2024-ൽ ബഹ്റൈനിലേക്ക് എത്തിയത് 2.5 ബില്യൺ ഡോളറിന്റെ വിദേശ നിക്ഷേപം
മനാമ: 2024-ൽ ബഹ്റൈനിലേക്കെത്തിയത് 2.5 ബില്യൺ ഡോളറിന്റെ വിദേശ നിക്ഷേപമെന്ന് സർക്കാർ. ഇതോടെ ആകെ വിദേശ നിക്ഷേപത്തിന്റെ മൂല്യം ഏകദേശം 45.9 ബില്യൺ ഡോളറായി ഉയർന്നു.
മന്ത്രി ഘാനിം അൽ ബുഐനൈൻ പാർലമെന്റിൽ സമർപ്പിച്ച മറുപടിയിലാണ് ഈ കണക്കുകൾ പുറത്തുവിട്ടത്. പ്രാദേശിക നിക്ഷേപങ്ങൾ ആകർഷിക്കുന്നതിനും സർക്കാർ കമ്പനികളുടെയും നിക്ഷേപ ഫണ്ടുകളുടെയും പങ്ക് ശക്തിപ്പെടുത്തുന്നതിനുമുള്ള നയങ്ങൾ രൂപീകരിക്കുന്നതിനുള്ള നിർദ്ദേശത്തെ സർക്കാർ പിന്തുണയ്ക്കുന്നതായി അദ്ദേഹം വ്യക്തമാക്കി. മൊത്തം വിദേശ നിക്ഷേപ ഓഹരിയുടെ ഏകദേശം 60 ശതമാനവും ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ളതാണെന്നും സേവനം, ധകാര്യം, വ്യവസായം, റിയൽ എസ്റ്റേറ്റ്, ഇൻഫർമേഷൻ ടെക്നോളജി തുടങ്ങിയ മേഖലകളിലാണ് പ്രധാന നിക്ഷേപങ്ങളും കേന്ദ്രീകരിച്ചിരിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു. വാണിജ്യ-സാമ്പത്തിക നിയമങ്ങളിലെ പരിഷ്കാരങ്ങൾ, ബിസിനസ് നടപടിക്രമങ്ങൾ ലഘൂകരിക്കൽ, സിജിലാത്ത്, ബിദായത്ത് തുടങ്ങിയ ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ എന്നിവ നിക്ഷേപങ്ങളെ ഏറെ സഹായിച്ചിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. ഗേറ്റ്വേ ഗൾഫ് 2024 ഫോറത്തിനിടയിൽ 12 ബില്യൺ ഡോളറിലധികം വിലമതിക്കുന്ന കരാറുകൾ പ്രഖ്യാപിച്ചിരുന്നു.
മൂന്ന് വർഷത്തിലധികം പുതുക്കാതെ കിടക്കുന്ന വാണിജ്യ രജിസ്ട്രേഷനുകൾ പുനസ്ഥാപിക്കുന്നതിനുള്ള 500 ദിനാറിന്റെ വാർഷിക പിഴ ഒഴിവാക്കണമെന്ന നിർദ്ദേശം സർക്കാർ തള്ളിക്കളഞ്ഞു. നിയമങ്ങൾ പാലിക്കാൻ ബിസിനസുകളെ പ്രോത്സാഹിപ്പിക്കുന്നതിനാണ് ഈ ഫീസെന്ന് മന്ത്രി വ്യക്തമാക്കി. കൃത്യസമയത്ത് സി.ആർ പുതുക്കുന്ന വ്യാപാരികൾക്ക് ഈ പിഴ ബാധകമല്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.