ഖുബൂസിൽ കുടുങ്ങിപ്പോയ ജീവിതങ്ങൾ

വിഭവ സമൃദ്ധമായ ഭക്ഷണ വൈചാത്യങ്ങളിൽ നിന്നും ഖുബൂസ് എന്ന ഒരൊറ്റ അന്നത്തിലേക്ക് ജീവിതത്തെ ചുരുട്ടിക്കൂട്ടിക്കെട്ടുന്ന മനുഷ്യരുടെ ചുരുക്കപ്പേരാണ് പ്രവാസി എന്നത്. പ്രയാസങ്ങളെയും, പ്രാരാബ്ദങ്ങളെയും, മുറിച്ചു കടക്കാനായി സ്വന്തം സന്തോഷത്തെയും, സ്വാതന്ത്ര്യത്തെയുമൊക്കെ കുരുതി കൊടുക്കുന്നതിന്റെ മറ്റൊരു പേര് കൂടിയാണത്. തലച്ചോർ ഉരുകിയൊലിച്ചു പോകുന്ന ചൂടിലും, എല്ലുകളിലേക്ക് തുളച്ചു കയറുന്ന തണുപ്പിലും ഇട തടവില്ലാതെ ജോലി ചെയ്യാൻ വിധിക്കപ്പെട്ടവർ. പിറന്ന നാടിൽ നിന്നും അമ്പേ വ്യത്യസ്തമായ മറുപ്പറമ്പിൽ, ഇതു വരെ കാണാത്ത മനുഷ്യരും തികച്ചും അന്യമായ, ചുറ്റു പാടുകളുമൊക്കെയായി ഒരു ജീവിതം ജീവിച്ചു തീർക്കാനാണ് ഓരോ മനുഷ്യരും ഈ മണ്ണിൽ വന്നിറങ്ങുന്നത്.

കടവും, മറ്റു ബാധ്യതകളും, പെട്ടെന്ന് തീർത്തു കൊണ്ട് നാടണയണം എന്ന ചിന്തയിൽ വന്നെത്തുന്ന പലരും പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും പ്രയാസങ്ങളുടെ ചതുപ്പ് നിലങ്ങളിൽ പൂണ്ടു പോയ കാലുകൾ വലിച്ചെടുക്കാനാവാതെ ഇവിടെ തന്നെ വിലപ്പെട്ട യൗവനത്തെ കുരുതി കൊടുക്കുന്നു. പ്രിയപ്പെട്ടവരിൽ പലർക്കും തന്നെയല്ല, തന്റെ പണത്തെയും കൊണ്ട് വരുന്ന സമ്മാനങ്ങളെയുമാണ് ആവശ്യമെന്നറിഞ്ഞിട്ടും, അവരുടെ കൃത്രിമ സ്നേഹത്തിന് മുമ്പിൽ ഒരു കോമാളിയെപ്പോലെ അഭിനയിച്ചു, തരാ തരം അവരുടെ ആവശ്യങ്ങൾ നിവർത്തിച്ച് കൊടുക്കുന്നവന്റെ പേര് കൂടിയാണ് ഗൾഫ് കാരൻ എന്നത്.

മധുവിധു തീരും മുമ്പേ കടലുകൾക്കപ്പുറവും ഇപ്പുറവുമായി പറിച്ചു നടപ്പെടുന്ന ഇണക്കിളികളുടെ ഹൃദയം പൊട്ടിപ്പിളർന്നു പോവാത്തത് ദൈവത്തിന്റെ അപാരമായ അനുഗ്രഹം ഒന്ന് കൊണ്ട് മാത്രമാണെന്ന് എവിടെയോ വായിച്ചതോർത്തു പോവുന്നു. ചുരുക്കത്തിൽ എല്ലാമുണ്ടായിട്ടും ഒന്നും അനുഭവിക്കാൻ കഴിയാതെ പോകുന്ന നിർഭാഗ്യ ജന്മമാണ് പ്രവാസിയുടേത് എന്നു ഉറപ്പിച്ചു പറയാം. കാരണം അനുദിനം എരിഞ്ഞു തീരുന്ന വിലപ്പെട്ട സമയങ്ങളെ നോക്കി അവൻ പൊഴിക്കുന്ന നെടുവീർപ്പുകൾ കാലത്തെ പോലും പൊള്ളിക്കുന്ന ഒന്നാണ്.

പ്രവാസം എന്ന നോവലിൽ എം മുകുന്ദൻ വരച്ചിടുന്ന ചില വരികൾ ഇവിടെ കുറിക്കാമെന്നു തോന്നുന്നു."ജീവിതം തന്നെ ഒരു പ്രവാസമാണ്. നമ്മൾ ഓരോരുത്തരും ഈ ലോകം വിട്ടു പോകുമ്പോൾ മാത്രമാണ് അതവസാനിക്കുന്നത്. അങ്ങനെ നോക്കുമ്പോൾ പ്രവാസത്തിനുള്ളിലെ പ്രവാസമാണ് ഓരോ ഗൾഫ് കാരനും അനുഭവിക്കുന്നത് എന്നു പറയേണ്ടി വരും.

ജോലി സുരക്ഷ ഓരോ മനുഷ്യനും ഉറപ്പാക്കുന്നതിൽ നമ്മുടെ മാറി മാറി വരുന്ന സർക്കാരുകൾ പരാജയപ്പെട്ടു പോവുന്നിടത്താണ് യഥാർത്ഥത്തിൽ പ്രവാസം പുനർജ്ജനിച്ചു കൊണ്ടേയിരിക്കുന്നത്. അത് കൊണ്ട് തന്നെ നമുക്ക് അഭിമാനത്തോടെ വിളിച്ചു പറയാം. ഖുബൂസിൽ കുടുങ്ങിപ്പോയ ഒരു പാട് മനുഷ്യരാണ് നവ കേരളം നിർമ്മിച്ചതെന്ന്.

Tags:    
News Summary - Qubooz

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.