മനാമ: അൽ മന്നായി മലയാള വിഭാഗത്തിന് കീഴിൽ പ്രവർത്തിക്കുന്ന മദ്റസകളിലെ വിദ്യാർഥികൾക്കായി സംഘടിപ്പിക്കുന്ന ‘അൽ ഇ'ജാസ്’ ഖുർആൻ മത്സരത്തിന്റെ സെമി ഫൈനൽ റൗണ്ട് മത്സരങ്ങൾ ജനുവരി 16ന് വൈകുന്നേരം നാലുമുതൽ ആരംഭിക്കുമെന്ന് പ്രോഗ്രാം കൺവീനർ ബിർഷാദ് അബ്ദുൽ ഗനി അറിയിച്ചു. അൽ ഹിക്മ-റഫ, അൽ ഇഹ്സാൻ-ഈസ ടൗൺ, ഹിദ്ദ് മദ്റസ, റയ്യാൻ സ്റ്റഡി സെന്റർ എന്നീ മദ്റസകളിലെ വിദ്യാർഥികളിൽനിന്ന് പ്രാഥമിക മത്സരങ്ങൾ നടത്തിയാണ് 120 ലധികം വിദ്യാർഥികൾ സെമി ഫൈനൽ റൗണ്ടിലേക്ക് കടന്നിരിക്കുന്നത്. തജ്വീദ് അനുസരിച്ചുള്ള പാരായണം, വിവിധ അധ്യായങ്ങൾ മനഃപാഠമാക്കൽ എന്നിവ കേന്ദ്രീകരിച്ചുകൊണ്ടാണ് മത്സരങ്ങൾ നടക്കുന്നത്. സെമിഫൈനൽ റൗണ്ടിൽ വിജയിക്കുന്ന വിദ്യാർഥികൾ ഫൈനൽ റൗണ്ടിൽ അവരുടെ കഴിവുകൾ തെളിയിച്ച് ആകർഷകമായ സമ്മാനങ്ങൾക്ക് അർഹരാവുന്നതാണ്. കുട്ടികളിലും രക്ഷിതാക്കളിലും പരിശുദ്ധ ഖുർആന്റെ പഠനം ആസ്വാദ്യമാക്കുക എന്ന ലക്ഷ്യം വെച്ചാണ് 2023 മുതൽ ‘അൽ ഇ'ജാസ്’ മത്സരങ്ങൾ ആരംഭിച്ചത്.
ബഹ്റൈനിലെ മുഴുവൻ മദ്റസ വിദ്യാർഥികളെയും ചേർത്തുകൊണ്ട് മെഗാ ഇവന്റാക്കി ഇതിനെ മാറ്റണമെന്നതാണ് സംഘാടകരുടെ ലക്ഷ്യമെന്ന് വിദ്യാഭ്യാസ വിഭാഗം കൺവീനർ ഫക്രുദ്ദീൻ അലി അഹ്മദ് അറിയിച്ചു. മത്സരത്തിൽ പങ്കെടുക്കുന്ന എല്ലാ വിദ്യാർഥികളും അവർക്ക് നൽകിയ സമയത്തിന് 20 മിനിറ്റ് മുമ്പെങ്കിലും റയ്യാൻ സ്റ്റഡി സെന്ററിൽ എത്തണമെന്ന് സംഘാടകർ അറിയിച്ചു. മത്സരത്തിന്റെ ക്രമീകരണങ്ങൾ വിലയിരുത്താൻ ചേർന്ന യോഗത്തിൽ അൽ മന്നാഇ ഭാരവാഹികളായ എം.എം. രിസാലുദ്ദീൻ, ഹംസ അമേത്ത്, ബിനു ഇസ്മായിൽ, റയ്യാൻ സെന്റർ ചെയർമാൻ വി.പി. അബ്ദു റസാഖ്, വിദ്യാഭ്യാസ വിഭാഗം സെക്രട്ടറി സാദിഖ് ബിൻ യഹ്യ, റയ്യാൻ മദ്റസ പ്രിൻസിപ്പൽ അബ്ദു ലത്തീഫ് ചാലിയം എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.