മനാമ: വാറ്റ് നിയമ വ്യവസ്ഥകൾ നടപ്പാക്കാനുള്ള തങ്ങളുടെ നിരന്തരമായ പ്രതിബദ്ധതയുടെ ഭാഗമായി, നികുതിവെട്ടിപ്പുമായി ബന്ധപ്പെട്ട നിരവധി കേസുകൾ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി നാഷനൽ ബ്യൂറോ ഫോർ റവന്യൂ (എൻ.ബി.ആർ) അറിയിച്ചു. 1.6 ലക്ഷം ദീനാറിലധികം വരുന്ന നികുതിവെട്ടിപ്പ് കേസുകളാണ് കൈമാറിയത്.
നികുതി ചുമത്തുന്ന സാധനങ്ങളുടെയും സേവനങ്ങളുടെയും വിതരണവുമായി ബന്ധപ്പെട്ട് എൻ.ബി.ആറിന് നൽകേണ്ട തുക നൽകാത്ത കേസുകളാണ് ഇവ. വാറ്റ് നിയമത്തിലെ ആർട്ടിക്കിൾ 63 ക്ലോസ് 2 അനുസരിച്ചാണ് ഈ കേസുകൾ കൈമാറിയത്. വാറ്റ് രജിസ്റ്റർ ചെയ്ത നിരവധി സ്ഥാപനങ്ങൾ ഉപഭോക്താക്കളിൽനിന്ന് നികുതി ചുമത്തുന്ന സാധനങ്ങൾക്കും സേവനങ്ങൾക്കും വാറ്റ് പിരിച്ചെടുക്കുകയും എൻ.ബി.ആറിന് നൽകേണ്ട റിട്ടേണുകളിൽ ഈ തുക രേഖപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാൽ, സമയപരിധിയായ 120 ദിവസം കഴിഞ്ഞിട്ടും ഈ തുക അടക്കാത്തതിനാലാണ് കേസ്.
വാറ്റ് റിട്ടേൺ സമർപ്പിക്കാതിരിക്കുകയും നിയമപരമായ സമയപരിധി കഴിഞ്ഞ് 120 ദിവസത്തിനുള്ളിൽ തുക അടക്കാതിരിക്കുകയും ചെയ്യുന്നത് വാറ്റ് വെട്ടിപ്പ് കുറ്റമാണെന്ന് എൻ.ബി.ആർ ഊന്നിപ്പറഞ്ഞു. ഇതിന് അഞ്ച് വർഷം വരെ തടവും വെട്ടിപ്പ് നടത്തിയ തുകയുടെ മൂന്നിരട്ടി വരെ പിഴയും ലഭിക്കാം. കൂടാതെ, വാറ്റ് നിയമത്തിലെ ആർട്ടിക്കിൾ 64 അനുസരിച്ച്, ഒരു നിയമപരമായ സ്ഥാപനത്തിന് വെട്ടിപ്പ് നടത്തിയ വാറ്റ് തുകയുടെ ആറിരട്ടി പിഴ ചുമത്താവുന്നതാണ്.
ഈ വർഷം ആദ്യ പകുതിയിൽ വാറ്റ്, എക്സൈസ് നിയമങ്ങൾ ബിസിനസുകാർ പാലിക്കുന്നുണ്ടോ എന്നറിയാൻ എന്.ബി.ആർ 724 പരിശോധനകൾ നടത്തുകയും 71 നിയമ ലംഘനങ്ങൾ കണ്ടെത്തുകയും ചെയ്തിരുന്നു. ഏതെങ്കിലും നിയമലംഘനങ്ങൾ ശ്രദ്ധയിൽപെട്ടാൽ 80008001 എന്ന നമ്പറിൽ കാൾ സെന്ററുമായി ബന്ധപ്പെടുകയോ അല്ലെങ്കിൽ ദേശീയ നിർദേശങ്ങളും പരാതികളും രേഖപ്പെടുത്തുന്നതിനുള്ള സിസ്റ്റമായ തവാസുൽ വഴി അറിയിക്കുകയോ ചെയ്യണമെന്ന് എന്.ബി.ആർ ജനങ്ങളോട് അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.