മനാമ: രാജ്യത്തെ വരൾച്ചയെ നേരിടാനുള്ള നൂതന പദ്ധതിയുമായി ബഹ്റൈൻ സ്പേസ് ഏജൻസി (ബി.എസ്.എ). ഭൂമിക്കടിയിലെ ജലസ്രോതസ്സുകൾ കണ്ടെത്താൻ ഉപഗ്രഹ ഡേറ്റ ഉപയോഗിക്കുന്ന പദ്ധതിയാണ് ബി.എസ്.എ സമർപ്പിച്ചത്.വരൾച്ചയെയും മരുഭൂമീകരണത്തെയും (ഫലഭൂയിഷ്ഠമായ ഭൂമി ക്രമേണ ഉൽപാദനക്ഷമത നഷ്ടപ്പെട്ട് മരുഭൂമിക്ക് സമാനമായ അവസ്ഥയിലേക്ക് മാറുന്ന പ്രക്രിയ) തടയുന്നതിനുള്ള അന്താരാഷ്ട്ര ശ്രമങ്ങൾക്ക് ഇത് പുതിയ പ്രതീക്ഷയാണ് നൽകുന്നത്.
ബ്രസീലിലെയും യു.കെയിലെയും വിദഗ്ധരുമായി സഹകരിച്ച് സ്പേസ് എൻജിനീയർ ആഇശ അൽ ജൗദറാണ് ഈ പഠനത്തിന് നേതൃത്വം നൽകിയത്. ‘ബഹിരാകാശ ജലപദ്ധതി’സംരംഭത്തിൽ പങ്കെടുക്കാനും പ്രതിസന്ധികൾ കണ്ടെത്താനും പരിഹാരങ്ങൾ നിർദേശിക്കാനും അവസരം നൽകിയതിന് യു.എൻ ഓഫിസ് ഫോർ ഔട്ടർ സ്പേസ് അഫയേഴ്സിന് അവർ നന്ദി പറഞ്ഞു. ജലവുമായി ബന്ധപ്പെട്ട വെല്ലുവിളികൾക്ക് ബഹിരാകാശ സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് നൂതന പരിഹാരങ്ങൾ വികസിപ്പിക്കാനാണ് ഈ സംരംഭം ലക്ഷ്യമിടുന്നത്.
യുനൈറ്റഡ് നേഷൻസ് ഓഫിസ് ഫോർ ഔട്ടർ സ്പേസ് അഫയേഴ്സ്, പ്രിൻസ് സുൽത്താൻ ബിൻ അബ്ദുൾ അസീസ് ഇന്റർനാഷനൽ പ്രൈസ് ഫോർ വാട്ടർ എന്നിവയുമായി സഹകരിച്ച് ‘ബഹിരാകാശ ജലപദ്ധതി’സംരംഭത്തിന്റെ ഭാഗമായാണ് ബി.എസ്.എ ഈ പദ്ധതി പ്രഖ്യാപിച്ചത്. ബഹിരാകാശ സാങ്കേതികവിദ്യകൾ ഉപയോഗിച്ച് ഭൂഗർഭജലം കണ്ടെത്തുക എന്നതാണ് ഈ സംരംഭം ലക്ഷ്യമിടുന്നത്. ഭൂമിശാസ്ത്രപരമായി ചെറിയ രാജ്യങ്ങൾക്ക് ബഹിരാകാശ ഡേറ്റയെ അടിസ്ഥാനമാക്കിയുള്ള നൂതന പരിഹാരങ്ങൾക്ക് ഇത് മികച്ച മാതൃകയാണ്. മണ്ണിലെ ഈർപ്പവും ഭൂമിയുടെ ഉയരവും അളക്കുന്നതിന് മൂന്ന് രീതിശാസ്ത്രങ്ങളെയാണ് ഈ പദ്ധതി ആശ്രയിച്ചത്. ഇത് ബഹ്റൈനിലെ ആഴം കുറഞ്ഞ ഭൂഗർഭജലത്തിന് സാധ്യതയുള്ള സ്ഥലങ്ങളെ തിരിച്ചറിയാൻ സഹായിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.