സമ്മർ ഇൻ ബഹ്റൈൻ കുടുംബ സംഗമത്തിൽനിന്ന്
മനാമ: ബഹ്റൈൻ എ.കെ.സി.സിയുടെ ഈദ് ആഘോഷത്തോടനുബന്ധിച്ച് നടത്തിയ സമ്മർ ഇൻ ബഹ്റൈൻ കുടുംബസംഗമം ശ്രദ്ധേയമായി. കുടുംബങ്ങളുടെ സജീവ സാന്നിധ്യം കുടുംബ സംഗമത്തെ വേറിട്ട അനുഭവമാക്കി. ഒരുമയും സ്നേഹവും പെരുന്നാളിന്റെ ആഹ്ലാദവും അംഗങ്ങൾ പങ്കുവെച്ചു. ജിബി അലക്സിന്റെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ ജനറൽ സെക്രട്ടറി ജീവൻ ചാക്കോ സ്വാഗതം പറഞ്ഞു. പ്രസിഡന്റ് ചാൾസ് ആലുക്ക ഉദ്ഘാടനം ചെയ്തു. ജീവിതത്തിൽ എത്ര വലിയ പ്രതിസന്ധി നേരിട്ടാലും ദൈവഹിതമനുസരിച്ച് ജീവിക്കുന്നവർക്ക് ആത്യന്ത വിജയം ഉണ്ടാകുമെന്നുള്ള പ്രതീക്ഷയുടെ സന്ദേശമാണ് ബലിപെരുന്നാൾ നൽകുന്നതെന്നും സാമൂഹിക സൗഹാർദം ഊട്ടി ഉറപ്പിക്കാനും നന്മക്കായി പ്രവർത്തിക്കാനും ആഘോഷവേളകൾ ഉപയോഗപ്പെടുത്തണമെന്നും ചാൾസ് ആലുക്ക പറഞ്ഞു. സമർപ്പണത്തിന്റെയും സ്ഥൈര്യത്തിന്റെയും ഉദാത്ത ചരിത്രമാണ് ബലിപെരുന്നാൾ നമ്മെ ബോധ്യപ്പെടുത്തുന്നതെന്ന് ജിബി അലക്സ് പറഞ്ഞു.
ഒരുമയുടെയും സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും മഹത്തായ സന്ദേശങ്ങൾ ജീവിതത്തിൽ പ്രതിഫലിപ്പിക്കാൻ ബലിപെരുന്നാൾ നമുക്ക് പ്രചോദനമാകട്ടെ എന്ന് ജീവൻ ചാക്കോ പറഞ്ഞു. സാമൂഹിക പ്രവർത്തകരായ ജസ്റ്റിൻ ജോർജ്, പോൾ ഉറുവത്ത്, ഷിനോയ് പുളിക്കൻ, ജോഷി വിതയത്തിൽ, ജോബി ജോസഫ്, ലൈജു തോമസ് എന്നിവർ സംസാരിച്ചു. ചടങ്ങുകൾക്ക് നിർവാഹക സമിതി അംഗങ്ങളായ അലക്സ്കറിയ, ജോൺ ആലപ്പാട്ട്, മോൻസി മാത്യു, ജസ്റ്റിൻ ജോർജ്, ജെൻസൺ, സാഹിത്യവേദി കൺവീനർ ജോജി കുര്യൻ, റൂസ്സോ, അജീഷ്, ജെയിംസ് ജോസഫ്, അദിത്ത് അലക്സ് നേതൃത്വം നൽകി. എസ്. ബൈജു, ഐസക് എന്നിവർ ചടങ്ങുകൾ നിയന്ത്രിച്ചു. പ്രോഗ്രാം കൺവീനർ രതീഷ് സെബാസ്റ്റ്യൻ നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.