കൊച്ചിയിലേക്ക് നേരിട്ട് സർവിസില്ല; പ്രവാസികളെ ചാർട്ടർ വിമാനങ്ങളിൽ തളച്ചിട്ട് എയർലൈൻ കമ്പനി

മനാമ: ബഹ്‌റൈനിലെ മലയാളി പ്രവാസികളുടെ യാത്രാദുരിതത്തിന് അറുതിയാകുന്നില്ല. കൊച്ചി ഉൾപ്പെടെയുള്ള ദക്ഷിണേഷ്യൻ നഗരങ്ങളിലേക്ക് പ്രമുഖ എയർലൈൻ താൽക്കാലിക സർവീസുകൾ പ്രഖ്യാപിച്ചെങ്കിലും, കൊച്ചി സെക്ടറിൽ ഏപ്രിൽ 30 വരെ നേരിട്ടുള്ള ബുക്കിങ് അനുവദിക്കാത്തത് യാത്രക്കാരെ വലയ്ക്കുന്നു. മുംബൈ, ചെന്നൈ, ഡൽഹി തുടങ്ങിയ ഇന്ത്യൻ നഗരങ്ങളിലേക്കും ലാഹോർ, ഇസ്ലാമാബാദ്, ധാക്ക തുടങ്ങിയ അയൽ രാജ്യ നഗരങ്ങളിലേക്കും ഈ മാസം തന്നെ നേരിട്ട് ടിക്കറ്റ് എടുക്കാൻ സാധിക്കുമ്പോഴാണ്, ഏറ്റവും കൂടുതൽ യാത്രക്കാരുള്ള കൊച്ചിയെ മാത്രം എയർലൈൻ അവഗണിക്കുന്നത്.

നിലവിൽ ഏപ്രിൽ 30 വരെ കൊച്ചിയിലേക്ക് ചാർട്ടർ ഫ്ലൈറ്റുകൾ മാത്രമാണ് കമ്പനി അനുവദിച്ചിരിക്കുന്നത്. സാമൂഹിക സംഘടനകളും ട്രാവൽ ഏജൻസികളും ചാർട്ടർ വിമാനങ്ങൾ ഒരുക്കാൻ തയ്യാറാകുന്നത് എയർലൈൻ കമ്പനിക്ക് കാര്യങ്ങൾ എളുപ്പമാക്കുന്നുവെന്നാണ് യാത്രക്കാരുടെ പരാതി. കൊച്ചിയിലേക്ക് നേരിട്ട് സർവീസ് നടത്താൻ ആവശ്യത്തിന് യാത്രക്കാരുണ്ടായിട്ടും, കൂടുതൽ ലാഭം ലക്ഷ്യമിട്ട് ചാർട്ടർ ഫ്ലൈറ്റുകളെ മാത്രം പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് കമ്പനി സ്വീകരിക്കുന്നത്. ഏപ്രിൽ 17 മുതൽ 29 വരെ കൊച്ചിയിൽ നിന്ന് ദമ്മാമിലേക്ക് നേരിട്ട് ബുക്കിംഗ് സ്വീകരിക്കുന്നുണ്ട് എന്നത് കൊച്ചിയിലേക്കുള്ള വിമാനത്തിന്‍റെ ലഭ്യത ഉറപ്പാക്കുന്നുണ്ടെങ്കിലും, ബഹ്‌റൈനിൽ നിന്നുള്ള യാത്രക്കാർക്ക് ഈ സൗകര്യം നിഷേധിക്കപ്പെടുകയാണ്.

ഇന്ത്യയിലെ മറ്റ് നഗരങ്ങളിലേക്ക് നേരിട്ടുള്ള സർവീസുകൾ തുടരുമ്പോഴും കേരളത്തോടുള്ള ഈ വിവേചനത്തിൽ പ്രവാസികൾക്കിടയിൽ വലിയ പ്രതിഷേധം ഉയരുന്നുണ്ട്. നേരത്തെ മാർച്ചിലും ഏപ്രിലിലും കൊച്ചിയിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്തവരോട് മറ്റ് സെക്ടറുകൾ വഴി യാത്ര ചെയ്യാൻ കമ്പനി നിർദ്ദേശിക്കുന്നതായും റിപ്പോർട്ടുകളുണ്ട്. കൊച്ചിയിലേക്ക് വിമാനങ്ങൾ പോകുന്നുണ്ടായിട്ടും യാത്രക്കാരെ മറ്റ് നഗരങ്ങളിലേക്ക് തിരിച്ചുവിടുന്നത് പ്രതിഷേധാർഹമാണ്. അത്യാവശ്യമായി നാട്ടിലെത്തേണ്ടവർ വൻതുക നൽകി ചാർട്ടർ വിമാനങ്ങളെ ആശ്രയിക്കേണ്ട ഗതികേടിലാണിപ്പോൾ.

വരും ദിവസങ്ങളിൽ യാത്രക്കാർ ചാർട്ടർ വിമാനങ്ങളോട് സഹകരിക്കാതിരുന്നാൽ മാത്രമേ കമ്പനി നേരിട്ടുള്ള സർവീസിന് തയ്യാറാവുകയുള്ളൂ എന്ന് ചില സാമൂഹിക പ്രവർത്തകർ അഭിപ്രായപ്പെടുന്നുണ്ടെങ്കിലും, അടിയന്തര സാഹചര്യങ്ങളുള്ള യാത്രക്കാർ എന്തുചെയ്യുമെന്ന ചോദ്യം അവശേഷിക്കുന്നു.

Tags:    
News Summary - No direct service to Kochi; Airline company forces expatriates to board charter flights

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.