മനാമ: നോർക്ക കെയർ ഇൻഷുറൻസ് പദ്ധതിയുമായി ബന്ധപ്പെട്ട് പ്രവാസികൾക്കിടയിൽ നിലനിൽക്കുന്ന ആശങ്കകളും അപാകതകളും പരിഹരിക്കാൻ സംസ്ഥാന സർക്കാർ ഉടൻ തയാറാകണമെന്ന് പ്രവാസി വെൽഫെയർ കേന്ദ്ര എക്സിക്യൂട്ടിവ് ആവശ്യപ്പെട്ടു. രാജ്യത്തെ മുഴുവൻ പ്രവാസികൾക്കും പ്രയോജനം ലഭിക്കുന്ന രീതിയിൽ പദ്ധതി വികസിപ്പിക്കണം. അധികാരത്തിലേറി നാലരവർഷമായിട്ടും നടപ്പാക്കാത്ത പ്രവാസി പെൻഷൻ പദ്ധതി തെരഞ്ഞെടുപ്പ് മുന്നിൽകണ്ടാണ് പല സുപ്രധാന കാര്യങ്ങളിലും വ്യക്തത ഇല്ലാതെ അവതരിപ്പിച്ചിരിക്കുന്നത് എന്നത് എൽ.ഡി.എഫ് സർക്കാറിന് നിഷേധിക്കാനാവില്ല.
അനാരോഗ്യംമൂലവും തൊഴിൽ നഷ്ടംമൂലവും പ്രവാസം മതിയാക്കി നാട്ടിൽ സ്ഥിരതാമസമാക്കിയ 14 ലക്ഷത്തോളം പ്രവാസികൾക്ക് പദ്ധതിയിൽ ചേരാൻ സാധിക്കാത്തത് പതിറ്റാണ്ടുകൾ വിദേശങ്ങളിൽ ജോലിചെയ്ത് രാജ്യത്തിന് വിദേശനാണ്യം നേടിത്തന്ന് നാടിന്റെ സാമ്പത്തിക പുരോഗതിയുടെ നട്ടെല്ലായി നിന്ന പ്രവാസി സമൂഹത്തോടുള്ള നീതീകരിക്കാനാകാത്ത നന്ദികേടായി മാത്രമേ കാണാൻ കഴിയൂ.
പ്രവാസികളുടെ മാതാപിതാക്കളെ നോർക്ക ഇൻഷുറൻസിൽ ഉൾപ്പെടുത്താൻ സാധിക്കാത്തതും കടുത്ത വിവേചനമാണ്. നാട്ടിൽ സ്ഥിരതാമസമാക്കിയ പ്രവാസികൾക്കും നോർക്ക ഇൻഷുറൻസിന്റെ ഗുണഭോക്താക്കൾ ആകാൻ കഴിയുന്ന രീതിയിൽ നോർക്ക കാർഡും ഇൻഷുറൻസും വികസിപ്പിക്കണം എന്നും പ്രവാസി വെൽഫെയർ സർക്കാറിനോട് ആവശ്യപ്പെടുന്നു.
വിദേശ രാജ്യങ്ങളിലെ ആശുപത്രികൾ ഇൻഷുറൻസ് ലിസ്റ്റിൽ ഇല്ലാത്തതിനാൽ പ്രവാസികൾക്ക് വിദേശത്ത് ചികിത്സ തേടേണ്ടിവന്നാൽ ഇതിന്റെ പ്രയോജനം ലഭിക്കില്ല എന്നതും കുടുംബസമേതം വിദേശത്ത് താമസിക്കുന്നവർക്ക് നിലവിലെ വ്യവസ്ഥകൾ കാര്യമായി പ്രയോജനപ്പെടുന്നില്ല എന്നതും ഇതിന്റെ മറ്റു പോരായ്മകളാണ്.
പെൻഷൻ പദ്ധതിയുമായി ടൈ അപ് ചെയ്തിട്ടുള്ള കെയർ ഹെൽത്ത് ഇൻഷുറൻസ് കമ്പനിക്ക് ഈ മേഖലയിൽ വലിയ ട്രാക്ക് റെക്കോഡ് ഇല്ല എന്നത് ആശങ്ക വർധിപ്പിക്കുന്നു. അതുകൊണ്ടുതന്നെ നിലവിലെ രൂപത്തിൽ പദ്ധതി പ്രവാസികൾക്ക് വേണ്ടത്ര ഗുണകരമാവില്ല.
വോട്ട് ബാങ്ക് അല്ലാത്തതിനാൽ കേവല വാഗ്ദാനങ്ങൾ മാത്രം നൽകി പ്രവാസികളെ തൃപ്തിപ്പെടുത്താൻ കാലങ്ങളായി നടത്തുന്ന സർക്കാർ ശ്രമങ്ങൾ ഉപേക്ഷിക്കണം. പ്രവാസികളെ കേവല കറവപ്പശുക്കളായി കാണുന്ന സമീപനം അവസാനിപ്പിച്ച് അവരുടെ ആശങ്കകൾ പരിഹരിച്ച് പദ്ധതിയെ കൂടുതൽ പ്രവാസി സൗഹൃദപരമാക്കാൻ സംസ്ഥാന സർക്കാർ തയാറാകണമെന്നും പ്രവാസി വെൽഫെയർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.