മനാമ: നാഷനൽ ആക്ഷൻ ചാർട്ടർ രാജ്യത്തിന് കരുത്തും കെട്ടുറപ്പും നൽകിയെന്ന് കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭ യോഗം വിലയിരുത്തി. രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫക്കും ബഹ്റൈൻ ജനതക്കും ഈയവസരത്തിൽ കാബിനറ്റ് ആശംസകൾ നേരുകയും ചെയ്തു.
വിവിധ മേഖലകളിൽ രാജ്യം കൈവരിച്ച നേട്ടവും പുരോഗതിയും കൂടുതൽ ശക്തമായി തുടരാനും പുതിയ മേഖലകളിലേക്ക് പ്രവേശിക്കാനും ചാർട്ടർ വഴി സാധ്യമായതായും വിലയിരുത്തി. ബഹ്റൈൻ സായുധസേനയുടെ കീഴിലുള്ള കോബ്ര ഇസഡ് വിമാനം, ഖാലിദ് ബിൻ അലി സൈനിക കപ്പൽ എന്നിവയുടെ സമർപ്പണ ചടങ്ങുകൾ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുടെ രക്ഷാധികാരത്തിൽ നടന്നത് ബഹ്റൈൻ ഡിഫൻസ് ഫോഴ്സിന്റെ ആധുനീകരണത്തിന് ആക്കംകൂട്ടുമെന്നും കാബിനറ്റ് അഭിപ്രായപ്പെട്ടു.
ബഹ്റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ, സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് മുഹമ്മദ് ബിൻ സൽമാൻ ബിൻഅബ്ദുൽ അസീസ് ആൽ സുഊദ് എന്നിവരുടെ നേതൃത്വത്തിൽ നടന്ന സൗദി-ബഹ്റൈൻ സംയുക്ത കർമസമിതി മൂന്നാമത് യോഗം ഇരുരാജ്യങ്ങൾക്കുമിടയിൽ കൂടുതൽ ശക്തമായ സഹകരണം വിവിധ മേഖലകളിൽ രൂപപ്പെടുന്നതിന് കാരണമാകുമെന്ന് വിലയിരുത്തി.
ബി.ഡി.എഫ് സൈനികൻ ക്യാപ്റ്റൻ അബ്ദുല്ല റാഷിദ് അന്നുഐമിയുടെ രക്തസാക്ഷിത്വത്തിൽ കാബിനറ്റ് അനുശോചനം നേർന്നു. സോമാലിയയിൽ നടന്ന സൈനിക പരേഡിനിടയിൽ തീവ്രവാദികളുടെ ആക്രമണത്തിലായിരുന്നു ഇദ്ദേഹത്തിന്റെ വീരമൃത്യു. ബി.ഡി.എഫ് സൈനികർക്കും കമാണ്ടർമാർക്കും സൈനികന്റെ സഹപ്രവർത്തകർക്കും കുടുംബാംഗങ്ങൾക്കും കാബിനറ്റ് അനുശോചനമറിയിച്ചു.
കാർഷിക, കന്നുകാലി, മത്സ്യ സമ്പദ് മേഖലകളിൽ കിർഗിസ്താനും ബഹ്റൈനും തമ്മിൽ സഹകരണക്കരാറിൽ ഒപ്പുവെക്കുന്നതിനുള്ള നിർദേശത്തിന് അംഗീകാരമായി. 2023ലെ അടിസ്ഥാന സൗകര്യം, വികസന പദ്ധതികളെക്കുറിച്ചുള്ള സംയുക്ത റിപ്പോർട്ട് മന്ത്രിസഭയിൽ അവതരിപ്പിക്കുകയും പാർപ്പിട പദ്ധതികൾക്ക് കൂടുതൽ ഗതിവേഗം വേണമെന്ന് നിർദേശിക്കുകയും ചെയ്തു. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ അധ്യക്ഷതയിൽ ഗുദൈബിയ പാലസിലായിരുന്നു കാബിനറ്റ് യോഗം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.