ഐ.സി.സി ക്രിയോ ക്രിക്കറ്റ് ടൂർണമെന്റിൽ പങ്കെടുത്ത എൻ.എം.എസ് വിദ്യാർഥിനികൾ
മനാമ: കായികക്ഷമതയുടെയും ടീം വർക്കിന്റെയും മികച്ച പ്രദർശനവുമായി ന്യൂ മില്ലേനിയം സ്കൂൾ ഐ.സി.സിയുടെ 'ക്രിയോ' ക്രിക്കറ്റ് ടൂർണമെൻറിന് ആതിഥേയത്വം വഹിച്ചു. ഐ.സി.സി വനിത ക്രിക്കറ്റ് വാരം 2025ന്റെ ഭാഗമായി ബഹ്റൈൻ ക്രിക്കറ്റ് ഫെഡറേഷനുമായി സഹകരിച്ചാണ് എൻ.എം.എസ് ടൂർണമെൻറ് സംഘടിപ്പിച്ചത്.
48 വിദ്യാർഥിനികൾ എട്ട് ടീമുകളായി തിരിഞ്ഞ് മത്സരത്തിൽ പങ്കെടുത്തു. സ്കൂളിലെ കായിക വിദ്യാഭ്യാസ ടീമിന്റെ പരിശീലനത്തിലും പിന്തുണയിലുമെത്തിയ ടീമുകൾ, മികച്ച ഫീൽഡിങ്, അച്ചടക്കമുള്ള ബൗളിങ്, പരിമിത ഓവർ ക്രിക്കറ്റിനോടുള്ള ആവേശകരമായ സമീപനം എന്നിവ പ്രകടിപ്പിച്ചു. ടൂർണമെൻറിലുടനീളം കളിക്കാർ കാണിച്ച മികച്ച പ്രകടനത്തെ പരിശീലകരും സംഘാടകരും പ്രശംസിച്ചു.
ഈ ടൂർണമെൻറിൽ വിജയിച്ച ടീം മറ്റ് സ്കൂൾ ടീമുകളുമായി മത്സരിക്കുന്ന വരാനിരിക്കുന്ന ടൂർണമെൻറിൽ പങ്കെടുക്കും. ക്രിക്കറ്റ് കളത്തിലിറങ്ങിയ പെൺകുട്ടികളിൽ സ്കൂളിന് വളരെയധികം അഭിമാനമുണ്ടെന്ന് സ്കൂൾ പ്രിൻസിപ്പൽ ഡോ. അരുൺ കുമാർ ശർമ പറഞ്ഞു. ടൂർണമെൻറ് ആതിഥേയത്വത്തിന് അവസരം നൽകിയതിന് അദ്ദേഹം ബി.സി.എഫിനും ഐ.സി.സിക്കും നന്ദി അറിയിച്ചു. ചെയർമാൻ ഡോ. രവി പിള്ളയും മാനേജിങ് ഡയറക്ടർ ഗീത പിള്ളയും പരിപാടിയിലെ പങ്കാളിത്തത്തിനും ബഹ്റൈനിലെ വനിതാ കായികരംഗത്തെ പ്രോത്സാഹിപ്പിച്ചതിനും കുട്ടികളെ അഭിനന്ദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.