മനാമ: ബഹ്റൈനിൽ ജോലി ചെയ്യുന്ന എല്ലാ പ്രവാസിക ളുടെയും ശമ്പളം ഇവിടുത്തെ ബാങ്കുകൾ വഴി നൽകണമെന്ന നിയമം ഉടൻ നടപ്പാക്കുമെന്ന് റിപ്പോർട്ട്. പുതിയ വേതന സംരക്ഷണ സംവിധാനം അടുത്ത വർഷം ജനുവരി മുതൽ നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്. വിദേശ തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുക എന്നതാണ് ഇതിെൻറ ലക്ഷ്യം. താഴ്ന്ന വരുമാനക്കാർക്കും വീട്ടുജോലിക്കാർക്കും മറ്റും ഇൗ നിയമം നടപ്പാക്കുന്നത് വലിയ തോതിൽ ഗുണം ചെയ്യും. ശമ്പള സ്ലിപ് പോലുമില്ലാതെയാണ് ഇൗ വിഭാഗങ്ങളിൽ പെടുന്ന പലർക്കും വേതനം നൽകുന്നത്. ഇത് കടുത്ത ചൂഷണത്തിനും ശമ്പളം തന്നെ നിഷേധിക്കുന്നതിനും ഇടയായിട്ടുണ്ട്. പദ്ധതി നടപ്പാക്കുന്നതിന് മുമ്പായി സെൻട്രൽ ബാങ്ക് ഒാഫ് ബഹ്റൈൻ (സി.ബി.ബി) വിവിധ ബാങ്കുകളുടെ ചീഫ് എക്സിക്യൂട്ടിവുമാർക്ക് അവരുടെ അഭിപ്രായം തേടി കത്തയച്ചിട്ടുണ്ട്. ശമ്പളം കൈപ്പറ്റൽ, നൽകൽ തുടങ്ങിയ കാര്യങ്ങളിൽ സുവ്യക്തമായ നിർദേശങ്ങൾ സമർപ്പിക്കാനാണ് സി.ബി.ബി ആവശ്യപ്പെട്ടിരിക്കുന്നത്. ഇൗ വിഷയത്തിൽ തുറന്ന ചർച്ചക്ക് തയാറാെണന്ന് സി.ബി.ബി വ്യക്തമാക്കിയതായി പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു.
തൊഴിലാളികൾക്ക് പ്രീപെയ്ഡ് കാർഡുകൾ വഴിയും ഇ^വാലറ്റുകൾ വഴിയും മറ്റു മാർഗങ്ങൾ മുഖേനയും ശമ്പളം നൽകുന്ന കാര്യവും പഠനവിധേയമാക്കും. പുതിയ തീരുമാനം തൊഴിലാളികൾക്ക് അധികഭാരമായി തീരാൻ ഇടവരരുത് എന്ന് നിർദേശമുണ്ട്. തൊഴിലുടമകൾക്ക് അധികം ചെലവില്ലാതെ ഇത് നടപ്പാക്കാനും സാധിക്കണമെന്ന് സി.ബി.ബി വ്യക്തമാക്കുന്നു.പുതിയ നിർദേശം ഇക്കണോമിക് ഡെവലപ്മെൻറ് ബോർഡ്, ലേബർ മാർക്കറ്റ് റെഗുലേറ്റി അതോറിറ്റി (എൽ.എം. ആർ.എ) തുടങ്ങിയ ഏജൻസികളും പഠിക്കും. പദ്ധതി നടപ്പാക്കാനായി സി.ബി.ബിയും മറ്റ് ഏജൻസികളുമായി ചേർന്ന് പ്രവർത്തിക്കുകയാണെന്ന് എൽ.എം.ആർ.എ ചീഫ് എക്സിക്യൂട്ടിവ് ഉസാമ അൽ അബ്സി പറഞ്ഞു. നിലവിൽ ഏതൊക്കെ ബാങ്കുകളാണ് ഇൗ സേവനം നൽകാൻ സന്നദ്ധരായിട്ടുള്ളത് എന്ന കാര്യമാണ് പഠിക്കുന്നത്. തൊഴിലാളികളുടെ ചൂഷണം അവസാനിപ്പിക്കാൻ ഇൗ നടപടി കരുത്ത് പകരുമെന്ന് അൽ അബ്സി അഭിപ്രായപ്പെട്ടു. ഇത് വിവിധ ഘട്ടങ്ങളിലായാണ് നടപ്പാക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വേതന സംരക്ഷണ സംവിധാനം കുവൈത്ത് കഴിഞ്ഞ വർഷം നടപ്പാക്കിയിട്ടുണ്ട്. ഇത് പ്രകാരം പ്രവാസികൾ തൊഴിലെടുക്കുന്ന കമ്പനികൾ അവരുടെ ശമ്പളം ബാങ്ക് എക്കൗണ്ടിലേക്ക് മാറ്റണം. ശമ്പളം മുടങ്ങിയാൽ ഭാവിയിൽ വിസ പെർമിറ്റ് അനുവദിക്കാത്ത സ്ഥിതിയുണ്ടാകും. ശമ്പളം ലഭിക്കുന്നില്ല എന്നത് താഴ്ന്ന വരുമാനക്കാരായ പ്രവാസികൾക്കിടയിലുള്ള പ്രധാന പരാതികളിലൊന്നാണ്. പല നിർമാണ സ്ഥാപനങ്ങൾക്കെതിരെയും ഇത്തരം പരാതികൾ ഉയർന്നിട്ടുണ്ട്. ഇൗ വർഷം രണ്ടാം പാദത്തിലെ കണക്കനുസരിച്ച് ബഹ്റൈനിൽ 606,357 പ്രവാസികൾ ജോലി ചെയ്യുന്നുണ്ട്. ഇതിൽ 100,058 പേർ വീട്ടുജോലിക്കാരാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.