ഗുരുതര രോഗം ബാധിച്ച തൊഴിലാളി സ്ത്രീയോടൊപ്പം പ്രതിഭ ഹെൽപ് ലൈൻ പ്രതിനിധികൾ സന്നദ്ധ പ്രവർത്തനത്തിനിടെ
മനാമ: കഴിഞ്ഞ 23 വർഷമായി ബഹ്റൈനിൽ വീട്ടുജോലിയിലേർപ്പെട്ടിരിക്കുകയും 10 വർഷമായി നാടണയാൻ ശ്രമിക്കുകയും ചെയ്ത ഗുരുതര രോഗം ബാധിച്ച കണ്ണൂർ സ്വദേശിനിയെ നാട്ടിലെത്തിക്കാൻ സഹായിച്ച് ബഹ്റൈൻ പ്രതിഭ ഹെൽപ് ലൈൻ. ജോലി ചെയ്തിരുന്ന വീടുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്ന് 10 വർഷം മുമ്പ് ജോലി ചെയ്യുന്ന വീട് വിട്ടിറങ്ങിയ ഇവർ ചെറിയ ചെറിയ ജോലികളിലേർപ്പെട്ടാണ് ജീവിതം മുന്നോട്ട് നീക്കിയിരുന്നത്. അതിനിടയിലാണ് രോഗത്തിന് വിധേയമായതും നാടുമായി ബന്ധപ്പെട്ട് രോഗവിവരമറിയിക്കുന്നതും.
സൽമാനിയ മെഡിക്കൽ കോംപ്ലക്സിൽ ചികിത്സയിലായ ഉടനെത്തന്നെ നാട്ടിലെത്തിക്കണമെന്ന് നാട്ടിലുള്ള മകൻ പ്രതിഭ പ്രവർത്തകരെ ബന്ധപ്പെട്ടതിനെ തുടർന്ന് പ്രതിഭ ഹെൽപ് ലൈൻ പ്രവർത്തകർ അവർക്ക് താൽക്കാലിക താമസ സൗകര്യം ഒരുക്കിക്കൊടുക്കുകയും ശേഷം മെഡ് ഹെൽപ് ടീം വഴി മരുന്നുകൾ എത്തിച്ചു നൽകുകയും ചെയ്തു. പാസ്പോർട്ട് കൈയിലില്ലാത്തതും, നിയമ പ്രശ്നങ്ങൾ നിലനിൽക്കുകയും ചെയ്തിരുന്നതുകൊണ്ട് ഉണ്ടായിരുന്ന യാത്രവിലക്ക് ഒഴിവാക്കാൻ ഏജൻസിയുടെ സഹായത്തോടെ ഹെൽപ് ലൈൻ ടീം സ്പോൺസറെ കണ്ടെത്തുകയും അദ്ദേഹത്തെ അവരുടെ അവസ്ഥ ബോധ്യപ്പെടുത്തുകയും ചെയ്തതിന്റെ അടിസ്ഥാനത്തിൽ സ്പോൺസർ അവർക്കെതിരെ നൽകിയ നിയമനടപടികൾ പിൻവലിക്കാൻ തയാറാകുകയും ചെയ്തു.
ഇന്ത്യൻ എംബസിയുമായും നിയമ കാര്യാലയങ്ങളുമായും ബന്ധപ്പെട്ട് പ്രതിഭ ഹെൽപ് ലൈൻ അംഗങ്ങൾ അവരെയുംകൊണ്ട് ആവശ്യമായ ഘട്ടങ്ങളിലെല്ലാം പോകുകയും നാട്ടിലേക്ക് മടങ്ങാൻ ആവശ്യമായ ഇടപെടലുകൾ നടത്തുകയും ചെയ്തു. പ്രതിഭ ഹെൽപ് ടീം അംഗങ്ങളായ സുബൈർ കണ്ണൂർ, നാസില സുബൈർ, അബൂബക്കർ, സൈനൽ കൊയിലാണ്ടി, സവാദ് കണ്ണൂർസിറ്റി എന്നിവർക്കൊപ്പം മെഡ് ഹെൽപ് ടീം അംഗം അൻവർ ശൂരനാടും ഈ പ്രവർത്തനങ്ങളുടെ ഭാഗമായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.