മുനിസിപ്പൽ കൗൺസിലിന്റെ കാലാവധിയുടെ അവസാന യോഗത്തിൽനിന്ന്
മനാമ: രാജ്യത്തെ ചരിത്രപ്രാധാന്യമുള്ള ഗവർണറേറ്റായ മുഹറഖിനെ നവീകരിക്കാനൊരുങ്ങുന്നു. അടിസ്ഥാന സൗകര്യങ്ങൾ തുടങ്ങി പ്രദേശത്തിന്റെ വാസ്തു വിദ്യ, സംസ്കാരം, പൈതൃകം എന്നിവയുടെ സ്വത്വം സംരക്ഷിക്കുക എന്നിവ ലക്ഷ്യമിട്ടാണ് നവീകരിക്കുന്നത്. പൈതൃക കെട്ടിടങ്ങളെയും വസ്തുവഹകളെയും സംരക്ഷിക്കുക എന്നതിനൊപ്പം ജീവിതക്ഷമത വർധിപ്പിക്കുന്നതിനായും രൂപകൽപന ചെയ്ത നിരവധി പദ്ധതികളാണ് നടപ്പാക്കുന്നതെന്ന് മുഹറഖ് മുനിസിപ്പൽ കൗൺസിൽ ചെയർമാൻ അബ്ദുൽ അസീസ് അൽ നാർ സ്ഥിരീകരിച്ചു.
മുഹറഖിന്റെ നവീകരണത്തിൽ നമ്മൾ ഒരു നിർണായക ഘട്ടത്തിലേക്ക് കടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഈസ അൽ കബീർ കൊട്ടാരത്തിന്റെ പുനർനിർമാണമാണ് പ്രധാന പദ്ധതികളിലൊന്ന്. നഗരത്തിന്റെ ചരിത്ര പ്രാധാന്യത്തെ അതേപോലെ നിലനിർത്താൻ ലക്ഷ്യമിട്ടാണ് അൽ കബീർ കൊട്ടാരത്തിന്റെയും സമാനമായ മറ്റു സംരംഭങ്ങളുടെയും നവീകരണമെന്ന് അബ്ദുൽ അസീസ് അൽ നാർ കൂട്ടിച്ചേർത്തു. സമയബന്ധിതമായും മികച്ച രീതിയിലും പദ്ധതി നടപ്പാക്കാൻ കൗൺസിൽ അതുമായി ബന്ധപ്പെട്ട സർക്കാർ സ്ഥാപനങ്ങളുമായി ഏകോപനത്തോടെ തന്നെ പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
തെരുവുവിളക്കുകൾ സ്ഥാപിക്കുക, പുതിയ പാർക്കിങ് നിർമാണം, ഹരിത ഇടങ്ങളുടെ വിസ്തൃതി വർധിപ്പിക്കുക, പൊതു സൗകര്യങ്ങൾ മെച്ചപ്പെടുത്തൽ, തിരഞ്ഞെടുത്ത റസിഡൻഷ്യൽ മേഖലകളിൽ അടിസ്ഥാന സൗകര്യങ്ങൾ നവീകരിക്കുക എന്നിവയാണ് പദ്ധതിയുടെ ഭാഗമായി പൂർത്തിയാക്കുക. വിശാലമായ ദേശീയ നഗര വികസന തന്ത്രവുമായി പൊരുത്തപ്പെടാൻ മുനിസിപ്പൽ കൗൺസിൽ പ്രതിജ്ഞാബദ്ധമാണെന്ന് മിസ്റ്റർ അൽ നാർ വ്യക്തമാക്കി. മുനിസിപ്പൽ കൗൺസിലിന്റെ കാലാവധിയുടെ അവസാന യോഗത്തിലാണ് പദ്ധതിയെക്കുറിച്ച് വിശദീകരിച്ചത്.
യോഗത്തിൽ മുനിസിപ്പാലിറ്റി കാര്യ, കൃഷി മന്ത്രി വഈൽ അൽ മുബാറക് പങ്കെടുത്തു. ബഹ്റൈൻ മുനിസിപ്പൽ ബോഡികൾ സ്വീകരിച്ച സഹകരണ സമീപനത്തെ മന്ത്രി പ്രശംസിച്ചു. മന്ത്രാലയത്തിലെ മുനിസിപ്പൽ അഫയേഴ്സ് അണ്ടർ സെക്രട്ടറി ശൈഖ് മുഹമ്മദ് ബിൻ അഹമ്മദ് അൽ ഖലീഫയും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. മുഹറഖ്, നോർതേൺ, സതേൺ, ക്യാപിറ്റൽ ട്രസ്റ്റീസ് ബോർഡ് എന്നീ നാല് മുനിസിപ്പൽ ബോഡികൾ സമർപ്പിച്ച എല്ലാ നിർദേശങ്ങളും മന്ത്രാലയം ഗൗരവത്തോടെയും പ്രതിബദ്ധതയോടെയും അവലോകനം ചെയ്യുന്നുവെന്ന് അൽ മുബാറക് ഊന്നിപ്പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.