മനാമ: ബഹ്റൈനിലെ എല്ലാ മത്സ്യബന്ധന ബോട്ടുകളിലും ഒരു സ്വദേശി പൗരൻ നിർബന്ധമായും ഉണ്ടായിരിക്കണമെന്ന നിയമം പുനഃപരിശോധിക്കാൻ അധികാരികളോട് ആവശ്യപ്പെട്ട് മത്സ്യത്തൊഴിലാളി സംഘടനയായ പ്രഫഷനൽ ഫിഷർമെൻ സൊസൈറ്റി. ഈ നിയമം തങ്ങളുടെ ഉപജീവനത്തെ ദോഷകരമായി ബാധിക്കുന്നുണ്ടെന്ന് സംഘടന പ്രസ്താവനയിൽ പറഞ്ഞു. കഴിഞ്ഞ മാർച്ചിൽ സുപ്രീം കൗൺസിൽ ഫോർ എൻവയോൺമെന്റ് ചെയർമാൻ ശൈഖ് അബ്ദുല്ല ബിൻ ഹമദ് ആൽ ഖലീഫയാണ് ഇത് സംബന്ധിച്ച നിയമം പുറത്തിറക്കിയത്. രാജ്യത്തിന്റെ സമുദ്രസമ്പത്ത് സംരക്ഷിക്കുക, ഭക്ഷ്യസുരക്ഷ ഉറപ്പാക്കുക, അനധികൃത മത്സ്യബന്ധനം തടയുക എന്നിവ ലക്ഷ്യമിട്ടാണ് ഈ നിയമം നടപ്പാക്കിയതെന്ന് ശൈഖ് അബ്ദുല്ല അന്ന് വ്യക്തമാക്കിയിരുന്നു.
എന്നാൽ, ഈ നിയമം മത്സ്യബന്ധന മേഖലയെ ഗുരുതരമായി ബാധിച്ചുവെന്ന് പ്രഫഷനൽ ഫിഷർമെൻ സൊസൈറ്റി പറഞ്ഞു. ഭൂരിഭാഗം ബോട്ടുകളും പ്രവർത്തനം നിർത്തിവെക്കേണ്ടി വന്നു. ഇതോടെ തങ്ങളുടെ ഉപജീവനമാർഗം നിലച്ചെന്നും, രാജ്യത്തിന്റെ ഭക്ഷ്യസുരക്ഷയെയും തങ്ങളുടെ കുടുംബങ്ങളുടെ നിലനിൽപിനെയും ഇത് ബാധിക്കുമെന്നും സംഘടന ചൂണ്ടിക്കാട്ടി. പ്രവൃത്തിപരിചയമുള്ള ബഹ്റൈനി പൗരന്മാരുടെ കുറവ്, പ്രത്യേകിച്ച് ക്യാപ്റ്റൻമാരുടെ അഭാവം, മത്സ്യബന്ധനം പൂർണമായും നിർത്തിവെക്കാൻ കാരണമായെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു. കൂടാതെ, കടലിലെ അപകടങ്ങളെക്കുറിച്ച് അറിവില്ലാത്ത പുതിയ തലമുറയെ ഈ മേഖലയിലേക്ക് ആകർഷിക്കുന്നതിൽ ബുദ്ധിമുട്ടുണ്ട്. ഈ സാഹചര്യത്തിൽ തങ്ങളുടെ കടങ്ങൾ വീട്ടാനും തൊഴിലാളികളുടെ ശമ്പളം നൽകാനും പ്രവർത്തനച്ചെലവുകൾ വഹിക്കാനും കഴിയുന്നില്ലെന്നും അവർ പരാതിപ്പെട്ടു.
മത്സ്യത്തൊഴിലാളികളെ കൂടി ഉൾപ്പെടുത്തി ഒരു ദേശീയ സമിതി രൂപീകരിക്കണമെന്ന് സംഘടന ആവശ്യപ്പെട്ടു. പരിസ്ഥിതി സംരക്ഷണവും തങ്ങളുടെ ഉപജീവനവും ഒരുപോലെ സംരക്ഷിക്കുന്ന ഒരു കർമപദ്ധതി തയാറാക്കിയിട്ടുണ്ടെന്നും, അത് പരിഗണിക്കണമെന്ന് അധികാരികളോട് അഭ്യർഥിക്കുന്നതായും സൊസൈറ്റി അറിയിച്ചു.
മത്സ്യബന്ധന മേഖലയുടെ സുസ്ഥിരമായ ഭാവിക്കായി മറൈൻ റിസോഴ്സസ് ഡയറക്ടറേറ്റിനൊപ്പം പ്രവർത്തിക്കാൻ തയാറാണെന്നും സംഘടന പ്രസ്താവനയിൽ വ്യക്തമാക്കി. കഴിഞ്ഞ മാസം, എല്ലാ ബഹ്റൈനി മത്സ്യത്തൊഴിലാളികളും വാണിജ്യ മത്സ്യബന്ധനം നടത്തുന്നതിന് ഔദ്യോഗിക ലൈസൻസ് നേടണമെന്ന് അധികൃതർ അറിയിച്ചിരുന്നു. 18 വയസ്സിന് മുകളിലുള്ള ബഹ്റൈനി പൗരന്മാർക്കാണ് ലൈസൻസിന് അപേക്ഷിക്കാൻ അർഹതയുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.