മനാമ: ബഹ്റൈന്റെ ദേശീയ വിമാനക്കമ്പനിയായ ഗൾഫ് എയറിന്റെ ഓഹരി സ്വകാര്യ നിക്ഷേപകർക്ക് വിൽക്കുന്നതിനുള്ള സാധ്യത അടിയന്തരമായി പഠിക്കണമെന്ന പാർലമെൻററി പ്രമേയം തള്ളി. ബഹ്റൈൻ മുംതലകാത്ത് ഹോൾഡിങ് കമ്പനിക്ക് 51 ശതമാനം സർക്കാർ ഉടമസ്ഥാവകാശം നിലനിർത്തിക്കൊണ്ട് ഭാഗിക സ്വകാര്യവത്കരണം ലക്ഷ്യമിട്ടുള്ള ഈ പ്രമേയത്തിന് നിയമനിർമ്മാതാക്കളിൽ നിന്ന് ആവശ്യമായ പിന്തുണ നേടാനായില്ല.
പ്രമേയം അവതരിപ്പിച്ച സമയത്ത് സന്നിഹിതരായിരുന്ന 27 എം.പിമാരിൽ 17 പേർ എതിർത്ത് വോട്ട് ചെയ്തു. അഞ്ച് പേർ മാത്രമാണ് അനുകൂലിച്ചത്, അഞ്ച് പേർ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു. ഇതോടെ പ്രമേയം പരാജയപ്പെടുകയായിരുന്നു. സ്വകാര്യ നിക്ഷേപം ഗൾഫ് എയറിന് പുത്തൻ മൂലധനവും ആഗോള വൈദഗ്ധ്യവും നൽകി വിമാനക്കമ്പനിയെ ശക്തിപ്പെടുത്താൻ സഹായിക്കുമെന്നും ഇത് വിമാനക്കമ്പനിയുടെ മത്സരക്ഷമത വർധിപ്പിക്കുമെന്നും പൊതു ഖജനാവിലെ സാമ്പത്തിക ഭാരം ലഘൂകരിക്കുമെന്നുമായിരുന്നു പ്രമേയം.
ഓഹരി പങ്കാളിത്തം ദേശീയ നിയന്ത്രണം നിലനിർത്തിക്കൊണ്ട് തന്നെ സ്ഥിരത ഉറപ്പാക്കുമെന്നും അനുകൂലിച്ചവർ അഭിപ്രായപ്പെട്ടു. പ്രാദേശിക എയർലൈനുകളുമായി കൂടുതൽ ഫലപ്രദമായി മത്സരിക്കാനും സേവനങ്ങളുടെ നിലവാരം ഉയർത്താനും ഭാഗിക സ്വകാര്യവത്കരണം സഹായിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.എന്നാൽ, നിർദേശത്തെ ശക്തമായി എതിർത്തവർ സമയത്തെക്കുറിച്ചും ഇതിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ചും ആശങ്കകൾ പ്രകടിപ്പിച്ചു.
സ്വകാര്യ നിക്ഷേപകരെ അനുവദിക്കുന്നത് കമ്പനിയിലെ ബഹ്റൈനികളുടെ തൊഴിലവസരങ്ങൾ വർധിപ്പിക്കാനുള്ള ശ്രമങ്ങളെ ദുർബലപ്പെടുത്താൻ സാധ്യതയുണ്ടെന്നും തന്ത്രപ്രധാനമായ ഒരു മേഖലയിലെ ദേശീയ മേൽനോട്ടം കുറച്ചേക്കുമെന്നും അവർ ചൂണ്ടിക്കാട്ടി. നേരത്തെ ഒരു പാർലമെൻറ് കാലയളവിലും സമാനമായ ഒരു പ്രമേയം അംഗീകാരം നേടാതെ പരാജയപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.