അവാലിക്ക് പുത്തൻ മുഖച്ഛായ; വികസന മാസ്റ്റർ പ്ലാനിന് രാജാവിന്റെ അംഗീകാരം

മനാമ: ബഹ്‌റൈനിലെ ചരിത്രനഗരമായ അവാലിയുടെ നവീകരണത്തിനും വികസനത്തിനുമായുള്ള മാസ്റ്റർ പ്ലാനിന് രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ അംഗീകാരം നൽകി. അൽ സഫ്രിയ കൊട്ടാരത്തിൽ നടന്ന കൂടിക്കാഴ്ചയിൽ രാജാവിന്റെ മാനുഷിക പ്രവർത്തനങ്ങൾക്കും യുവജനകാര്യങ്ങൾക്കുമുള്ള പ്രതിനിധിയും ബാപ്‌കോ എനർജീസ് ചെയർമാനുമായ ശൈഖ് നാസർ ബിൻ ഹമദ് ആൽ ഖലീഫയാണ് പദ്ധതി സമർപ്പിച്ചത്.

രാജ്യത്തെ നഗരങ്ങളെയും ഗ്രാമങ്ങളെയും അവയുടെ ചരിത്രപരവും സാംസ്കാരികവുമായ തനിമ നിലനിർത്തിക്കൊണ്ടുതന്നെ ആധുനികവത്കരിക്കാനുള്ള ദേശീയ പരിശ്രമങ്ങളുടെ ഭാഗമായാണ് അവാലി വികസന പദ്ധതി നടപ്പിലാക്കുന്നത്. അവാലി നഗരത്തിന്റെ വാസ്തുവിദ്യാ സവിശേഷതകളും നഗര പൈതൃകവും സംരക്ഷിക്കുന്നതിനൊപ്പം അത്യാധുനിക സൗകര്യങ്ങൾ ഒരുക്കുന്ന പദ്ധതിയെ രാജാവ് അഭിനന്ദിച്ചു. രാജ്യത്തെ ഊർജ മേഖലക്ക് ശൈഖ് നാസിർ നൽകുന്ന നേതൃത്വത്തെയും ഈ നിർണായക ഘട്ടത്തിൽ ബാപ്‌കോ എനർജീസ് ബോർഡ് നടത്തുന്ന പ്രവർത്തനങ്ങളെയും അദ്ദേഹം പ്രശംസിച്ചു. പദ്ധതിക്ക് രാജാവിന്റെ പൂർണ പിന്തുണയും അനുഗ്രഹവും കൂടിക്കാഴ്ചയിൽ വാഗ്ദാനം ചെയ്തു.

അവാലിയുടെ വാസ്തുവിദ്യാ പാരമ്പര്യം കാത്തുസൂക്ഷിക്കുക, നിലവിലുള്ള താമസ-വാണിജ്യ-പൊതു സൗകര്യങ്ങൾ നവീകരിക്കുക, നഗരത്തിലെ ഒഴിഞ്ഞ സ്ഥലങ്ങളിൽ പുതിയ അയൽക്കൂട്ടങ്ങൾ വികസിപ്പിക്കുക എന്നീ മൂന്ന് പ്രധാന ലക്ഷ്യങ്ങളിലാണ് മാസ്റ്റർ പ്ലാൻ ഊന്നൽ നൽകുന്നത്. പുതിയ നിർമാണങ്ങൾ നിലവിലുള്ള കെട്ടിടങ്ങളുമായി ഇണങ്ങിച്ചേരുന്ന വിധത്തിലായിരിക്കും ക്രമീകരിക്കുക. വാണിജ്യ കേന്ദ്രങ്ങൾ, ഓഫിസ് സമുച്ചയങ്ങൾ, ആധുനിക പാർപ്പിടങ്ങൾ എന്നിവക്ക് പുറമെ വിശാലമായ ഹരിത ഇടങ്ങളും പദ്ധതിയുടെ ഭാഗമാണ്.

കാൽനടയാത്രക്കാർക്കും കായിക പ്രേമികൾക്കുമായി പ്രത്യേക പാതകൾ നിർമിച്ച് പഴയതും പുതിയതുമായ മേഖലകളെ തമ്മിൽ ബന്ധിപ്പിക്കും. 1934 മുതൽ ആരംഭിച്ച അവാലിയുടെ സാംസ്കാരിക പൈതൃകം കാത്തുസൂക്ഷിക്കുന്നതോടൊപ്പം, ആധുനിക ജീവിതശൈലിക്ക് അനുയോജ്യമായ എല്ലാ സൗകര്യങ്ങളും ഇവിടെ ലഭ്യമാക്കും. നഗരത്തിന്റെ തനത് സ്വഭാവം ഒട്ടും ചോർന്നുപോകാതെ, ലോകനിലവാരത്തിലുള്ള ഒരു സംയോജിത നഗരമായി അവാലിയെ മാറ്റാനാണ് ഈ ബൃഹത് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

Tags:    
News Summary - Awali gets a new look; King approves development master plan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.