കണ്ണീരിൻ നനവിനാൽ ഒഴുകിയെത്തിയ
ചോര പോലും ചാലായ് ഒഴുകി മാറുന്നു
ഒരിറ്റു വെള്ളമോ ഇരുളിൽ ഒരു തിരിയോ
നീതിതൻ ഇത്തിരി നാളമോ അന്യമായ്.
ചുറ്റിലും ചോരയിൽ അലിഞ്ഞൊഴുകിയ
കളിവീടുകൾതൻ മൺകൂനകൾ
തകർന്ന കിനാവുതൻ ശേഷിപ്പുകൾ
കാതിൽ മുഴങ്ങുന്ന അട്ടഹാസ ബാക്കികൾ
വേദനകളാൽ വാവിട്ട അലർച്ചകൾ...
വീണുടഞ്ഞ സ്വപ്നത്തിൻ നിഴലുകൾ
വിതറി ചിതറി കിടക്കുന്ന മൺകൂനകൾ
നിങ്ങൾതൻ ബാല്യത്തിലെ പാഠശാലകൾ..
ഒരോ തരി മണലും ഓരോ വേദന തൻ
പാഠമായ് പഠിച്ചും നിർഭയം ചലിച്ചും
വിസ്മൃതിയിലാക്കിടാം ഈ ഭൂതകാലത്തെ
തകർത്തെറിഞ്ഞ മാതൃ സ്നേഹത്തിനു
പകരമായി ഒരായിരം തലോടലുകൾ
മാതാവിൻ മാറിലെ ചൂടിന് പകരമായി
ഒരായിരം സ്നേഹ ചുംബനങ്ങൾ...
അകലെ പേക്കിനാവുതൻ അലർച്ചകൾ
കാതിനപ്പുറത്തേക്കു മറയുന്ന ദിനങ്ങൾ
സ്വപ്നത്തിൽ നിങ്ങൾ കണ്ട സ്വർഗം
നിങ്ങളെ കാത്തിരിക്കുന്ന സുന്ദര ദിനങ്ങൾ
നിങ്ങളിൽനിന്നും തകർത്തെറിഞ്ഞ
സുന്ദര ദിനങ്ങൾ വീണ്ടും ഒരു പുലരിയായ്
ദുഷ്ടർ തകർത്തെറിഞ്ഞ കളിപ്പാട്ടങ്ങൾ
നഷ്ടപ്പെട്ടുപോയ പുസ്തകങ്ങൾ
നിങ്ങളുടെ മാറോടു ചേർക്കുവാൻ നിങ്ങളുടെ
ശിരസ്സിനെ തഴുകിയൊന്ന്
ആശ്വസിപ്പിക്കാൻ ഈ ലോകം കൂടെയുണ്ട്
നിങ്ങളുടെ മോഹങ്ങൾ പുലരുവാൻ
നിങ്ങൾ കണ്ട സ്വപ്നങ്ങൾ പുനഃസൃഷ്ടിക്കാൻ
ഒരു പുഞ്ചിരിതൻ തിരി തെളിയിക്കാൻ
എന്നുമൊരാശ്വാസ വാക്കുമായ് ഞാനും
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.