മനാമ: സയൻസ് ഇന്റർനാഷനൽ ഫോറം ബഹ്റൈനിലെ സ്കൂൾ വിദ്യാർഥികൾക്കായി കഴിഞ്ഞ 12 വർഷമായി നടത്തിവരുന്ന സയൻസ് ഇന്റർനാഷനൽ ഫോറം ശാസ്ത്രപ്രതിഭ പരീക്ഷയുടെ ഈ വർഷത്തെ തീയതികൾ പ്രഖ്യാപിച്ചു. മൂന്ന് ഘട്ടങ്ങളിലായാണ് പരീക്ഷകൾ നടക്കുന്നത്. നവംബർ എട്ടിന് ഒന്നാം ഘട്ട പരീക്ഷ ആരംഭിക്കും.
നവംബർ അവസാന വാരം രണ്ടാം ഘട്ടവും ഡിസംബർ ആദ്യവാരം മൂന്നാം ഘട്ടവും നടക്കും. ആറ്, ഏഴ്, എട്ട് ക്ലാസുകൾ ജൂനിയർ വിഭാഗത്തിലും ഒമ്പത്,10 ,11 ക്ലാസുകളിലെ കുട്ടികൾ സീനിയർ വിഭാഗത്തിലുമാണ് മത്സരിക്കുന്നത്. ബഹ്റൈനിലെ മൊത്തം സി.ബി.എസ്.ഇ സ്കൂളുകളിലെയും ഓരോ ഗ്രേഡുകളിൽ ഏറ്റവും കൂടുതൽ മാർക്ക് ലഭിക്കുന്ന രണ്ട് കുട്ടികളെ ‘ശാസ്ത്രപ്രതിഭ’ അവാർഡ് നൽകി ആദരിക്കും. ഈ വർഷം മുതൽ ബഹ്റൈനിൽ നിന്ന് ശാസ്ത്രപ്രതിഭകളായി വിജയിക്കുന്ന കുട്ടികൾക്ക് ഇന്ത്യയിൽ നടക്കുന്ന ‘വിദ്യാർഥി വിജ്ഞാൻ മംത്ഥൻ പരീക്ഷ’ യിൽ മാറ്റുരക്കാനുള്ള അവസരം ലഭിക്കും.
ശാസ്ത്രപ്രതിഭകളാകുന്ന വിദ്യാർഥികൾക്ക് ഇന്ത്യയിലെ പ്രമുഖ ശാസ്ത്ര സാങ്കേതിക സ്ഥാപനങ്ങളായ ഐ.എസ്.ആർ.ഒ, ഭാഭാ ആറ്റമിക് റിസർച് സെന്റർ, ഡി.ആർ.ഡി.ഒ മുതലായ സ്ഥാപനങ്ങൾ സന്ദർശിക്കുന്ന ശാസ്ത്രയാൻ സംഘത്തിൽ ചേരാനും കഴിയും. കുട്ടികൾ പഠിക്കുന്ന അതത് സ്കൂളുകൾ വഴി മാത്രമേ ശാസ്ത്രപ്രതിഭ പരീക്ഷക്ക് രജിസ്റ്റർ ചെയ്യാൻ കഴിയൂ.
പത്രസമ്മേളനത്തിൽ സയൻസ് ഇന്റർനാഷനൽ ഫോറം ബഹ്റൈൻ പ്രസിഡന്റ് കെ.എസ് അനിലാൽ ആണ് ശാസ്ത്രപ്രതിഭ പരീക്ഷ തീയതികൾ പ്രഖ്യാപിച്ചത്. എസ്.ഐ.എഫ് ചെയർമാൻ ഡോ. വിനോദ് മണിക്കര, വൈസ് പ്രസിഡന്റുമാരായ കെ. സജീവൻ, ചന്ദ്രശേഖരൻ, ജനറൽ സെക്രട്ടറി പ്രശാന്ത് ധർമരാജ്, ജോയൻറ് സെക്രട്ടറി കെ.ടി. രമേശ്, എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളായ മുകേഷ്, പ്രവീൺ ബി. ദീപ സജീവൻ എന്നിവർ സംബന്ധിച്ചു. എസ്.ഐ.എഫ് ഉപദേശകസമിതി ചെയർമാൻ ഡോ. രവി വാര്യർ പരീക്ഷക്ക് ആശംസകൾ നേർന്നു. ചന്ദ്രശേഖരൻ നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.