ഇരുപത് ഭാഷകളിലായി അരലക്ഷത്തോളം പാട്ടുകൾ, നവരസങ്ങളെ ശബ്ദത്തിൽ പ്രതിഫലിപ്പിച്ച ആലാപനം, മലയാളിക്ക് എന്തായിരുന്നു സിഷ്ഠല ശ്രീരാമമൂർത്തി ജാനകി എന്ന എസ്. ജാനകി എന്നതിനേക്കാളും എന്തായിരുന്നില്ല എന്ന് തിരയുന്നതാവും എളുപ്പമാവുക. സ്ത്രീയിലെ വിവിധ ഭാവങ്ങളെ ശബ്ദത്തിലൂടെ എത്ര ഭംഗി ആയിട്ടാണ് അവർ സമന്വയിപ്പിച്ചത്. അമ്മയുടെ സ്നേഹവാത്സല്യങ്ങളും, ഭാര്യയുടെ പരിഭവങ്ങളും, പരിവേദനങ്ങളും, കാതരയായ കാമുകിയുടെ പ്രണയവും, കുഞ്ഞു മകളുടെ കൊഞ്ചി പറയലുകളുമൊക്കെ അതിഭാവുകത്വം ഏതുമില്ലാതെ മലയാളിയെ പാടി കൊതിപ്പിച്ച ശബ്ദസൗന്ദര്യം ആയിരുന്നു ജാനകിയമ്മ.
ഭാഷയുടെ അതിർവരമ്പുകളെ നിഷ്പ്രഭമാക്കിക്കൊണ്ട് വിവിധ ഇന്ത്യൻ ഭാഷകൾ കൂടാതെ ജാപനീസ്, ജർമൻ, ഇംഗ്ലീഷ്, അറബിക്, സിംഹള ഉൾപ്പെടെയുള്ള വിദേശ ഭാഷകളിലും കടന്നുചെന്നു ആ ശബ്ദ സാന്നിധ്യം. 'വിധിതൻ വിളയാട്ട്' എന്ന തമിഴ് ചിത്രത്തിലൂടെ ആയിരുന്നു ചലച്ചിത്ര ഗാനരംഗത്തേക്ക് കടന്ന് വന്നതത്രേ. വിധിയുടെ ക്രൂര വിളയാട്ടം ആ ജീവിതത്തിലും പലപ്പോഴും ദുഃഖത്തിന്റെ കരിനിഴൽ പരത്തിയിട്ടുണ്ടെങ്കിലും ജാനകിയമ്മ പാടിവച്ച ഓരോ പാട്ടുകളും ഏത് അവസ്ഥയിലും അത് കേൾക്കുന്നവരുടെ മനസ്സിന് കുളിർമയേകുന്നതായിരുന്നു. എത്ര കേട്ടാലും മതിവരാത്ത എത്രയെത്ര പാട്ടുകളാണ് ജാനകിയമ്മ പാടിവച്ചിരിക്കുന്നത്.
അവയിലൂടെ കാലാന്ദരങ്ങളെ അതിജീവിച്ച് ആ പ്രിയപ്പെട്ട അമ്മ നമ്മളോടൊപ്പം എന്നും ഉണ്ടാവും എന്ന് ആശ്വസിച്ചുകൊണ്ട്, എന്റെ ഏറ്റവും പ്രിയപ്പെട്ട പാട്ടുകളിലൊന്നിലെ, ഏറെ ഇഷ്ടമുള്ള വരികൾ കുറിച്ച് കൊണ്ട് ആ ശബ്ദതേജസ്സിന് പ്രണാമം അർപ്പിക്കുന്നു. "വെറുതെയിരുന്നേതോ കുയിലിന്റെ പാട്ടുകേട്ടതിർപാട്ട് പാടുവാൻ മോഹം... എതിർപാട്ട് പാടുവാൻ മോഹം".... കുയിലിനോട് എതിർപാട്ട് പാടാൻ ഒരു തലമുറയെ മോഹിപ്പിച്ച നാദസൗന്ദര്യത്തിന് കണ്ണീർ പ്രണാമം...
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.