മനാമ: അടച്ചുപൂട്ടിയ ബുദയ്യ വെറ്ററിനറി കേന്ദ്രം വീണ്ടും തുറക്കണമെന്ന മുനിസിപ്പൽ കൗൺസിലർമാരുടെ നിർദേശത്തിന് തടസ്സം. ബഹ്റൈനിലെ കാർഷിക മേഖലയെയും കർഷകരെയും സഹായിക്കാനെന്ന ലക്ഷ്യത്തോടെയായിരുന്നു കേന്ദ്രം വീണ്ടും തുറക്കണമെന്ന ആവശ്യം ഉയർന്നത്. എന്നാൽ, ഇത് സ്വകാര്യ മൃഗചികിത്സാ കേന്ദ്രങ്ങളെ പ്രതികൂലമായി ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് മുനിസിപ്പാലിറ്റീസ് അഫയേഴ്സ് ആൻഡ് അഗ്രികൾചർ മന്ത്രാലയം ഈ നിർദ്ദേശം നിരസിച്ചത്.
സെന്റർ വീണ്ടും തുറക്കണമെന്നും കുറഞ്ഞ നിരക്കിൽ സേവനങ്ങൾ നൽകണമെന്നും നോർതേൺ മുനിസിപ്പൽ കൗൺസിലിന്റെ അവസാന കാലാവധിയിലെ ആദ്യയോഗത്തിൽ ഏകകണ്ഠമായി പ്രമേയം പാസാക്കിയിരുന്നു. ആദ്യം സൗജന്യ സേവനങ്ങൾ നൽകാനാണ് നിർദേശിച്ചിരുന്നതെങ്കിലും, പിന്നീട് കന്നുകാലികൾക്ക് മാത്രം കുറഞ്ഞ ഫീസിൽ സേവനങ്ങൾ നൽകുന്നതിലേക്ക് മാറ്റുകയായിരുന്നു.
എന്നാൽ, ഈ നീക്കം സ്വകാര്യ വെറ്ററിനറി സേവനദാതാക്കൾക്ക് ദോഷകരമാകുമെന്ന് മന്ത്രാലയത്തിലെ അഗ്രികൾച്ചർ അണ്ടർ സെക്രട്ടറി അസിം അബ്ദുല്ലത്തീഫ് കൗൺസിലിനെ അറിയിച്ചു. നിലവിൽ വിപണി ശക്തമാണ്, കൂടാതെ ധാരാളം സ്വകാര്യ സേവനദാതാക്കൾ പ്രവർത്തിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ സർക്കാർ കേന്ദ്രം തുറക്കുന്നത് സ്വകാര്യ മേഖലയുടെ വളർച്ചയെ ഇല്ലാതാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സാംക്രമിക രോഗങ്ങൾക്കെതിരായ സൗജന്യ വാക്സിനേഷനും ചികിത്സാ ഉപദേശങ്ങളും സ്വകാര്യ മേഖലയുമായി സഹകരിച്ച് തുടരുമെന്നും അബ്ദുല്ലത്തീഫ് വ്യക്തമാക്കി.
2004ൽ സ്വകാര്യവത്കരണത്തിന്റെ ഭാഗമായാണ് ബുദയ്യയിലെ വെറ്ററിനറി സേവനങ്ങൾ നിർത്തിയത്. നിലവിൽ സാംക്രമിക രോഗങ്ങൾക്കെതിരായ വാക്സിനേഷൻ കാമ്പയിനുകൾ മാത്രമാണ് മന്ത്രാലയം നടത്തുന്നത്. ഔദ്യോഗിക കണക്കുകൾ പ്രകാരം, ഓരോ ആറുമാസത്തിലും ഏകദേശം 10,000 മൃഗങ്ങൾക്ക് വാക്സിനേഷൻ ലഭിക്കുന്നുണ്ട്.
താങ്ങാനാവുന്ന മൃഗചികിത്സാ സേവനങ്ങളുടെ അഭാവം കർഷകരെയും കാർഷിക സമ്പദ്വ്യവസ്ഥയെയും പ്രതികൂലമായി ബാധിക്കുന്നുണ്ടെന്ന് നോർതേൺ മുനിസിപ്പൽ കൗൺസിൽ വൈസ് ചെയർപേഴ്സൻ സൈന ജാസിം ചൂണ്ടിക്കാട്ടി.
കുറഞ്ഞ ഫീസിൽ സേവനങ്ങൾ വീണ്ടും ആരംഭിക്കുന്നത് കർഷകർക്ക് വലിയ ആശ്വാസമാകുമെന്നും, ഇത് കാർഷിക മേഖലയുടെ പുനരുജ്ജീവനത്തിന് സഹായിക്കുമെന്നും കൗൺസിലർ അബ്ദുല്ല അൽ ഖുബൈസി പറഞ്ഞു. മന്ത്രാലയവും കൗൺസിലും തമ്മിൽ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടായതിനെ തുടർന്ന് പ്രസ്തുത പ്രമേയം ഇപ്പോൾ മന്ത്രിസഭയുടെ പരിഗണനക്ക് അയച്ചിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.