മനാമ: ബഹ്റൈനിലെ വിവിധ കേന്ദ്രങ്ങളിൽ പ്രവർത്തിക്കുന്ന മദ്റസ അധ്യാപകരെ ഉൾപ്പെടുത്തിക്കൊണ്ട് റയ്യാൻ സ്റ്റഡി സെന്റർ ‘ടീച്ചേഴ്സ് കോൺഫറൻസ്’ നടത്തുമെന്ന് പ്രിൻസിപ്പൽ അബ്ദുല്ലത്വീഫ് ചാലിയം അറിയിച്ചു. സോഷ്യൽ മീഡിയയും മയക്കുമരുന്നു റാക്കറ്റുകളും വിദ്യാർഥി സമൂഹത്തെ വരിഞ്ഞുമുറുക്കി വഴിപിഴപ്പിക്കുന്ന സാഹചര്യത്തിൽ, മലീമസമായ ചുറ്റുപാടുകളിൽനിന്ന് വിദ്യാർഥികളെ മുക്തരാക്കേണ്ടതിന്റെയും ധാർമിക ബോധമുള്ളവരാക്കി വളർത്തേണ്ടതിന്റെയും ആവശ്യകത ഏറെയുണ്ടെന്ന് യോഗം വിലയിരുത്തി.
നിരന്തരമായ ബോധവത്കരണത്തിലൂടെ മാത്രമേ ഈ സംരംഭം വിജയിക്കുകയുള്ളൂവെന്നും അതിനായി അധ്യാപകരും രക്ഷിതാക്കളും ഒരുമിച്ചു കൈകോർക്കണമെന്നും യോഗം അഭ്യർഥിച്ചു. ‘അധ്യാപനകല കരുതലിന്റെ കല’ എന്ന തലക്കെട്ടിൽ ജൂൺ 8ന് ഞായറാഴ്ച രാവിലെ 9.30 മുതൽ വൈകീട്ട് 3:30 വരെ മനാമ റയ്യാൻ സെന്റർ ഹാളിൽ വെച്ചാണ് കോൺഫറൻസ് നടത്തുന്നത്. യുവ വാഗ്മിമാരായ സജ്ജാദ് ബിൻ അബ്ദുൽ റസാഖ്, വസീം അഹ്മദ് അൽ ഹികമി എന്നിവർ വിവിധ സെഷനുകൾ അഭിമുഖീകരിച്ച് സംസാരിക്കും.
കോൺഫറൻസിന്റെ വിജയത്തിനായി അബ്ദുൽ റസാഖ് വി.പി മുഖ്യ രക്ഷാധികാരിയായും അബ്ദുൽ അസീസ് ടി.പി (ചെയർമാൻ), എം.എം. രിസാലുദ്ദീൻ, ഹംസ അമേത്ത് (അസി. ചെയർമാൻ), അബ്ദുൽ ലത്തീഫ് ചാലിയം (പ്രോഗ്രാം കൺവീനർ), സാദിഖ് ബിൻ യഹ്യ (അസി. കൺവീനർ), തൗസീഫ് അഷ്റഫ് (സോഷ്യൽ മീഡിയ) നഫ് സിൻ, സുഹാദ് (ഐ.ടി സപ്പോർട്ട്), അബ്ദുൽ സലാം, ഷംസീർ (ടെക്നിക്കൽ സപ്പോർട്ട്), സലീം പാടൂർ (ട്രാൻസ്പോർട്ട്), അബ്ദുൽ ലത്തീഫ് സി.എം. (കാറ്ററിങ്), ഷബീർ (വളന്റിയർ), അബ്ദുൽ ഗഫൂർ (ഡിസിപ്ലിൻ), റഷീദ് മാഹി (മീഡിയ), ഫക്രുദ്ദീൻ, ബിനു ഇസ്മാഈൽ (പബ്ലിക് റിലേഷൻ) എന്നിവരടങ്ങുന്ന വിപുലമായ സ്വാഗതസംഘം രൂപവത്കരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.