സന്ധ്യ ജയരാജ്‌ 

സന്ധ്യ ജയരാജിന്‍റെ സംവിധാനത്തിൽ നരേന്ദ്രപ്രസാദിന്‍റെ "സൗപർണിക’ അരങ്ങിലേക്ക്

മനാമ: പ്രശസ്ത നടനും നാടകകൃത്തുമായിരുന്ന പ്രൊഫസർ ആർ നരേന്ദ്രപ്രസാദിൻ്റെ "സൗപർണിക" എന്ന പ്രശസ്ത നാടകം ബഹ്റൈനിലെ കലാകാരിയായ സന്ധ്യ ജയരാജിൻ്റെ സംവിധാനത്തിൽ അരങ്ങിലെത്തുന്നു. ഈ മാസം 26 ന് വെള്ളിയാഴ്ച വൈകുന്നേരം 7:30 ന് ബഹ്റൈൻ കേരളീയ സമാജം ഓഡിറ്റോറിയത്തിലാണ് സ്കൂൾ ഓഫ് ഡ്രാമയുടെ സഹകരണത്തോടെ നാടകം അരങ്ങേറുന്നത്. ആലപ്പുഴ ജില്ലയിലെ മാവേലിക്കര സ്വദേശിയായ സന്ധ്യ ജയരാജ്‌ കഴിഞ്ഞ പതിനൊന്ന് വർഷമായി ബഹ്‌റൈനിൽ പ്രവാസിയാണ്. സിനിമ, ഷോർട്ട് ഫിലിം, നാടകം എന്നീ രംഗങ്ങളിൽ സജീവമായി പ്രവർത്തിച്ചു വരുന്ന കലാകാരിയാണ് സന്ധ്യ ജയരാജ്.

നിരവധി മ്യൂസിക്കൽ ആൽബങ്ങൾ സംവിധാനം ചെയ്തിട്ടുള്ളതോടൊപ്പം അവയുടെ തിരക്കഥാ രചനയും നിർവഹിച്ചിട്ടുണ്ട്. നാടകവേദിയിൽ അഭിനേത്രിയായും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച സന്ധ്യ ജയരാജ്‌, "കാന്താരിപൊന്നു" എന്ന ഒരു നാടകം നേരത്തേ സംവിധാനം ചെയ്തിട്ടുമുണ്ട്. സന്ധ്യ ബഹ്റൈനിൽ ആദ്യമായി നാടകരംഗത്തേക്ക് കടന്നുവന്നത് പ്രശാന്ത് നാരായണൻ്റെ നാടക ക്യാമ്പിലൂടെയാണ്. അതിനുശേഷം മനോഹരൻ പാവറട്ടിയുടെ “വായാടി കുന്ന് പി ഒ ”എന്ന നാടകത്തിൽ അഭിനയിച്ചു. പിന്നീട് ബേബി കുട്ടൻ മാഷിന്റെ നിരവധി നാടകങ്ങളിലും അഭിനയിക്കാനുള്ള അവസരം സന്ധ്യക്ക് ലഭിച്ചു. എല്ലാം പ്രധാന കഥാപാത്രങ്ങളായിരുന്നു. മികച്ച സംവിധായകരുടെ കൂടെ പ്രവർത്തിക്കാനും വിവിധ പ്രധാന വേഷങ്ങൾ അവതരിപ്പിക്കാനും കഴിഞ്ഞത് സന്ധ്യയുടെ നാടകയാത്രയെ കൂടുതൽ സമ്പന്നമാക്കി. കൂടാതെ അഭിനയരംഗത്ത് കൂടുതൽ പഠിക്കാനും വളരാനും വിവിധ ആക്ടിംഗ് വർക്ക്ഷോപ്പുകളിലും പങ്കെടുത്തിട്ടുണ്ട്.

ബി.എം.സിയിൽ നടത്തിയ സജീവ് നമ്പ്യാത്തിന്റെ ആക്ടിംഗ് വർക്ക്ഷോപ്പിലും സാംകുട്ടി മാഷിന്റെ വർക്ക്ഷോപ്പുകളിലും ഒന്നിലധികം തവണ പങ്കെടുക്കാൻ സന്ധ്യക്ക് അവസരം ലഭിച്ചു. ജയ മേനോൻ്റെയും പ്രകാശ് വടകരയുടേയും നേതൃത്വത്തിൽ ബഹ്റൈനിൽ പുറത്തിറക്കിയ ആന്തോളജി മൂവിയായ "ഷെൽട്ടറിൽ" സന്ധ്യ അഭിനയിച്ചിട്ടുണ്ട്. സന്ധ്യയുടെ ഭർത്താവ് ജയരാജ് ബഹ്റൈനിൽ ഒരു സ്വകാര്യ കമ്പനിയിൽ ഫിനാൻസ് ഹെഡ് ആണ്. മക്കളായ സിദ്ധാർത്ഥ് ജയരാജ്, ധിമഹി ജയരാജ് എന്നിവർ ബഹ്റൈൻ ഏഷ്യൻ സ്കൂളിൽ പഠിക്കുന്നു.

ധിമഹി പ്രൊഡക്ഷൻസിന്റെ ബാനറിലാണ് "സൗപർണിക" അവതരിപ്പിക്കുന്നത്. പ്രണയവും വിരഹവും കാത്തിരിപ്പും അതീന്ദ്രിയതയും ഇഴചേർന്ന വികാരസാന്ദ്രമായ കഥയാണ് ഈ നാടകത്തിൻ്റേത്. പ്രമുഖ നാടക സംവിധായകരുടേയും അഭിനേതാക്കളുടേയും കൂടെ പ്രവർത്തിക്കാനും അവരിൽ നിന്ന് പഠിക്കാനും കഴിഞ്ഞതാണ് തൻ്റെ കലാജീവിതത്തിലെ ഭാഗ്യമെന്ന് സന്ധ്യ ജയരാജ് പറഞ്ഞു.

Tags:    
News Summary - Narendraprasad’s ‘Sauparnika’ Set to Stage Under Sandhya Jayaraj’s Direction

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.