മനാമ: മലയാളത്തിന്റെ എൺപതുകൾ ആഘോഷമാക്കി ബഹ്റൈൻ കേരളീയ സമാജം ഒരുക്കുന്ന 'എൺപതോളം...' എന്ന രുചിമേള 21ന് സമാജം ഡി.ജെ ഹാളിൽ അരങ്ങേറും.
80 കൾ എന്ന തീം തന്നെ മുഖ്യ ആകർഷണമാക്കിക്കൊണ്ടുള്ള പരിപാടിയിൽ ഗൃഹാതുരത്വമുണർത്തുന്ന പഴയകാല വസ്ത്രരീതിയും സ്റ്റാളുകളും പാട്ടുകളും ഫ്ലാഷ് മോബും അങ്ങനെ വിളമ്പുന്ന ഭക്ഷണമൊഴികെ എല്ലാം എൺപതുകളുടെ കെട്ടിലും മട്ടിലുമാക്കികൊണ്ട് ബഹ്റൈനിലെ മലയാളി പ്രവാസ സമൂഹത്തിനു ഒരു പുത്തൻ അനുഭവം സമ്മാനിക്കാനുള്ള ഒരുക്കത്തിലാണ് സമാജം എന്ന് സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ള ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ എന്നിവർ അറിയിച്ചു.
കേരളീയ സമാജത്തിൽ കഴിഞ്ഞ ഒരുമാസമായി നടന്നുവരുന്ന കേരളോത്സവം 2025 ന്റെ ഭാഗമായി നടത്തപ്പെടുന്ന ഈ രുചിമേളയുടെ ടാഗ്ലൈൻ തന്നെ 'എൺപതുകളുടെ ഓളവും എൺപതോളം രുചികളും...' എന്നതാണ്. ബഹ്റൈൻ കേരളീയ സമാജത്തിന്റെ അംഗങ്ങൾ അഞ്ചു വ്യത്യസ്ത ഗ്രൂപ്പുകളായി തിരിഞ്ഞു പരസ്പരം മത്സരങ്ങളിൽ ഏർപ്പെടുന്ന കേരളോത്സവത്തിന്റെ ഭാഗമായതിനാൽതന്നെ എൺപതോളവും കണ്ണുകൾക്ക് പഴമയുടെ ദൃശ്യശ്രാവ്യ വിരുന്നൊരുക്കും എന്നതിൽ സംശയമില്ല എന്ന കേരളോത്സവം 2025 ജനറൽ കൺവീനർ ആഷ്ലി കുരിയൻ മഞ്ഞില അറിയിച്ചു.
ബഹ്റൈനിലെ മലയാളി പൊതുസമൂഹത്തെ മുഴുവൻ ഈ പരിപാടി ആസ്വദിക്കാൻ 80കളിലെ വേഷത്തിൽ തന്നെ സമാജത്തിലേക്കു ക്ഷണിക്കുന്നതായി സംഘാടകർ അറിയിച്ചു. ഫൺ ഗെയിംസ്, സർപ്രൈസ് ഗിഫ്റ്റുകൾ, 80 കളിലെ വസ്ത്രത്തിൽ വരുന്നവർക്ക് സമ്മാനങ്ങൾ എന്നിങ്ങനെ ഒരുപാട് ആകർഷണങ്ങൾ പരിപാടിയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. വെള്ളിയാഴ്ച വൈകീട്ട് ആറു മുതൽ 11 വരെയാണ് രുചിമേള നടക്കുക.
കഴിഞ്ഞ രണ്ടാഴ്ചയോളമായി കേരളോത്സവത്തിന്റെ വിവിധ ഹൗസുകൾ പരിപാടി വർണാഭമാക്കാനുള്ള തീവ്രശ്രമത്തിലാണ്. ഗൾഫിലെ മലയാളി പ്രവാസി സാമൂഹത്തിൽ ഇത്തരത്തിൽ നടക്കുന്ന ആദ്യപരിപാടി എന്ന നിലക്ക് വമ്പിച്ച ജനപങ്കാളിത്തവും സംഘാടകർ പരിപാടിയിൽ പ്രതീക്ഷിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.