മനാമ: ബഹ്റൈനിൽ നഴ്സിങ്, മിഡ്വൈഫറി കോളജ് സ്ഥാപിക്കാനുള്ള നിർദേശവുമായി എം.പി ജലീല അൽ സഈദ് രംഗത്ത്. രാജ്യത്തെ പൊതു-സ്വകാര്യ മേഖലകളിൽ പുതിയ ആശുപത്രികളും ക്ലിനിക്കുകളും വരുന്നതോടെ ആരോഗ്യപരിപാലനത്തിനുള്ള നഴ്സുമാരുടെയും മെഡിക്കൽ പ്രവർത്തകരുടെയും ആവശ്യം വർധിക്കുന്ന പശ്ചാത്തലത്തിൽ, കൂടുതൽ ബഹ്റൈനികളെ ഈ രംഗത്തേക്ക് പരിശീലിപ്പിക്കുന്നതിനായാണ് കോളജ് ഓഫ് നഴ്സിങ് ആൻഡ് മിഡ്വൈഫറി സ്ഥാപിക്കാൻ നിർദേശം മുന്നോട്ട് വെച്ചത്. നഴ്സിങ് തൊഴിൽമേഖലയിൽ സ്വയംപര്യാപ്തത കൈവരിക്കാനും വിദേശ തൊഴിലാളികളെ ആശ്രയിക്കുന്നത് കുറക്കാനുമാണ് ഈ നീക്കമെന്ന് എം.പി പറഞ്ഞു.
നിലവിൽ ബഹ്റൈനിൽ സ്വന്തമായി ഒരു സർക്കാർ നഴ്സിങ് കോളജ് ഇല്ല. യൂനിവേഴ്സിറ്റി ഓഫ് ബഹ്റൈനിലെ കോളജ് ഓഫ് ഹെൽത്ത് സയൻസസിന്റെ കീഴിലുള്ള ഒരു വകുപ്പ് മാത്രമായാണ് നഴ്സിങ് പഠനം നടക്കുന്നത്. ഇത് വിദ്യാർഥി പ്രവേശനത്തെ പരിമിതപ്പെടുത്തുകയും അക്കാദമികമായും പ്രായോഗിക പരിശീലനപരമായുമുള്ള വളർച്ചക്ക് തടസ്സമുണ്ടാക്കുകയും ചെയ്യുന്നു. തൊഴിൽവിപണിയുമായി ബന്ധിപ്പിച്ച പ്രായോഗിക വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കാനുള്ള സർക്കാർ ശ്രമങ്ങൾക്ക് അനുയോജ്യമാണ് ഈ നിർദേശമെന്ന് അൽ സഈദ് ചൂണ്ടിക്കാട്ടി.
യോഗ്യതയുള്ള ബഹ്റൈനി നഴ്സുമാരുടെ എണ്ണം വർധിപ്പിക്കുക, പ്രായോഗിക ആരോഗ്യ വിദ്യാഭ്യാസം വികസിപ്പിക്കുക, കമ്യൂണിറ്റി കെയർ ഉയർത്തുക, ദീർഘകാലവികസന പദ്ധതികൾക്ക് പിന്തുണ നൽകുക എന്നിവയാണ് കോളജ് സ്ഥാപിക്കുന്നതിലൂടെ ലക്ഷ്യമിടുന്നതെന്നും എം.പി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.