിയ ഉപയോഗിക്കുമ്പോൾ കുട്ടികൾ നേരിടുന്ന അപകടങ്ങളിൽ നിന്ന് അവരെ സംരക്ഷിക്കാൻ രക്ഷിതാക്കൾ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റ് അഭ്യർത്ഥിച്ചു. അജ്ഞാതരുമായി ആശയവിനിമയം നടത്തുന്നതിന്റെയും വ്യക്തിഗത വിവരങ്ങളോ ചിത്രങ്ങളോ പങ്കുവെക്കുന്നതിന്റെയും അപകടങ്ങളെക്കുറിച്ച് കുട്ടികളെ ബോധവത്കരിക്കണം.
ഓൺലൈൻ വഴിയുള്ള ഏതെങ്കിലും തരത്തിലുള്ള ചൂഷണങ്ങളോ ബ്ലാക്ക് മെയിലിംഗ് ശ്രമങ്ങളോ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ ബന്ധപ്പെടാൻ അതോറിറ്റി വിവരങ്ങൾ പുറത്തുവിട്ടിട്ടുണ്ട്. ഡയറക്ട് നമ്പർ: 33523300, ഇമെയിൽ: cpcu@interior.gov.bh, ഹോട്ട്ലൈൻ: 992
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.