അൻസിൽ എം.എ മണ്ണഞ്ചേരി
ആലപ്പുഴ
പുതുതലമുറകളുടെ വസ്ത്രവിധാനത്തിലും മറ്റും മാറ്റങ്ങൾ വന്നിട്ടുണ്ട്. പണ്ടു കാലത്തൊക്കെ എല്ലാവരും വെള്ള വസ്ത്രങ്ങൾ ധരിച്ചാണ് ജാഥകളിലും പരിപാടികളിലും പങ്കെടുത്തിരുന്നതെങ്കിൽ ഇപ്പോളത് കളർ ഫുള്ളായി മാറിയിരിക്കുകയാണ്. ജാഥയുടെ മുന്നിൽ തന്നെ ഗമയോടെ രണ്ടു കുട്ടികൾ ബാനറോ, ഫ്ലക്സോ പിടിച്ചിട്ടുണ്ടാവും. തൊട്ടു പിന്നിൽ ഉസ്താദുമാരും മസ്ജിദ് ഭാരവാഹികളും പച്ചക്കൊടിയും പിടിച്ച് നടക്കും. അവർക്ക് പിന്നിലായ് രണ്ടു വരികളായ് കുട്ടികളും യുവാക്കളും അണിനിരന്നു കൊണ്ട് മെല്ലെ നടന്നു നീങ്ങും. ഫ്ലക്സ് പിടിച്ച കുട്ടികൾക്കു മുന്നിലായി കോളാമ്പിയോ, ബോക്സോ ചുമന്നുള്ള വാഹനവുമാണ്. അതിനെ പിന്തുടർന്നു വേണം ജാഥ നീങ്ങാൻ. ജാഥക്ക് നടുവിലായി അറബന മുട്ടും ദഫ് സംഘവും ജാഥയുടെ മാറ്റ് കൂട്ടും.
വാഹനത്തിലെ കോളാമ്പിയിൽ നിന്നും മധുരമായി ഒഴുകി വരുന്ന സ്വലാത്തുകളും, മദ്ഹുകളും ഏറ്റു ചൊല്ലും. മദ്റസ പരിധിയിൽ പെട്ട കുട്ടികളടക്കം എല്ലാനാട്ടുകാരും പള്ളിയങ്കണത്തിൽ ഒരുമിച്ച് ദുആയും ചെയ്ത് തുടങ്ങുന്ന റാലി മദ്റസാ പരിധിയിൽ കറങ്ങി, ഒടുവിൽ പുറപ്പെട്ട സ്ഥലത്ത് തന്നെ തിരിച്ചെത്തി പിരിച്ചു വിടുന്നതാണ് പതിവുരീതി. വീട്ടിൽ നിന്നും ജാഥയിൽ പങ്കെടുക്കുവാൻ പോകുമ്പോൾ തന്നെ കൈയിലൊരു പ്ലാസ്റ്റിക് കവറു കരുതും. വഴിയിൽ വെച്ച് കിട്ടുന്ന മധുര പലഹാരങ്ങളും മിഠായികളുമെല്ലാം ഇട്ടുവെച്ച് വീട്ടിലേക്ക് കൊണ്ടുവരാനാണത്. അങ്ങനെ എനിക്കു ജാഥയിൽ പോയി കിട്ടിയ സാധനങ്ങളെല്ലാം ഓരോരുത്തർക്കായി ഓഹരി വെച്ചുകൊടുക്കും. പിന്നെ കുറച്ച് നേരമുറങ്ങണം.
എങ്കിലേ രാത്രി ഉറങ്ങാതെ പരിപാടിക്ക് പങ്കെടുക്കാൻ കഴിയൂ എന്നാണ് വെപ്പ്. പിന്നെ രാത്രിയാവാനൊരു തിടുക്കമാണ്. സ്റ്റേജിൽ കയറണം... ഉസ്താദ് തന്ന മദ്ഹ് ഗാനവും പ്രസംഗവും കാണാതെ വെച്ച് കാച്ചണം. അത് കഴിഞ്ഞാൽ പിന്നെ സമ്മാനങ്ങൾ വാങ്ങാനുള്ള വെമ്പലായിരുന്നു. കുട്ടിക്കാലത്തെ നബിദിനത്തിന് മദ്റസയും പള്ളിയും തോരണങ്ങൾ കൊണ്ടു അലങ്കരിക്കുവാൻ വല്ലാത്തൊരു ഉത്സാഹമായിരുന്നു. അങ്ങനെ കാലങ്ങൾ കടന്നു പോകവേ പുതുതലമുറകൾക്ക് വഴിമാറിക്കൊടുത്തു. ചെറുപ്രായത്തിലെ ആ ഒരു ഓർമകൾ മറക്കാൻ പറ്റാത്ത അനുഭവമായിരുന്നു.
ഇന്നും അതേ രീതിയിൽ തന്നെയാണ് ആഘോഷിക്കുന്നതെങ്കിലും പുതു തലമുറകളുടെ വസ്ത്രവിധാനത്തിലും മറ്റും മാറ്റങ്ങൾ വന്നിട്ടുണ്ട്. പണ്ടു കാലത്തൊക്കെ എല്ലാവരും വെള്ള വസ്ത്രങ്ങൾ ധരിച്ചാണ് ജാഥകളിലും പരിപാടികളിലും പങ്കെടുത്തിരുന്നതെങ്കിൽ ഇപ്പോളത് കളർ ഫുള്ളായി മാറിയിരിക്കുകയാണ്. ഇന്ന് പള്ളിയും പള്ളി മിനാരങ്ങളും മദ്റസയും അലങ്കാര ബൾബുകൾ കൊണ്ട് അലങ്കരിച്ച് രാത്രിയെ പകലാക്കുകയാണ്.
നബിദിനാഘോഷം ഓർമയിലൂടെ സഞ്ചരിക്കുമ്പോൾ മനസ്സിൽ കുളിരിന്റെ മദ്ഹൊലി മുഴങ്ങുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.