അപ്ലൈഡ് സയൻസ് യൂനിവേഴ്സിറ്റിയിൽ പുതുതായി തെരഞ്ഞെടുത്ത വിദ്യാർഥി കൗൺസിൽ അംഗങ്ങൾ
മനാമ: അപ്ലൈഡ് സയൻസ് യൂനിവേഴ്സിറ്റിയിൽ പുതുതായി തെരഞ്ഞെടുത്ത വിദ്യാർഥി കൗൺസിലിന് സ്വീകരണം നൽകി. എ.എസ്.യു ബോർഡ് ഓഫ് ട്രസ്റ്റീസ് ചെയർമാൻ പ്രഫ. വഹീബ് അൽ ഖാജ തെരഞ്ഞെടുക്കപ്പെട്ട 19ാമത് സ്റ്റുഡന്റ് കൗൺസിലിനെ ഔദ്യോഗിക യോഗത്തിൽ സ്വാഗതം ചെയ്തു. യൂനിവേഴ്സിറ്റി പ്രസിഡന്റ് പ്രഫ. ഹാതിം മസ്രി, യൂനിവേഴ്സിറ്റി മാനേജ്മെന്റിലെ മുതിർന്ന അംഗങ്ങൾ എന്നിവരും കൂടിക്കാഴ്ചയിൽ പങ്കെടുത്തു. വിദ്യാർഥികളുമായുള്ള ആശയവിനിമയം ശക്തിപ്പെടുത്തുന്നതിനും അക്കാദമിക് ജീവിതത്തെ രൂപപ്പെടുത്തുന്നതിൽ അവരുടെ പ്രതിനിധികളെ സജീവമായി പങ്കാളികളാക്കുന്നതിനും യൂനിവേഴ്സിറ്റി നൽകുന്ന പ്രാധാന്യം യോഗം അടിവരയിട്ടു.
യൂനിവേഴ്സിറ്റി അന്തരീക്ഷം വികസിപ്പിക്കുന്നതിൽ പ്രധാന പങ്കാളിയെന്ന നിലയിൽ സ്റ്റുഡന്റ് കൗൺസിലിന്റെ നിർണായക സംഭാവനകളെ പ്രഫ. വഹീബ് അൽ ഖാജ പ്രശംസിച്ചു. കൗൺസിൽ അംഗങ്ങളെ അഭിനന്ദിച്ച അദ്ദേഹം, യൂനിവേഴ്സിറ്റി ഐഡന്റിറ്റി ശക്തിപ്പെടുത്തുന്നതിനും വിദ്യാർഥികളിൽ കൂട്ടായ്മയുടെ ബോധം വളർത്തുന്നതിനും ടീമായി പ്രവർത്തിക്കാൻ അവരെ പ്രോത്സാഹിപ്പിച്ചു. വിദ്യാർഥികൾക്ക് പങ്കെടുക്കാനും സ്വാധീനിക്കാനുമുള്ള അവസരം നൽകുന്നതിലൂടെയാണ് ഭാവി നേതാക്കളെ വളർത്താൻ കഴിയുന്നതെന്ന് എ.എസ്.യു വിശ്വസിക്കുന്നു. സ്റ്റുഡന്റ് കൗൺസിൽ ഈ പങ്കിന്റെ ഒരു മാതൃകയാണ്.
കാമ്പസ് ജീവിതവും കമ്യൂണിറ്റി ഇടപെടലും മെച്ചപ്പെടുത്താനുള്ള ഞങ്ങളുടെ ശ്രമങ്ങളുടെ ഭാഗമായി കൗൺസിലിനെ പിന്തുണക്കുന്നതിൽ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണെന്നും അദ്ദേഹം പറഞ്ഞു. തൊഴിൽവിപണിയിൽ മത്സരിക്കാനും ദേശീയവികസനത്തിന് സംഭാവന നൽകാനും കഴിവുള്ള ബിരുദധാരികളെ സജ്ജരാക്കുക എന്ന യൂനിവേഴ്സിറ്റിയുടെ കാഴ്ചപ്പാടിന് അനുസൃതമായി വിദ്യാർഥികളുടെ നേതൃത്വപരമായ കഴിവുകൾ വികസിപ്പിക്കുന്നത് തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സഹപാഠികളെ ഉത്തരവാദിത്തത്തോടെ സേവിക്കുന്നതിനും അവരെ ഫലപ്രദമായി പ്രതിനിധീകരിക്കുന്നതിനും തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്ന് കൗൺസിൽ അംഗങ്ങൾ യൂനിവേഴ്സിറ്റി നേതൃത്വത്തോട് നന്ദി അറിയിച്ചു. ഈ അക്കാദമിക് വർഷത്തിലെ വിദ്യാർഥി നേതൃത്വത്തിലുള്ള പുതിയ സംരംഭങ്ങൾക്ക് ഈ കൂടിക്കാഴ്ച തുടക്കമിടും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.