മനാമ: പ്ലാസ്റ്റിക് മാലിന്യം കുറക്കുന്നതിന്റെയും പരിസ്ഥിതി വൃത്തിയാക്കുന്നതിന്റെയും പ്രാധാന്യത്തെക്കുറിച്ച് ആളുകളെ ബോധവത്കരിക്കാൻ ലക്ഷ്യമിട്ടുള്ള ‘പ്ലാസ്റ്റിക് ഫ്രീ ജൂലൈ’ കാമ്പയിന്റെ ഭാഗമായി 13,200-ലധികം ഒറ്റത്തവണ ഉപയോഗിക്കാവുന്ന കുപ്പികൾ ശേഖരിച്ച് കമ്യൂണിറ്റി ഗ്രൂപ്പായ ബുദൈയ്യ ഹബ്. ഗ്ലോബൽ ഷേപ്പേഴ്സ് കമ്യൂണിറ്റിയുടെ (ജി.എസ്.സി) ഭാഗമായ ബുദൈയ ഹബ്ബ് തന്നെയാണ് ഈ കണക്കുകൾ പുറത്തുവിട്ടത്. ‘പ്ലാസ്റ്റിക് ഫ്രീ ജൂലൈ’ കാമ്പയിന്റെ ഒരു വിഡിയോ സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്താണ് ഹബ് വിവരങ്ങൾ വെളിപ്പെടുത്തിയത്. പ്ലാസ്റ്റിക് മലിനീകരണത്തിനെതിരായ പോരാട്ടത്തിൽ തങ്ങളുടെ പ്രാദേശിക സമൂഹങ്ങളിൽ വരുത്തിയ സ്വാധീനം കാണിക്കുന്ന ഒരു ഹ്രസ്വചിത്രം നിർമിക്കാൻ ലോകമെമ്പാടുമുള്ള ജി.എസ്.സി ഹബ്ബുകളോട് ആവശ്യപ്പെട്ടിരുന്നു. അതേതുടർന്നാണ് ബഹ്റൈനിലും സംഘം ഇത്തരത്തിലൊരു കാമ്പെയ്ൻ നടത്തിയതും വിഡിയോ ചിത്രീകരിച്ചതും.
‘ഓർഗനൈസേഷൻ ഫോർ ഇക്കണോമിക് കോഓപറേഷൻ ആൻഡ് ഡെവലപ്മെന്റിന്റെ സ്ഥിതിവിവരക്കണക്ക് പ്രകാരം, 2040 ഓടെ ലോകത്ത് പ്ലാസ്റ്റിക് ചോർച്ച 50 ശതമാനം വർധിക്കുമെന്നാണ്. പ്ലാസ്റ്റിക് മാലിന്യങ്ങൾ പരിസ്ഥിതിയിലേക്ക്, പ്രത്യേകിച്ച് ജല ആവാസവ്യവസ്ഥകളിലേക്ക് (കടലുകൾ, നദികൾ, തടാകങ്ങൾ) എത്തപ്പെടുന്ന പ്രക്രിയയാണിത്. ഈ വിവരത്തെതുടർന്ന് ഞങ്ങൾക്കും ചിലത് ചെയ്യണമെന്ന് തോന്നിയെന്ന് ബുദൈയ്യ ഹബ്ബിന്റെ പരിസ്ഥിതി കൺസൾട്ടന്റും ഷേപ്പറുമായ റഹ്മ അലെസ്കഫി പ്രാദേശിക മാധ്യമത്തോട് പറഞ്ഞു. അങ്ങനെ ഞങ്ങൾ 2023ലാണ് ‘പ്ലാസ്റ്റിക് ഫ്രീ ജൂലൈ’ കാമ്പയിൻ ആരംഭിക്കുന്നത്. ഈ മാസം മാത്രം ഇതുവരെ 450 കിലോഗ്രാം പ്ലാസ്റ്റിക് കുപ്പികളാണ് ഞങ്ങൾ ശേഖരിച്ചതെന്നും അവർ പറഞ്ഞു.
ശേഖരിച്ച കുപ്പികൾ സാർ, ബുദൈയ, ആലി വാക്ക്വേ, അദ്ലിയ, ഹിദ്ദ്, തുബ്ലി, ഈസ ടൗൺ ഉൾപ്പെടെയുള്ള നിരവധി പ്രദേശങ്ങളിലെ ബഹ്റൈൻ അസോസിയേഷൻ ഫോർ പാരന്റ്സ് ആൻഡ് ഫ്രണ്ട്സ് ഓഫ് ഡിസേബിൾഡ് കൈകാര്യം ചെയ്യുന്ന റീസൈക്ലിങ് ബിന്നുകൾക്ക് കൈമാറി. ഇതിലൂടെ ലഭിക്കുന്ന പണം വീൽചെയറുകൾ വാങ്ങാനും ഉയർന്ന വില കാരണം പ്രത്യേക ഉപകരണങ്ങൾ വാങ്ങാൻ കഴിയാത്ത ഭിന്നശേഷിക്കാരായ കുട്ടികളുടെ ആവശ്യങ്ങൾ നിറവേറ്റാനും ഉപയോഗിക്കും. പ്ലാസ്റ്റിക് ഫ്രീ ജൂലൈ സംരംഭം മൂലം പരിസ്ഥിതിയെ മാത്രമല്ല, ആവശ്യമുള്ളവരെയും അവരുടെ കുടുംബങ്ങളെയും സഹായിക്കാൻ കഴിഞ്ഞെന്നും പുറത്തിറക്കിയ വിഡിയോ മറ്റുള്ളവർക്ക് പ്രചോദനമാവാൻ വേണ്ടിയാണെന്നും അലെസ്കഫി പറഞ്ഞു.
ഓരോ വർഷവും ലോകമെമ്പാടും 400 ദശലക്ഷം ടൺ പ്ലാസ്റ്റിക് ഉത്പാദിപ്പിക്കപ്പെടുന്നുണ്ടെന്ന് ഐക്യരാഷ്ട്രസഭ പറയുന്നു. ഇതിൽ പകുതിയും ഒരുതവണ മാത്രം ഉപയോഗിക്കാൻ രൂപകൽപന ചെയ്തതാണ്. 10 ശതമാനം മാത്രമാണ് റീസൈക്കിൾ ചെയ്യുന്നത്. പ്രതിവർഷം 19 ദശലക്ഷം മുതൽ 23 ദശലക്ഷം ടൺവരെ പ്ലാസ്റ്റിക് മാലിന്യം ജല ആവാസവ്യവസ്ഥകളിലേക്ക് ഒഴുകിയെത്തുന്നു. അടിയന്തര നടപടികളില്ലെങ്കിൽ 2040 ഓടെ ഈ കണക്ക്. 50 ശതമാനം വർധിക്കുമെന്നാണ് കണക്കുകൾ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.