ഡ്രോൺ നിയമങ്ങൾ കർശനമാക്കുന്നു; നിയമലംഘകരെ കാത്തിരിക്കുന്നത് ജീവപര്യന്തവും വധശിക്ഷയും വരെ
മനാമ: രാജ്യത്തിന്റെ വ്യോമപാതയ്ക്ക് ഭീഷണി ഉയർത്തുന്ന രീതിയിലോ ഭീകരപ്രവർത്തനങ്ങൾക്കോ ഡ്രോണുകൾ ഉപയോഗിച്ചാൽ കർശന ശിക്ഷ ഉറപ്പാക്കുന്ന പുതിയ സിവിൽ ഏവിയേഷൻ നിയമ ഭേദഗതിക്കൊരുങ്ങി ബഹ്റൈൻ. രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ പുറപ്പെടുവിച്ച ഈ ഓർഡിനൻസ് വരാനിരിക്കുന്ന ശൂറ കൗൺസിൽ യോഗത്തിൽ അവതരിപ്പിക്കും. പൊതുസുരക്ഷ, ദേശീയ സുരക്ഷ, വ്യക്തികളുടെ സ്വകാര്യത എന്നിവ മുൻനിർത്തിയാണ് ഡ്രോൺ ഉപയോഗത്തിന് സമഗ്രമായ നിയമനിർമ്മാണം നടത്തിയിരിക്കുന്നത്.
സൈനിക-സുരക്ഷാ കേന്ദ്രങ്ങൾ, എണ്ണനിലയങ്ങൾ, പ്രധാന അടിസ്ഥാന സൗകര്യങ്ങൾ അല്ലെങ്കിൽ വി.ഐ.പി വാഹനവ്യൂഹങ്ങൾ എന്നിവയെ ലക്ഷ്യമിട്ട് ഡ്രോൺ ഉപയോഗിച്ചാലോ, ഭീകരവാദ ആവശ്യങ്ങൾക്ക് ഡ്രോണുകൾ ദുരുപയോഗം ചെയ്താലോ ജീവപര്യന്തം തടവ് ലഭിക്കും. ഇത്തരം ഡ്രോൺ ആക്രമണങ്ങളിൽ ജീവഹാനി സംഭവിച്ചാൽ വധശിക്ഷയോ ജീവപര്യന്തം തടവോ വിധിക്കാൻ കോടതികൾക്ക് അധികാരമുണ്ടാകും.
ഡ്രോൺ ഹാക്കിങ്, വ്യോമപാതയ്ക്ക് ഭീഷണി ഉയർത്തൽ, ഡ്രോണുകളിൽ ആയുധങ്ങളോ സ്ഫോടകവസ്തുക്കളോ ഘടിപ്പിക്കൽ, സിഗ്നൽ ജാമറുകൾ അനുമതിയില്ലാതെ ഉപയോഗിക്കൽ, വാർത്താവിനിമയ ബന്ധങ്ങൾ തടസ്സപ്പെടുത്തൽ എന്നിവയ്ക്ക് ഏഴ് വർഷം വരെ തടവ് ലഭിക്കും. സൈനിക നീക്കങ്ങൾ, നിരോധിത മേഖലകൾ, ഔദ്യോഗിക ചടങ്ങുകൾ എന്നിവ അനുമതിയില്ലാതെ ചിത്രീകരിക്കുകയോ വ്യക്തിഗത സ്വകാര്യത ലംഘിക്കുകയോ ചെയ്താൽ 5 വർഷം വരെ തടവും 2,000 മുതൽ 5,000 ദിനാർ വരെ പിഴയും ഈടാക്കും.
മതിയായ ലൈസൻസില്ലാതെ ഡ്രോൺ പറത്തുക, നിർമ്മിക്കുക, ഇറക്കുമതി ചെയ്യുക, കൈവശം വയ്ക്കുക, പരിപാലനം നടത്തുക അല്ലെങ്കിൽ ലൊക്കേഷൻ വിവരങ്ങൾ ശേഖരിക്കുക എന്നിവയ്ക്ക് 3,000 ദിനാർ വരെ പിഴയോ തടവോ ലഭിക്കാം. കുറ്റകൃത്യങ്ങൾക്ക് ഉപയോഗിക്കുന്ന ഡ്രോണുകളും അനുബന്ധ ഉപകരണങ്ങളും പിടിച്ചെടുക്കാൻ കോടതി ഉത്തരവിടും.പുതിയ ഭേദഗതി പ്രകാരം ഡ്രോണുകൾ വിൽക്കുന്നതിനും വാടകയ്ക്ക് നൽകുന്നതിനും ക്യാമറകൾ ഘടിപ്പിക്കുന്നതിനും വരെ ബഹ്റൈൻ ഡിഫൻസ് ഫോഴ്സ്, ആഭ്യന്തര മന്ത്രാലയം, സിവിൽ ഏവിയേഷൻ അതോറിറ്റി എന്നിവയുടെ മുൻകൂർ അനുമതി നിർബന്ധമാണ്.
കൂടാതെ, സിവിൽ ഏവിയേഷൻ റഗുലേറ്ററി സംവിധാനം പുനഃസംഘടിപ്പിച്ച് സ്വതന്ത്ര ഭരണനിർവ്വഹണ അധികാരമുള്ള 'സിവിൽ ഏവിയേഷൻ അതോറിറ്റി' സ്ഥാപിക്കാനും അപകടങ്ങളെക്കുറിച്ച് അന്വേഷിക്കാൻ മന്ത്രിസഭയ്ക്ക് കീഴിൽ പ്രത്യേക അന്വേഷണ ഓഫീസ് രൂപീകരിക്കാനും ഈ നിയമം വ്യവസ്ഥ ചെയ്യുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.