മനാമ: ബഹ്‌റൈനിലെ വ്യാവസായ മേഖലകളിൽ പ്രവർത്തിക്കുന്ന ലേബർ ക്യാമ്പുകളെ ഔദ്യോഗിക 'തൊഴിലാളി നഗരങ്ങളായി' മാറ്റാൻ പാർലമെന്റിൽ നിർദേശം. നിയമവിരുദ്ധപ്രവർത്തനങ്ങൾ തടയുന്നതിനും തൊഴിലാളികളുടെ ജീവിതസാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുമായാണ് ഈ നീക്കം. എം.പി ബദർ അൽ തമീമിയുടെ നേതൃത്വത്തിലുള്ള അഞ്ച് എം.പിമാരാണ് ഈ നിർദേശം സമർപ്പിച്ചത്. ലാഹി (റസ് സുവൈദ്), അസ്കർ, പരിസരപ്രദേശങ്ങൾ എന്നിവയെ ഔദ്യോഗിക തൊഴിലാളി താമസകേന്ദ്രങ്ങളായി പ്രഖ്യാപിക്കണമെന്നാണ് ആവശ്യം.
ലേബർ ക്യാമ്പുകൾ മാത്രമായി നിലനിൽക്കുന്ന ഇടങ്ങളിൽ ലൈസൻസുള്ള കടകൾ, അത്യാവശ്യ സേവനങ്ങൾ, കൃത്യമായ നഗരാസൂത്രണം എന്നിവ ഉറപ്പാക്കുക, നിലവിൽ ഈ മേഖലകളിൽ അടിസ്ഥാന സൗകര്യങ്ങളുടെ കുറവ് മുതലെടുത്ത് നടക്കുന്ന അനധികൃത തെരുവ് കച്ചവടങ്ങൾക്കും മറ്റ് നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കും അറുതി വരുത്തുക, സുരക്ഷ ഉറപ്പാക്കുന്നതിനായി വ്യാവസായ മേഖലകളിൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുക. വല്ലപ്പോഴും നടത്തുന്ന റെയ്ഡുകൾക്ക് പകരം ആഴ്ചയിലോ ദിവസേനയോ പരിശോധനകൾ കർശനമാക്കുക എന്നിവയാണ് നിർദേശത്തിൽ പരാമാർശിച്ചിട്ടുള്ളത്.
അടുത്തിടെ റസ് സുവൈദിൽ നഗരസഭയും പൊലീസും ചേർന്ന് നടത്തിയ റെയ്ഡിൽ ഭക്ഷ്യയോഗ്യമല്ലാത്ത മീൻ, പച്ചക്കറി എന്നിവ വിൽക്കുന്ന വലിയൊരു സംഘത്തെ പിടികൂടിയിരുന്നു. ഭവന-നഗരാസൂത്രണ മന്ത്രാലയവുമായി ഏകോപിപ്പിച്ച് പാർലമെന്റിന്റെ പൊതുമരാമത്ത്, പരിസ്ഥിതികാര്യ സമിതി ഈ നിർദേശം വിശദമായി പരിശോധിച്ചുവരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.