വിദ്യാഭ്യാസമന്ത്രി ഡോ. മുഹമ്മദ് മുബാറക് ജുമുഅ
മനാമ: സ്കൂൾ ബസുകളിലോ കുട്ടികളെ കൊണ്ടുപോകുന്ന മറ്റ് വാഹനങ്ങളിലോ മതിയായ ലൈസൻസില്ലാത്ത വ്യക്തിഗത ഡ്രൈവർമാരെ നിയമിക്കുന്നതിനെതിരെ കർശന മുന്നറിയിപ്പുമായി വിദ്യാഭ്യാസമന്ത്രി ഡോ. മുഹമ്മദ് മുബാറക് ജുമുഅ. അംഗീകൃത ഡ്രൈവർമാർക്ക് ആഭ്യന്തര മന്ത്രാലയവുമായി സഹകരിച്ച് ഓരോ അധ്യയനവർഷാരംഭത്തിലും സമഗ്ര പരിശീലനം നൽകുന്നുണ്ട്. ഡ്രൈവർമാർ രാവിലെയും വൈകുന്നേരവും സീറ്റ് പരിശോധന ഉറപ്പാക്കി ഫോമിൽ ഒപ്പിടണം.
പരിശീലനം ലഭിക്കാത്ത ഡ്രൈവർമാർ നിയമപരമായ നടപടിക്രമങ്ങൾ പാലിക്കാത്തതിനാലാണ് മിക്ക അപകടങ്ങളും സംഭവിക്കുന്നതെന്നും മന്ത്രി ചൂണ്ടിക്കാട്ടി. കഴിഞ്ഞയാഴ്ച സ്കൂൾ ബസുകളിൽ ഉറങ്ങിക്കിടന്ന നിലയിൽ നാല് വിദ്യാർഥികളെ കണ്ടെത്തിയ സംഭവവും ഇതിന് മുമ്പുണ്ടായ ഒരു കുട്ടിയുടെ മരണവും ബഹ്റൈനിലെ വിദ്യാർഥി ഗതാഗത സുരക്ഷയിൽ വീണ്ടും ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് കാരണമായിട്ടുണ്ട്.
ഇതിനെ തുടർന്നാണ് മന്ത്രി കർശന മുന്നറിയിപ്പുമായി പാർലമെന്റിൽ വിഷയം അവതരിപ്പിച്ചത്. അടുത്തിടെ സ്കൂൾ ബസിനുള്ളിൽ ദാരുണമായി മരണപ്പെട്ട കുട്ടിയുടെ പിതാവിനെ താൻ നേരിൽ കണ്ട് അനുശോചനം അറിയിച്ചതായും ഈ സംഭവത്തെ തുടർന്ന് മന്ത്രാലയം സ്വീകരിച്ച നടപടികൾ വിലയിരുത്തിയതായും മന്ത്രി വ്യക്തമാക്കി. കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ ബസ് ഡ്രൈവർമാർക്കാണ് പ്രധാന ഉത്തരവാദിത്തമെന്ന് ഡോ. ജുമുഅ ഊന്നിപ്പറഞ്ഞു. ബസ് പുറപ്പെടുന്നതിന് മുമ്പ് എല്ലാ സീറ്റുകളും പരിശോധിച്ചിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ആഭ്യന്തര മന്ത്രാലയം, പബ്ലിക് പ്രോസിക്യൂഷൻ, മറ്റ് ബന്ധപ്പെട്ട അധികാരികൾ എന്നിവരുമായി ചേർന്ന് എല്ലാ കുട്ടികളും സുരക്ഷിതമായ കൈകളിലാണെന്ന് ഉറപ്പാക്കാൻ മന്ത്രാലയം പ്രതിജ്ഞാബദ്ധമാണ്. കിൻറർഗാർട്ടനുകളും സ്കൂളുകളും തമ്മിലുള്ള നിയമപരമായ വ്യത്യാസങ്ങളും അദ്ദേഹം വിശദീകരിച്ചു. അടുത്തിടെയുണ്ടായ ദുരന്തം സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലുള്ള മേൽനോട്ടം ശക്തമാക്കാനും ലൈസൻസില്ലാത്ത ഡ്രൈവർമാരെ ഏൽപ്പിക്കുന്നത് വഴിയുള്ള അപകടങ്ങളെക്കുറിച്ച് രക്ഷിതാക്കളെ ബോധവത്കരിക്കാനും മന്ത്രാലയത്തെ പ്രേരിപ്പിച്ചതായി ഡോ. ജുമുഅ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.