സൗദിയിൽ വ്യത്യസ്ത വാഹനാപകടം; രണ്ട് ബഹ്റൈനി വനിതകൾ മരിച്ചു

മനാമ: സൗദി അറേബ്യയിൽ വെച്ചുണ്ടായ രണ്ട് വ്യത്യസ്ത അപകടങ്ങളിൽ നിന്നായി രണ്ട് മരണം. മക്കയിൽ നിന്ന് മദീനയിലേക്ക് യാത്ര ചെയ്യുകയായിരുന്ന ബഹ്‌റൈൻ കുടുംബത്തിന്റെ ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ ഒരു യുവതി മരണപ്പെടുകയും മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും അവർക്ക് ആവശ്യമായ ചികിത്സ ലഭ്യമാക്കുന്നുണ്ടെന്നും ബഹ്‌റൈൻ എംബസി അധികൃതർ അറിയിച്ചു. മറ്റൊരു സംഭവത്തിൽ, സൗദി തലസ്ഥാനമായ റിയാദിന് തെക്ക് ഹൗത ബാനി തമീം എന്ന സ്ഥലത്തുവെച്ച് ഏഴ് അംഗങ്ങളുള്ള മറ്റൊരു ബഹ്‌റൈൻ കുടുംബം സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെടുകയും ഒരു പെൺകുട്ടി മരണപ്പെടുകയും ചെയ്തു. അപകടത്തിൽപ്പെട്ട കുടുംബത്തിലെ മറ്റുള്ളവർ ആശുപത്രിയിൽ ചികിത്സയിലാണ്.

രണ്ട് അപകടങ്ങളിലും പെട്ടവർക്ക് ആവശ്യമായ സഹായങ്ങൾ നൽകുന്നതിനും, മടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് അതിനുള്ള സൗകര്യങ്ങൾ ഒരുക്കുന്നതിനും സൗദിയിലെ ബഹ്‌റൈൻ എംബസി അതാത് അധികൃതരുമായി ചേർന്ന് സജീവമായി പ്രവർത്തിച്ചുവരികയാണ്. പരിക്കേറ്റവർക്ക് മികച്ച ചികിത്സ ഉറപ്പാക്കുന്നതിനൊപ്പം, നിയമനടപടികൾ വേഗത്തിലാക്കി മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിനും നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് വേണ്ട ക്രമീകരണങ്ങൾ ചെയ്യുന്നതിനും എംബസി മുൻകൈ എടുക്കുന്നുണ്ട്. മക്കയിൽ നിന്നും മദീനയിലേക്കുള്ള യാത്രയ്ക്കിടെ ഉണ്ടായ അപകടത്തിൽപ്പെട്ട സംഘത്തിലെ 13 പേർ നാട്ടിലേക്ക് മടങ്ങാൻ സന്നദ്ധത അറിയിച്ചിട്ടുണ്ട്.

Tags:    
News Summary - Two Bahraini women die in separate car accidents in Saudi Arabia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.