മനാമ: ഹമദ് ടൗണിൽ ലൈസൻസില്ലാത്ത വാഹനത്തിൽ നാല് വയസ്സുകാരൻ മരിച്ച ദാരുണസംഭവത്തിന് പിന്നാലെ, സ്കൂൾ കുട്ടികളെ കൊണ്ടുപോകുന്ന വാഹനങ്ങളിൽ മോഷൻ സെൻസറുകളും നിരീക്ഷണ സംവിധാനങ്ങളും ഏർപ്പെടുത്തണമെന്ന ആവശ്യവുമായി എം.പി മറിയം അൽ ധഈൻ രംഗത്ത്. നേരത്തെ വാഹനങ്ങളിൽ ഡാഷ്ബോർഡ് കാമറകൾ നിർബന്ധമാക്കാനുള്ള തന്റെ നിർദേശത്തിനൊപ്പം, കുട്ടികളെ വാഹനത്തിൽ മറന്നുപോയാൽ ഡ്രൈവർമാർക്കോ രക്ഷിതാക്കൾക്കോ മുന്നറിയിപ്പ് നൽകാൻ കഴിയുന്ന മോഷൻ സെൻസറുകളോ സി.സി.ടി.വി ബന്ധിപ്പിച്ച സുരക്ഷാസംവിധാനങ്ങളോ ഉൾപ്പെടുത്താനും താൻ ശ്രമിക്കുമെന്ന് എം.പി അറിയിച്ചു. ഡാഷ് കാമറകൾ ഉപയോഗിക്കാനുള്ള തന്റെ നിർദേശം ഇതിനോടകം അംഗീകരിച്ചിട്ടുണ്ട്. അതിനൊപ്പം മോഷൻ സെൻസറുകൾ കൂടി കൂട്ടിച്ചേർക്കാൻ സാധിക്കുമെന്നും എം.പി പറഞ്ഞു.
ഇത്തരം സാങ്കേതികവിദ്യകൾ ബഹ്റൈനിലെ വാഹനങ്ങൾക്ക് അനുയോജ്യമാണെന്നും ഇത് കാറിൽ ഘടിപ്പിക്കാനും വിദൂരമായി നിരീക്ഷിക്കാനും കഴിയുമെന്നുമാണ് ബന്ധപ്പെട്ട അധികൃതർ അറിയിക്കുന്നത്. വാഹനത്തിനുള്ളിൽ എന്തെങ്കിലും ചലനം ഉണ്ടായാൽ, അലാറം മുഴങ്ങുകയും ശ്രദ്ധ ആകർഷിക്കുകയും ചെയ്യും. കൂടാതെ, വാഹനത്തിൽ കയറുന്നതും ഇറങ്ങുന്നതുമായ കുട്ടികളുടെ എണ്ണം കൃത്യമായി എണ്ണാൻ കഴിയുന്ന നൂതന സംവിധാനങ്ങളുമുണ്ട്.
ലൈസൻസില്ലാത്തതോ സുരക്ഷിതമല്ലാത്തതോ ആയ വിദ്യാർഥികളുടെ ഗതാഗതം തടയാൻ സ്കൂളുകൾക്ക് സമീപം ചെക്ക്പോസ്റ്റുകൾ സ്ഥാപിക്കുന്നത് സഹായിക്കുമെന്ന് എം.പി അഭിപ്രായപ്പെട്ടു. കുറഞ്ഞ ചിലവിൽ സർവിസ് ലഭിക്കുന്നതിനാലാണ് രക്ഷിതാക്കൾ ലൈസൻസില്ലാത്ത ഡ്രൈവർമാരെ ആശ്രയിക്കുന്നത്. അതുകൊണ്ട് തന്നെ ലൈസൻസുള്ള ഓപ്പറേറ്റർമാർക്ക് സബ്സിഡി നൽകുന്നത് സേവനങ്ങൾ കൂടുതൽ താങ്ങാനാവുന്നതാക്കാൻ സഹായിക്കുമെന്നും അവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.