മനാമ: ഇന്ത്യൻ ബാഡ്മിന്റൺ ഇതിഹാസം പുല്ലേല ഗോപീചന്ദിന്റെ നേതൃത്വത്തിൽ ദുബൈയിൽ പ്രവർത്തിക്കുന്ന ഗൾഫ് ബാഡ്മിന്റൺ അക്കാദമി ബഹ്റൈനിലേക്കും. ഇന്ത്യൻ ക്ലബുമായി സഹകരിച്ചാണ് ബഹ്റൈനിലെ പ്രവർത്തനം ഏകോപിപ്പിക്കുന്നതെന്ന് പുല്ലേല ഗോപീചന്ദ് വാർത്തസമ്മേളനത്തിൽ പറഞ്ഞു. വൈകീട്ട് നടന്ന ചടങ്ങിൽ ബഹ്റൈൻ അക്കാദമിയുടെ ഉദ്ഘാടനവും അദ്ദേഹം നിർവഹിച്ചു.
ബാഡ്മിന്റണിൽ താൽപര്യമുള്ള കുട്ടികളെ ചെറുപ്പത്തിലേ കണ്ടെത്തി പരിശീലനം നൽകുകയാണ് അക്കാദമിയുടെ ലക്ഷ്യം. മികവ് പുലർത്തുന്ന കുട്ടികൾക്ക് ഹൈദരാബാദിലെ പുല്ലേല ഗോപീചന്ദ് അക്കാദമിയിലും യു.എ.ഇയിലെ ജി.ബി.എ സെന്റർ ഓഫ് എക്സലൻസിലും ഉന്നത പരിശീലനത്തിന് അവസരം ലഭിക്കും. ഹൈദരാബാദ് അക്കാദമിയിൽനിന്ന് വിദഗ്ധ പരിശീലനം നേടിയ കോച്ചുമാരാണ് ബഹ്റൈൻ അക്കാദമിയിൽ കുട്ടികൾക്ക് ബാഡ്മിന്റൺ പാഠങ്ങൾ പറഞ്ഞുകൊടുക്കുന്നത്. ഹൈദരാബാദ് അക്കാദമിയിൽനിന്നുള്ള മുതിർന്ന പരിശീലകരും സ്ഥിരമായി ഇവിടെയെത്തും.
ബാഡ്മിന്റണിന് ഗൾഫ് രാജ്യങ്ങളിൽ കൂടുതൽ പ്രചാരം നൽകുന്നതിന്റെ ഭാഗമായാണ് ഗൾഫ് ബാഡ്മിന്റൺ അക്കാദമിയുടെ പ്രവർത്തനം ബഹ്റൈനിലേക്കും വ്യാപിപ്പിക്കുന്നത്. കഴിഞ്ഞ 20 വർഷമായി ബഹ്റൈനിലെ കുട്ടികൾക്ക് ബാഡ്മിന്റൺ പരിശീലനം നൽകുന്നതിൽ ഇന്ത്യൻ ക്ലബ് മികച്ച സംഭാവന നൽകിയിട്ടുണ്ട്. ഈ അനുഭവത്തിന്റെ കരുത്തിലാണ് ഗോപീചന്ദുമായി സഹകരിച്ച് പുതിയ പരിശീലന കേന്ദ്രം ആരംഭിക്കുന്നത്. കുട്ടികൾക്ക് മികച്ച പരിശീലനം നൽകി ഭാവി താരങ്ങളെ വാർത്തെടുക്കുകയാണ് ലക്ഷ്യമെന്ന് ഗോപീചന്ദ് പറഞ്ഞു.
ദുബൈയിൽ ഇതിനകം അഞ്ച് സ്ഥലങ്ങളിൽ പരിശീലന കേന്ദ്രങ്ങൾ ആരംഭിച്ചിട്ടുണ്ട്. കുട്ടികളും മുതിർന്നവരുമായി 100ൽപരം പേർ ഇവിടെ പരിശീലനം നേടുന്നുണ്ട്. ബാഡ്മിന്റണിനുവേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച ഗോപീചന്ദാണ് ഗൾഫ് ബാഡ്മിന്റൺ അക്കാദമിയുടെ പ്രധാന ശക്തിയെന്ന് മാനേജിങ് ഡയറക്ടർ തൗഫീഖ് വലിയകത്ത് പറഞ്ഞു. മികച്ച കായിക താരം എന്നതിനൊപ്പം മികച്ച പരിശീലകൻ കൂടിയാണ് ഗോപീചന്ദ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബഹ്റൈനിലെ കുട്ടികൾക്ക് മികച്ച അവസരമാണ് ബാഡ്മിന്റൺ അക്കാദമിയിലൂടെ ലഭിക്കുന്നതെന്ന് ഇന്ത്യൻ ക്ലബ് പ്രസിഡന്റ് കെ.എം. ചെറിയാൻ പറഞ്ഞു. ഇന്ത്യൻ ക്ലബ് ജനറൽ സെക്രട്ടറി സതീഷ് ഗോപിനാഥ്, മറ്റ് ഭാരവാഹികൾ തുടങ്ങിയവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.